30 വര്‍ഷംമുമ്പ് സാന്‍ട്രോയില്‍ തുടങ്ങി, ഇന്ത്യയില്‍ 90 ലക്ഷം കുടുംബങ്ങളുടെ വിശ്വാസംനേടി ഹ്യുണ്ടായി

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാസഞ്ചര്‍ വാഹന നിര്‍മാതാക്കള്‍ എന്ന ഖ്യാതി പതിറ്റാണ്ടുകളായി സ്വന്തം പേരിനൊപ്പം വഹിക്കുന്ന വാഹന നിര്‍മാതാക്കളാണ് ഹ്യുണ്ടായി. വലിയ വാഹനനിരയുടെ പിന്‍ബലത്തോടെ ഇന്ത്യന്‍ നിരത്തുകളില്‍ സാന്നിധ്യമുറപ്പിച്ചിട്ടുള്ള ഈ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ പുതിയൊരു വില്‍പ്പന നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ആഭ്യന്തര വിപണിയില്‍ 90 ലക്ഷം വാഹനങ്ങളുടെ വില്‍പ്പന പൂര്‍ത്തിയാക്കിയതാണ് ഹ്യുണ്ടായിയുടെ പുതിയ നേട്ടം.
ഏപ്രില്‍ മാസത്തിലെ വാഹന വില്‍പ്പന കൂടി രേഖപ്പെടുത്തിയതോടെയാണ് ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി ഈ നേട്ടം കൈവരിച്ചത്. ഏപ്രില്‍ മാസത്തില്‍ 60,774 യൂണിറ്റിന്റെ വില്‍പ്പനയാണ് ഹ്യുണ്ടായിക്ക് ലഭിച്ചത്. ഇതില്‍ ആഭ്യന്തര വിപണിയില്‍ 44,374 വാഹനങ്ങള്‍ വിറ്റഴിച്ചപ്പോള്‍, 16,400 യൂണിറ്റുകള്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തവയാണ്. 2024 ഏപ്രില്‍ മാസത്തിലെ വില്‍പ്പനയുമായി തട്ടിച്ച് നോക്കുമ്പോള്‍ 21 ശതമാനത്തിന്റെ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഹ്യുണ്ടായിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ 2025 മെയ് ആറാം തീയതി ആകുന്നതോടെ 30-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 1996-ല്‍ സാന്‍ട്രോ എന്ന ഹാച്ച്ബാക്ക് മോഡലില്‍ നിന്ന് ആരംഭിച്ച യാത്രയാണ് ഇന്ന് 90 ലക്ഷം വാഹനങ്ങളുടെ വില്‍പ്പനയില്‍ എത്തി നില്‍ക്കുന്നത്. ഹാച്ച്ബാക്ക്, സെഡാന്‍, എസ്‌യുവി, ഇലക്ട്രിക് എസ്‌യുവി തുടങ്ങി വിവിധ ശ്രേണികളിലായി 14 മോഡലുകളാണ് ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഇതില്‍ തന്നെ കരുത്തുറ്റ എസ്‌യുവി നിരയാണ് ഹ്യുണ്ടായിയുടെ മുതല്‍കൂട്ട്.
നൂതനമായ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വാഹനങ്ങളാണ് ഹ്യുണ്ടായിയില്‍ നിന്ന് നിരത്തുകളില്‍ എത്തുന്നത്. ഇത് വില്‍പ്പനയില്‍ പ്രതിഫലിക്കാറുണ്ടെന്നാണ് നിര്‍മാതാക്കള്‍ അഭിപ്രായപ്പെടുന്നത്. ഈ കലണ്ടര്‍ വര്‍ഷത്തില്‍ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള പാദത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 16.2 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. മഹാരാഷ്ട്രയിലെ തലേഗാവ് പ്ലാന്റില്‍ നിന്നുള്ള വാഹന നിര്‍മാണവും ഈ വര്‍ഷം ആരംഭിക്കാനിരിക്കുകയാണ്.
ഇന്ത്യന്‍ നിര്‍മിത വാഹനങ്ങളുടെ കയറ്റുമതിയും ഹ്യുണ്ടായിക്ക് നിരവധി നേട്ടങ്ങളാണ് സമ്മാനിക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ, മെയ്ഡ് ഫോര്‍ ദി വേള്‍ഡ് എന്ന ആശയം ഉള്‍ക്കൊണ്ടാണ് ഹ്യുണ്ടായിയുടെ വാഹന നിര്‍മാണം. 2025 ഏപ്രില്‍ വരെയുള്ള കയറ്റുമതിയുടെ കണക്ക് അനുസരിച്ച് മുന്‍ വര്‍ഷത്തെക്കാള്‍ 21.5 ശതമാനത്തിന്റെ വര്‍ധനവ് കമ്പനി കൈവരിച്ചിട്ടുണ്ടെന്നാണ് ഹ്യുണ്ടായി ഇന്ത്യ മേധാവി തരുണ്‍ ഗാര്‍ഗ് അറിയിച്ചിരിക്കുന്നത്.
Content Highlights: Hyundai celebrates 9 million vehicle sales in India-marking strong growth and export success