കാര്‍ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ വഴിയൊരുക്കി ഹോണ്ടയും ഐ.ഡി.ബി.ഐ ബാങ്കും

ഹോണ്ട സിറ്റി അഞ്ചാം തലമുറ മോഡല്‍ | Photo: Honda India
ഹോണ്ട സിറ്റി അഞ്ചാം തലമുറ മോഡല്‍ | Photo: Honda India

ജനങ്ങളുടെ കാര്‍ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതിനായി പുതിയ കൂട്ടുകെട്ട് പ്രഖ്യാപിച്ച് ഇന്ത്യയിലെ മുന്‍നിര പ്രീമിയം വാഹന നിര്‍മാതാക്കളായ ഹോണ്ടയും സ്വകാര്യ ബാങ്കിങ്ങ് മേഖലയായ ഐ.ഡി.ബി.ഐയും. വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ സാമ്പത്തിക സഹായ പദ്ധതി ഒരുക്കുന്നതിനായാണ് ഇരുകമ്പനികളും തമ്മില്‍ ധാരണപത്രത്തില്‍ ഒപ്പുവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോണ്ടയുടെ കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് തടസ്സരഹിതമായ വായ്പ പദ്ധതികള്‍ ഒരുക്കുന്നതിനൊപ്പം ഏറ്റവും മികച്ച സേവനവും ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡും ഐ.ഡി.ബി.ഐ. ബാങ്കും തമ്മിലുള്ള കൂട്ടുകെട്ടിലൂടെ ഉറപ്പാക്കുമെന്നാണ് രണ്ട് കമ്പനികളും അറിയിച്ചിരിക്കുന്നത്.

ഐ.ഡി.ബി.ഐ. ബാങ്കുമായുള്ള സഹകരണത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ വായ്പ പ്രശ്‌നപരിഹാരങ്ങളും ഏറ്റവും മികച്ച ഉടമസ്ഥാനുഭവവും നല്‍കാനാണ് ഹോണ്ട കാര്‍സ് ശ്രമിക്കുന്നത്. ഉപയോക്താക്കളുമായുള്ള ബന്ധം വര്‍ധിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ തുടര്‍ച്ചയായാണ് ഈ കൂട്ടുകെട്ട് ഒരുങ്ങിയിരിക്കുന്നതെന്നും ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് മാര്‍ക്കറ്റിങ്ങ് ആന്‍ഡ് സെയില്‍സ് മേധാവി അഭിപ്രായപ്പെട്ടു.

ആകര്‍ഷകമായ പലിശ നിരക്ക്, കുറഞ്ഞ പ്രോസസിങ്ങ് ചാര്‍ജ്, പരമാവധി വായ്പ തുക, ദൈര്‍ഘ്യമുള്ള വായ്പ തിരിച്ചടവ് കാലാവധി എന്നിവയൊക്കെയാണ് ഈ കൂട്ടുകെട്ടിലൂടെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നത്. ഹോണ്ട ഉപയോക്താക്കള്‍ക്ക് വേഗത്തിലുള്ള ധനകാര്യ ഇടപാടുകള്‍ക്കും ഈ സഹകരണം വഴിവെക്കുമെന്നാണ് ഹോണ്ട കാര്‍സ് ഉറപ്പുനല്‍കുന്നത്.

Content Highlights: Honda Cars India signs MoU with IDBI Bank to offer attractive finance schemes