സെഡാനുമല്ല, SUV-യുമല്ല, ഡെൻസയുടെ Z9 GT ഇന്ത്യയിൽ; വില 1.56 കോടി

#ഓട്ടോമൊബൈല്‍ ഡെസ്‌ക്
ഡെന്‍സയുടെ Z9 GT
ഡെന്‍സയുടെ Z9 GT

ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച് ബിവൈഡിയുടെ ലക്ഷ്വറി ഇലക്ട്രിക് വാഹന ബ്രാൻഡായ ഡെൻസ. 1.56 കോടി രൂപ (എക്‌സ്-ഷോറൂം) വിലവരുന്ന Z9 GT ഡെൻസ ഇന്ത്യയിൽ അവതരിപ്പിച്ചു. ഒരു ലക്ഷ്വറി സെഡാനോ എസ്.യു.വിയോ അല്ല ഇത്. ചരിഞ്ഞ റൂഫ്‌ലൈനും നീളമേറിയ റിയർ ക്യാബിനും ഉൾപ്പെടുന്ന ഇലക്ട്രിക് ഫോർ-ഡോർ ഷൂട്ടിങ് ബ്രേക്ക് ബോഡി വാഹനമാണ്. 10 ലക്ഷം രൂപ നൽകി ബുക്ക് ചെയ്യാം.

ഇന്ത്യയിൽ ബാറ്ററി-ഇലക്ട്രിക് Z9 GT പതിപ്പ് മാത്രമാണ് ലഭിക്കുന്നത്. ഇതിൽ 122.5kWh ബാറ്ററി പ്ലാറ്റ്ഫോമും മൂന്ന് ഇലക്ട്രിക് മോട്ടോറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരെണ്ണം ഫ്രണ്ട് ആക്സിലിനും രണ്ടെണ്ണം പിൻ ചക്രങ്ങൾക്കും കരുത്ത് പകരുന്നു. ഇവയിൽ നിന്ന് 1,139 hp കരുത്തും 1,210 Nm ടോർക്കും ലഭിക്കും. 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ 2.7 സെക്കൻഡ് മതിയെന്ന് ഡെൻസ അവകാശപ്പെടുന്നു. പരമാവധി വേഗത 270 കിലോമീറ്ററാണ്. NEDC റേഞ്ച് 670 കിലോമീറ്ററാണെന്നും കമ്പനി അവകാശപ്പെടുന്നു.

Z9 GT കമ്പനിയുടെ 1,500kW ഫ്‌ളാഷ് അൾട്രാ ഫാസ്റ്റ് ചാർജിങ് സിസ്റ്റത്തെ പിന്തുണയ്ക്കുന്നു. ഇത് ഒമ്പത് മിനിറ്റിനുള്ളിൽ ബാറ്ററി 10 ശതമാനത്തിൽ നിന്ന് 97 ശതമാനമായി ചാർജ് ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ബാറ്ററിയുടെ ഭാരം കുറയ്ക്കുന്നതിനായി ചാർജിംഗ് 97 ശതമാനത്തിൽ നിൽക്കും. എ.സി ചാർജിംഗ് പരമാവധി 11kW വരെ പിന്തുണയ്ക്കുന്നു.

പിൻ ചക്രങ്ങളും തിരിക്കാം

Z9 GT-ക്ക് റിയർ-വീൽ സ്റ്റീറിങ്ങും കമ്പനി നൽകിയിട്ടുണ്ട്. ഇതിന്റെ പിൻ ചക്രങ്ങൾക്ക് 15 ഡിഗ്രി വരെ തിരിയാൻ കഴിയും. ഇടുങ്ങിയ സ്ഥലങ്ങളിലെ വളവുകൾ എളുപ്പത്തിൽ തിരിച്ചെടുക്കാം ഈ സിസ്റ്റം സഹായിക്കും. ഉള്ളിൽ അഞ്ച് പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് Z9 GT-യിലുള്ളത്. മുൻ സീറ്റുകൾ പവർ-അഡ്ജസ്റ്റ് ചെയ്യാവുന്നവയാണ്, കൂടാതെ വെന്റിലേഷൻ, ഹീറ്റിങ്, മെമ്മറി ഫങ്ഷൻ, മസാജ്, പവേർഡ് ഹെഡ്റെസ്റ്റുകൾ എന്നിവയും വാഗ്ദാനം ചെയ്യുന്നു.

ഡാഷ്ബോർഡിൽ ധാരാളം സ്‌ക്രീനുകൾ കമ്പനി നൽകിയിട്ടുണ്ട്. 17.3 ഇഞ്ച് സെൻട്രൽ ടച്ച്സ്‌ക്രീനും, മുൻ യാത്രികനായി 13.2 ഇഞ്ച് ഡിസ്പ്ലേയും, 13.2 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതിലുണ്ട്. 20 സ്പീക്കറുകളുള്ള ഡെവിയാലെ (Devialet) ആഡിയോ സിസ്റ്റവും ഡെൻസ നൽകിയിട്ടുണ്ട്. എ.ബി.എസ് (ABS), ഓട്ടോ പാർക്ക് അസിസ്റ്റ്, ഒൻപത് എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ടയർ-പ്രഷർ മോണിറ്ററിംഗ് എന്നിവയെല്ലാം ഇതിലുണ്ട്.

Content Highlights: Launched in India at Rs 1.56 crore (ex-showroom) with bookings open for Rs 10 lakh., Features a 122.5kWh battery pack and three electric motors producing 1,139hp and 1,210 Nm., Claims 0-100 kmph in 2.7 seconds and a 670 km NEDC range., Supports 1,500kW Flash ultra-fast charging to go from 10 to 97 percent in nine minutes., Equipped with rear-wheel steering allowing 360-degree turns and a 20-speaker Devialet audio system.