ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് എംപിവി സ്വന്തമാക്കി 'ഡ്രീം ഗേള്‍'; ഇത് ബോളിവുഡില്‍ ആദ്യമായെത്തിയ എം9

ടൊയോട്ട വെല്‍ഫയര്‍, ലെക്‌സസ് എല്‍എം 350 എച്ച് തുടങ്ങിയ ആഡംബര എംപിവികളായിരുന്നു അടുത്ത കാലം വരെ സെലിബ്രിറ്റികളുടെ ഇഷ്ടവാഹനം. എന്നാല്‍, ഈ വാഹനങ്ങളോട് മത്സരിക്കാന്‍ ഉറപ്പിച്ച് എംജി മോട്ടോഴ്‌സ് എത്തിച്ച എം9 എന്ന ഇലക്ട്രിക് ലക്ഷ്വറി എംപിവിയിലേക്കും ആളുകള്‍ നോട്ടമിട്ട് തുടങ്ങി. ഇതിന്റെ പ്രധാന ഉദാഹരണമാണ് ബോളിവുഡ് ഡ്രീം ഗേള്‍ എന്ന് വിശേഷിപ്പിക്കുന്ന ഹേമ മാലിനിയുടെ ഗ്യാരേജിലേക്ക് എം9 എംപിവി എത്തിയത്.
എംജി ഹെക്ടര്‍ എന്ന എസ്‌യുവി ഉപയോഗിച്ചിരുന്ന ഹേമ മാലിനി ഗണേശ ചതുര്‍ത്ഥിയുടെ ഭാഗമായാണ് പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. എംജിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ എംജി സെലക്ടിന്റെ മുംബൈയിലെ വിതരണക്കാരില്‍ നിന്നാണ് താരം ഈ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. എംജി സെലക്ട് തന്നെയാണ് ഈ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഹേമ മാലിനിയുടെ മുംബൈയിലെ വസതിയില്‍ എത്തിച്ചാണ് വാഹനം കൈമാറിയത്. ബോളിവുഡ് താരങ്ങളിലെ ആദ്യ എംജി എം9 ഉടമയാണ് ഹേമ മാലിനി.
ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക് ആഡംബര എംപിവി എന്ന ഖ്യാതി സ്വന്തമാക്കിയിട്ടുള്ള എം9-ന് 69.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അത്യാഡംബര സംവിധാനങ്ങള്‍ക്കൊപ്പം ഉയര്‍ന്ന റേഞ്ചും എം9 ഓഫര്‍ ചെയ്യുന്ന എം9-ല്‍ 90 കിലോവാട്ട് ശേഷിയുള്ള നിക്കല്‍ മാഗ്‌നീസ് കൊബാള്‍ട്ട് (എന്‍എംസി) ബാറ്ററിയാണ് നല്‍കിയിട്ടുള്ളത്. 245 എച്ച്പി പവറും 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഒറ്റത്തവണ ചാര്‍ജില്‍ 548 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന ഈ വാഹനം 160 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് 90 മിനിറ്റില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും.
ഇന്ത്യയിലെ മറ്റ് അത്യാഡംബര എംപിവികള്‍ പോലെ ഏഴ്,എട്ട് സീറ്റര്‍ ലേഔട്ടിലാണ് എം9 എംപിവിയും ഒരുങ്ങിയിരിക്കുന്നത്. എന്നാല്‍, നിരവധി ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ടെന്നതാണ് മറ്റ് മോഡലുകളില്‍ എം9-നെ വ്യത്യസ്തമാക്കുന്നത്. ഡ്രൈവര്‍ ക്യാബിനിലും പാസഞ്ചര്‍ ക്യാബിനിലുമായി രണ്ട് സണ്‍റൂഫുകളാണ് നല്‍കിയിരിക്കുന്നത്. 64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിങ്ങുകള്‍, വെന്റിലേഷന്‍-ഹീറ്റിങ്, ഓട്ടോമാന്‍ സംവിധാനങ്ങള്‍ നല്‍കിയിട്ടുള്ള പവേര്‍ഡ് സീറ്റുകള്‍, റിയര്‍ എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവയാണ് ഇതില്‍ നല്‍കുന്നത്.
ആഡംബര ഫീച്ചറുകളാണ് അകത്തളത്തിന് മിഴിവേകുന്നതെങ്കില്‍ ഡിസൈനിലെ ലാളിത്യമാണ് എം9 എംപിവിയുടെ പ്രത്യേകത. ബോണറ്റിനോട് ചേര്‍ന്ന് നല്‍കിയിട്ടുള്ള എല്‍ഇഡി ഡിആര്‍എല്ലും പൊസിഷന്‍ ലൈറ്റും വെര്‍ട്ടിക്കിളായി നല്‍കിയിട്ടുള്ള പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ് എന്നിവയ്‌ക്കൊപ്പം വലിയ എയര്‍ഡാമും നല്‍കിയാണ് മുന്‍ഭാഗം ഒരുക്കിയിട്ടുള്ളത്. അഞ്ച് സ്‌പോക്ക് അലോയി വീല്‍, സ്ലൈഡ് ചെയ്ത് തുറക്കുന്ന ഡോറുകള്‍, വിശാലമായ വിന്‍ഡോ ഗ്ലാസുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ അലങ്കരിക്കുന്ന ഘടകങ്ങള്‍.
Content Highlights: Hema Malini Acquires India's First Electric Luxury MPV, the MG M9