ബെയ്സ് മോഡലിൽ വരെ 35 സുരക്ഷാ ഫീച്ചർ, കരുത്തുറ്റ സ്റ്റീൽ ബോഡി; ഹ്യുണ്ടായി ബയോണിന് സേഫ്റ്റി മുഖ്യം

ഹ്യുണ്ടായി ഇന്ത്യയുടെ വാഹന നിരയിലേക്ക് വരവിനൊരുങ്ങിയിരിക്കുന്ന വാഹനമാണ് ബയോൺ എന്ന മിഡ് സൈസ് എസ്യുവി. ഹ്യുണ്ടായിയുടെ വാഹന നിരയിൽ വെന്യുവിന് മുകളിലും ക്രെറ്റയ്ക്ക് താഴെയുമായി ഇടംനേടിയിരിക്കുന്ന ഈ വാഹനം ഒക്ടോബർ 26-ന് വിപണിയിൽ അവതരിപ്പിക്കും. ബയോണിലെ ഫീച്ചറുകളും ഡിസൈൻ സവിശേഷതകളുമെല്ലാം ഇതിനോടകം പുറത്തുവിട്ട നിർമാതാക്കൾ ഏറ്റവുമൊടുവിൽ വാഹനത്തിലെ സുരക്ഷാ സംവിധാനങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ്.
ബയോണിന്റെ എല്ലാ വേരിയന്റുകളിലും 35 സുരക്ഷാ സംവിധാനങ്ങൾ അടിസ്ഥാന ഫീച്ചറായിരിക്കുമെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. ഇതിനുപുറമേ, ഉയർന്ന വേരിയന്റുകളിൽ ഹ്യുണ്ടായി സ്മാർട്ട് സെൻസ് ലെവൽ-2 പ്രോ അഡാസ് (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ്) സംവിധാനവും നൽകും. അഡാസ് അധിഷ്ഠിതമായി 23 സുരക്ഷാ ഫീച്ചറുകളാണ് ഈ വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. മൂന്ന് റഡാറുകളും 12 സെൻസറുകളുമാണ് അഡാസിന് പിന്തുണ ഒരുക്കുന്നത്.
വാഹനത്തിൽ നൽകുന്ന സുരക്ഷാ ഫീച്ചറുകൾക്ക് പുറമേ, കരുത്തുറ്റ അടിസ്ഥാനമാണ് ബയോണിന് ഉള്ളതെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. ഗ്ലോബൽ കെ എൻഹാൻസ്ഡ് പ്ലാറ്റ്ഫോമാണ് ഈ എസ്യുവിക്ക് അടിസ്ഥാനം. ബയോണിന്റെ ബോഡി ഷെല്ലിൽ 69 ശതമാനവും അഡ്വാൻസ്ഡ് മൾട്ടി-ഗ്രേഡ് ഹൈ സ്ട്രെങ്ത് സ്റ്റീൽ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഹോട്ട് സ്റ്റാംപ്ഡ് കോംപോണന്റ്സ്, അൾട്രാ ഹൈ-സ്ട്രെങ്ത് സ്റ്റീൽ തുടങ്ങിയവയും ഈ വാഹനത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
ഹ്യുണ്ടായിയുടെ ആർട്ട് ഓഫ് സ്റ്റീൽ ഡിസൈൻ ലാംഗ്വേജിൽ ഒരുങ്ങിയിട്ടുള്ള വാഹനമാണ് ബയോൺ. അല്പം കർവിയായുള്ള ഡിസൈനിലാണ് ബയോൺ ഒരുങ്ങിയിട്ടുള്ളത്. ബമ്പറിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഹെഡ്ലാമ്പ്, ബോണറ്റിനോട് ചേർന്നിരിക്കുന്ന എൽഇഡി ഡിആർഎൽ, വലുപ്പം കുറഞ്ഞ ഗ്രില്ലും എയർഡാമും, സ്കിഡ് പ്ലേറ്റിന് സമാനമായ ബമ്പറിന്റെ ലോവർ പാർട്ടും ചേർന്നാണ് മുൻഭാഗം അലങ്കരിച്ചിരിക്കുന്നത്.
ബ്രസീൽ വിപണിയിലുള്ള ഐ 20 മോഡലിലേതിന് സമാനമാണ് ബയോണിന്റെ അകത്തളം. 12.5 ഇഞ്ച് വലുപ്പത്തിലുള്ള കണക്ടഡ് സ്ക്രീനാണ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററായും നൽകിയിരിക്കുന്നത്. മോഴ്സ് കോഡ് ഡിസൈനിലുള്ള സ്റ്റിയറിങ് വീലാണ് ഇതിലുള്ളത്. വെർട്ടിക്കൽ പാനലിലാണ് ക്ലൈമറ്റ് കൺട്രോൾ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഫിസിക്കൽ സ്വിച്ചുകളും ബട്ടണുകളും ഇതിൽ നൽകുന്നുണ്ട്.
മെക്കാനിക്കൽ സംവിധാനങ്ങളിലെ അനിശ്ചിതത്വവും ഹ്യുണ്ടായി നീക്കിയിട്ടുണ്ട്. ക്രെറ്റ ഉൾപ്പെടെയുള്ള മോഡലുകളിൽ നൽകിയിട്ടുള്ള 1.5 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനാണ് ബയോണിൽ കരുത്തേകുക. ഇത് 115 എച്ച്പി പവറും 144 എൻ.എം. ടോർക്കുമേകും. ഈ വാഹനത്തിൽ ട്രാൻസ്മിഷനായി സി.വി.ടി. ഗിയർബോക്സും നൽകുന്നുണ്ട്. വില സംബന്ധിച്ചുള്ള വിവരങ്ങൾ ഒക്ടോബർ 26-നായിരിക്കും പ്രഖ്യാപിക്കുക.
Content Highlights: Launching on October 26, positioned between Venue and Creta, 35 safety features offered as standard across all variants, Top variants equipped with Hyundai SmartSense Level-2 Pro ADAS (23 features), Built on Global K-Enhanced Platform with 69% advanced high-strength steel, Powered by a 1.5-litre naturally aspirated petrol engine producing 115 HP and 144 Nm.