രണ്ട് കോടിയുടെ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് സ്വന്തമാക്കി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍

വിജയ സിനിമകളുടെ ശില്‍പ്പി, നായകരെ വെല്ലുന്ന തഗ്ഗ് ഡയലോഗുകളുടെ കിങ്ങ് തുടങ്ങിയ വിശേഷണങ്ങളിലൂടെ താരങ്ങളെ പോലെ ആരാധകരെ സൃഷ്ടിച്ചിട്ടുള്ള യുവ സിനിമ നിര്‍മാതാവാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. അടുത്ത കാലത്ത് അദ്ദേഹത്തിന്റെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ സിനിമകള്‍ എല്ലാം നൂറുമേനി വിജയം കൊയ്തവയാണ്. സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നിര്‍മാതാവായ ലിസ്റ്റിന്‍ തന്റെ യാത്രകള്‍ക്കായി ഒരു സൂപ്പര്‍ഹിറ്റ് എസ്.യു.വി. സ്വന്തമാക്കിയിരിക്കുകയാണ്.
അത്യാഡംബര എസ്.യു.വി. നിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ മുന്‍നിര എസ്.യു.വികളില്‍ ഒന്നായ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് ആണ് ലിസ്റ്റിന്‍ സ്റ്റീഫന്റെ ഗ്യാരേജില്‍ എത്തിയ പുതിയ വാഹനം. അടുത്തിടെ രൂപമാറ്റം വരുത്തി വിപണിയില്‍ എത്തിയ ഈ വാഹനത്തിന് കരുത്തേകുന്നത് 3.0 ലിറ്റര്‍ ആറ് ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ്. രണ്ട് കോടി രൂപയോളം എക്‌സ്‌ഷോറൂം വിലയുള്ള ഈ വാഹനത്തില്‍ നിരവധി അത്യാഡംബ ഫീച്ചറുകള്‍ നല്‍കിയാണ് എത്തിച്ചിരിക്കുന്നത്.
350 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിലെ 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. കേവലം 5.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ള ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 234 കിലോമീറ്ററാണ്.
റേഞ്ച് റോവര്‍ എസ്.യു.വികളുടെ സിഗ്നേച്ചര്‍ ഡിസൈന്‍ ശൈലി നിലനിര്‍ത്തി അകത്തളത്തില്‍ നിരവധി ഫീച്ചറുകള്‍ നല്‍കിയാണ് ഈ വാഹനം എത്തിയിരിക്കുന്നത്. വാഹനത്തിനുള്ളിലെ എയര്‍ കൂടുതല്‍ ശുദ്ധമാക്കുന്നതിനുള്ള ക്യാബിന്‍ എയര്‍ അയണൈസേഷന്‍, ക്ലിയര്‍സൈറ്റ് റിയര്‍വ്യൂ മിറര്‍, പിവി പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയ്‌ക്കൊപ്പം ദീര്‍ഘദൂര യാത്രകള്‍ ഏറെ കംഫര്‍ട്ടബിള്‍ ആക്കുന്നതിന് ഹീറ്റഡ് സീറ്റുകളും ഹോട്ട്‌സ്‌റ്റോണ്‍ മസാജ് സീറ്റുകളുമാണ് ഈ വാഹനത്തിന്റെ സവിശേഷത.
900 എം.എം. വാട്ടര്‍ വാഡിങ്ങ് കപ്പാസിറ്റിയും 281 എം.എം. വരുന്ന ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ഈ വാഹനത്തിന്റെ ഹൈലൈറ്റുകളില്‍ പ്രധാനമാണ്. ഇതിനൊപ്പം റോഡുകളിലും ഓഫ് റോഡുകളിലും മികച്ച പ്രകടനം ഉറപ്പാക്കുന്നതിനായി ഓള്‍ ടെറൈന്‍ പ്രോഗ്രസ് കണ്‍ട്രോള്‍, ഓഫ് റോഡ് ട്രാക്ഷന്‍ കണ്‍ട്രോള്‍, ഓണ്‍ ആന്‍ഡ് ഓഫ് റോഡ് ഡ്രൈവ് മോഡലുകള്‍ തുടങ്ങിയ നിരവധി സംവിധാനങ്ങളിലും റേഞ്ച് റോവര്‍ സ്‌പോര്‍ട്ടില്‍ നിര്‍മാതാക്കള്‍ ഉറപ്പാക്കിയിട്ടുണ്ട്.
Content Highlights: Film Producer Listin Stephen buys Land Rover Range Rover Sport, Listin Stephen, Magic Frames