വില്‍പ്പനയില്‍ 3.5 ശതമാനം ഉയര്‍ച്ച; മാരുതിക്ക് നേട്ടം നല്‍കി ഡിസംബര്‍

ണ്ട് പതിറ്റാണ്ടിലെ ഏറ്റവും വലിയ മാന്ദ്യത്തിനാണ് കഴിഞ്ഞ ഏതാനും മാസമായി ഇന്ത്യയിലെ വാഹന വിപണി സാക്ഷ്യം വഹിച്ചിരുന്നത്. എന്നാല്‍, ഈ പതിറ്റാണ്ടിലെ തന്നെ ഏറ്റവും അവസാന മാസത്തെ വില്‍പ്പനയില്‍ മാരുതി തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. വില്‍പ്പനയില്‍ 3.5 ശതമാനത്തിന്റെ നേട്ടമാണ് മാരുതി കൈവരിച്ചത്. 

ഇക്കഴിഞ്ഞ ഡിസംബര്‍ മാസം 1,25,735 വാഹനങ്ങളാണ് മാരുതിയില്‍ നിന്ന് നിരത്തിലെത്തിയത്. 2018 ഡിസംബറില്‍ ഇത് 1,21,479 യൂണിറ്റായിരുന്നു. എന്നാല്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ വില്‍പ്പന മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം കുറവാണെന്നും റിപ്പോര്‍ട്ടുണ്ട്. 

സ്വിഫ്റ്റ്, ഡിസയര്‍, ബലേനൊ തുടങ്ങിയ വാഹനങ്ങളാണ് മാരുതിയുടെ വില്‍പ്പനയ്ക്ക് കരുത്തേകിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 27.9 ശതമാനമാണ് ഈ മൂന്ന് വാഹനങ്ങളുടെ വില്‍പ്പന ഉയര്‍ന്നത്. 2018 ഡിസംബറില്‍ 51,346 വാഹനം വിറ്റപ്പോള്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ അത് 65,673 ആയി ഉയര്‍ന്നിട്ടുണ്ടെന്നാണ് മാരുതിയുടെ കണക്ക്. 

എന്നാല്‍, മാരുതിയുടെ എന്‍ട്രി ലെവല്‍ വാഹനങ്ങള്‍ക്ക് പോയ മാസം തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. ആള്‍ട്ടോ, എസ്-പ്രെസോ തുടങ്ങിയ വാഹനങ്ങളുടെ വില്‍പ്പന 13.6 ശതമാനം കുറഞ്ഞിട്ടുണ്ട്. 23,883 വാഹനമാണ് കഴിഞ്ഞ മാസം നിരത്തിലെത്തിയത്. അതേസമയം, 2018 ഡിസംബറില്‍ ഇത് 27,649 യൂണിറ്റായിരുന്നു. സെഡാന്‍ ശ്രേണിയിലും ഇടിവാണ്. 

യൂട്ടിലിറ്റി വാഹനശ്രേണിയിലും മാരുതി കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. വിത്താര ബ്രെസ, എര്‍ട്ടിഗ, എക്‌സ്എല്‍6 എന്നീ വാഹനങ്ങള്‍ ചേര്‍ന്ന് 17.7 ശതമാനം വില്‍പ്പന നേട്ടമുണ്ടാക്കി. 2018 ഡിസംബറില്‍ 20,225 വാഹനങ്ങള്‍ നിരത്തിലെത്തിയപ്പോള്‍ ഈ ഡിസംബറില്‍ അത് 23,808 ആയി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, മാരുതി ഇക്കോയുടെ വില്‍പ്പനയും കുറഞ്ഞു.

Content Highlights: December Sale; Maruti Achieve 3.5 Growth 

Content Highlights: