ഏപ്രിലിൽ മഹീന്ദ്ര പാസഞ്ചര്‍ വാഹനങ്ങൾ വിറ്റില്ല ; മാനംകാത്തത് ട്രാക്ടറുകള്‍, വിറ്റത് 4716 യൂണിറ്റ്
ഏപ്രില്‍ മാസത്തെ പാസഞ്ചര്‍ വാഹനവില്‍പ്പനയില്‍ ക്ലച്ചുപിടിച്ചില്ലെങ്കിലും ആഭ്യന്തര വാഹനനിര്‍മാതാക്കളായ മഹീന്ദ്രയുടെ മാനം രക്ഷിച്ച് ട്രാക്ടറുകള്‍. ഏപ്രില്‍ മാസത്തില്‍ മാത്രം 4716 യൂണിറ്റ് ട്രാക്ടറുകളാണ് മഹീന്ദ്രയില്‍ നിന്ന് പുറത്തിറങ്ങിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാസം ഒരു വാഹനം പോലും വില്ക്കാതിരിക്കുന്നതെന്ന് മഹീന്ദ്ര അറിയിച്ചു.
കൊറോണ മഹാമാരിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്നാണ് വില്‍പ്പനയില്‍ കനത്ത തകര്‍ച്ച നേരിട്ടിരിക്കുന്നത്. മാര്‍ച്ച് ഒടുവില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ രാജ്യത്തുടനീളമുള്ള മഹീന്ദ്രയുടെ ഡീലര്‍ഷിപ്പുകളും ഷോറൂമുകളും അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ടാണ് വാഹനങ്ങളുടെ വില്‍പ്പന സാധ്യമാകാതിരുന്നത്.
എന്നാല്‍, ഏപ്രില്‍ അവസാനത്തോടെ തുറമുഖങ്ങള്‍ തുറന്നതിനാല്‍ മഹീന്ദ്രയുടെ 733 വാഹനങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. എങ്കിലും കഴിഞ്ഞ ഏപ്രിലിനെ അപേക്ഷിച്ച് കയറ്റുമതിയിലും 65 ശതമാനത്തിന്റെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2019 ഏപ്രിലില്‍ 2118 വാഹനങ്ങളാണ് മഹീന്ദ്ര വിദേശത്ത് എത്തിച്ചത്.
അതേസമയം, 4716 ട്രാക്ടറുകള്‍ നിരത്തിലെത്തിക്കാന്‍ സാധിച്ചത് മഹീന്ദ്രയ്ക്ക് നേരിയ ആശ്വാസം പകരുന്നുണ്ട്. ട്രാക്ടര്‍ ഡീലര്‍ഷിപ്പുകള്‍ ഭാഗികമായി തുറക്കാന്‍ അനുമതി ലഭിച്ചിരുന്നു. എന്നാല്‍, 2019 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മേഖലയിലും 85 ശതമാനത്തിന്റെ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. 2019 ഏപ്രിലില്‍ 27,495 ട്രാക്ടറുകളാണ് വിറ്റഴിച്ചത്.
വില്‍പ്പന കൂടുതല്‍ കരുത്തോടെ വീണ്ടെടുക്കാന്‍ മഹീന്ദ്ര ഡീലര്‍മാരുമായും സപ്ലെയര്മാരുമായും സഹകരിച്ച് പ്രവര്‍ത്തിക്കും. ലോക്ക്ഡൗണ്‍ നീങ്ങിയാലുടന്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പൂര്‍വ്വ സ്ഥിതി വീണ്ടെടുക്കാന്‍ കഴിയുമെന്നും മഹീന്ദ്ര ഓട്ടോമോട്ടീവ് സിഇഒ പ്രത്യാശ പ്രകടിപ്പിച്ചു.
Content Highlights:Corona Lock Down, Mahindra Sells 4716 Unit Tractor In April; Passenger Vehicle Sale Zero
Content Highlights: