നിരത്തിലെ അത്യാഡംബരം; ബി.എം.ഡബ്ല്യു X7 സ്വന്തമാക്കി ക്രിക്കറ്റ് താരം യുവരാജ് സിങ്ങ്

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ഫ്ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായ X7 സ്വന്തമാക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങ്. 1.18 കോടി രൂപ മുതല്‍ 1.78 കോടി രൂപ വരെ എക്‌സ്‌ഷോറൂം വിലയുള്ള ഈ ആഡംബര എസ്.യു.വി. ചണ്ഡീഗഡിലെ ബി.എം.ഡബ്ല്യു ഡീലര്‍ഷിപ്പായ കൃഷ്ണ ഓട്ടോമൊബൈല്‍സില്‍ നിന്നാണ് താരം സ്വന്തമാക്കിയത്. യുവരാജ് ബി.എം.ഡബ്ല്യു കുടുംബത്തിലെ അംഗമായ സന്തോഷം ഡീലര്‍ഷിപ്പാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ആധുനികതയുടെയും ആഡംബരത്തിന്റെ സ്റ്റേറ്റ്‌മെന്റായ ബി.എം.ഡബ്ല്യു X7-ന്റെ താക്കോല്‍ യുവരാജ് സിങ്ങിന് കൈമാറുന്നതില്‍ സന്തോഷമുണ്ടെന്ന കുറിപ്പോടെയാണ് ബി.എം.ഡബ്ല്യു കൃഷ്ണ ഓട്ടോമൊബൈല്‍സ് വാഹനം കൈമാറുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ബി.എം.ഡബ്ല്യുവിന്റെ സിഗ്നേച്ചര്‍ നിറമായ ഫൈറ്റോണിക് ബ്ലൂ നിറത്തിലുള്ള വാഹനമാണ് യുവരാജ് തിരഞ്ഞെടുത്തതെങ്കിലും ഏത് വേരിന്റാണിതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
ബി.എം.ഡബ്ല്യുവിന്റെ ഫ്ളാഗ്ഷിപ്പ് എസ്.യു.വിയായ X7 ഡിസൈനിലും ഫീച്ചറുകളിലും ഏറെ മുന്നിട്ട് നില്‍ക്കുന്ന വാഹനമാണ്. സിഗ്നേച്ചര്‍ കിഡ്‌നി ഗ്രില്‍, 21 ഇഞ്ച് അലോയി വീല്‍, എല്‍ഇഡി ടെയ്ല്‍ലാമ്പ്, പനോരമിക് ത്രീ പാര്‍ട്ട് ഗ്ലാസ് റൂഫ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പര്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, ഹൈ-ഫൈ ലൗഡ് സ്പീക്കര്‍, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയ ഫീച്ചറുകളാണ് ഈ വാഹനത്തിന്റെ ഹൈലൈറ്റായി ഒരുക്കിയിട്ടുള്ളത്.
12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേ, 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മ്യൂസിക്കും മാപ്പിനും മറ്റുമായി 20 ജിബി ഹാര്‍ഡ് ഡ്രൈവ് എന്നിവ അകത്തളത്തെ ഫീച്ചറുകളില്‍ പ്രധാനപ്പെട്ടവയാണ്. ഒമ്പത് എയര്‍ബാഗ്, ആക്ടീവ് പാര്‍ക്ക് ഡിസ്റ്റന്‍സ് കണ്‍ട്രോള്‍, ഇലക്ട്രോണിക് ബ്രേക്ക് വിത്ത് ഓട്ടോ ഹോള്‍ഡ് ഫങ്ഷന്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, കോര്‍ണറിങ്ങ് ബ്രേക്ക് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ സംവിധാനവും ഇതിലുണ്ട്.
3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലാണ് ബി.എം.ഡബ്ല്യു X7 എത്തുന്നത്. എം50ഡി ഡീസല്‍ എന്‍ജിന്‍ മോഡല്‍ 394 ബി.എച്ച്.പി. പവറും 760 എന്‍.എം. ടോര്‍ക്കും, എക്‌സ്‌ഡ്രൈവ് 30ഡി മോഡലിലെ ഡീസല്‍ എന്‍ജിന്‍ 261 ബി.എച്ച്.പി. പവറും 620 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. പെട്രോള്‍ എന്‍ജിന്‍ 335 ബി.എച്ച്.പി. പവറും 450 എന്‍.എം. ടോര്‍ക്കുമേകും. ആഡംബരത്തിനൊപ്പം കരുത്തിലും പ്രാധാന്യം നല്‍കുന്ന ഈ വാഹനത്തിന്റെ ഡീസല്‍ പതിപ്പ് 7.0 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.
Content Highlights: Former Indian Cricketer Yuvraj Singh Buys BMW X7 SUV