ഈ 'ഫ്രഞ്ചുകാരന്' ഇന്ത്യന്‍ നിരത്തില്‍ നാലുവയസ്; വാഹനങ്ങള്‍ക്ക് 2.80 ലക്ഷം രൂപ വരെ കുറച്ച് ആഘോഷം

സിട്രോണ്‍ സി3 എയര്‍ക്രോസ് | Photo: Citroen
സിട്രോണ്‍ സി3 എയര്‍ക്രോസ് | Photo: Citroen

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യന്‍ നിരത്തുകളില്‍ നാലാം പിറന്നാള്‍ ആഘോഷത്തിലാണ്. ഈ ചുരുങ്ങിയ കാലയളവില്‍ അഞ്ച് മോഡലുകള്‍ നിരത്തുകളില്‍ എത്തിച്ച് വിപണിയിലെ പ്രബല സാന്നിധ്യമായ സിട്രോണ്‍ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മികച്ച ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സിട്രോണിന്റെ വാഹനങ്ങള്‍ക്ക് 2.8 ലക്ഷം രൂപയുടെ വരെ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

സിട്രോണ്‍ മോഡലുകളായ സി3, ഇ.സി3, സി3 എയര്‍ക്രോസ്, സി5 എയര്‍ക്രോസ്, ബസാള്‍ട്ട് കൂപ്പെ എസ്‌യുവി എന്നീ മോഡലുകളെല്ലാം ഇളവുകളുടെ പരിധിയില്‍ വരുന്നുണ്ട്. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്റ്റെന്റഡ് വാറണ്ടി പാക്കേജുകള്‍, കുറഞ്ഞ ഇഎംഐയിലുള്ള വായ്പ പദ്ധതികള്‍, ലോയലിറ്റി ബോണസ്, എക്‌സ്‌ചേഞ്ച് ബോണസ്, ആക്‌സസറീസ് എന്നിങ്ങനെ നീളുന്നതാണ് സിട്രോണ്‍ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍. കൂപ്പെ മോഡലായ ബസാള്‍ട്ടിനാണ് ഏറ്റവും ഉയര്‍ന്ന ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

ബസാള്‍ട്ട് കൂപ്പെ എസ്‌യുവിക്ക് വേരിയന്റുകള്‍ അനുസരിച്ച് 40,000 രൂപ മുതല്‍ 2.8 ലക്ഷം രൂപയുടെ വരെ ഇളവാണ് ഒരുക്കിയിരിക്കുന്നത്. യു, പ്ലസ്, മാക്‌സ്, ഡാര്‍ക്ക് എഡിഷന്‍ എന്നീ നാല് വേരിയന്റുകളിലാണ് ബസാള്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലും ആറ് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളിലും ബസാള്‍ട്ട് നിരത്തുകളില്‍ എത്തുന്നുണ്ട്.

സിട്രോള്‍ സി3 എയര്‍ക്രോസ് മോഡലിനും ആകര്‍ഷകമായ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വേരിയന്റിന്റെയും എന്‍ജിന്‍ ഓപ്ഷന്റെയും അടിസ്ഥാനത്തില്‍ 55,000 രൂപ മുതല്‍ 2.55 ലക്ഷം രൂപ വരെയുള്ള ഇളവുകളാണ് ഈ വാഹനത്തിന് നല്‍കുന്ന ആനുകൂല്യം. 8.62 ലക്ഷം രൂപ മുതല്‍ 14.27 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. എന്‍ട്രി ലെവല്‍ മോഡലായ സി3-ക്ക് 70,000 രൂപ മുതല്‍ 2.3 ലക്ഷം രൂപ വരെ ഇളവ് നല്‍കുന്നുണ്ടെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. 6.23 ലക്ഷം രൂപയിലാണ് ഈ മോഡലിന്റെ വില ആരംഭിക്കുന്നത്. 

സിട്രോണ്‍ ഇന്ത്യയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ സി5 എയര്‍ക്രോസിനും ഇളവ് ഒരുക്കിയിട്ടുണ്ട്. ഒരു വേരിയന്റില്‍ മാത്രം എത്തുന്ന ഈ വാഹനത്തിന് 1.16 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിരിക്കുന്നത്. 39.99 ലക്ഷം രൂപയിലാണ് ഈ പ്രീമിയം എസ്‌യുവിയുടെ വില ആരംഭിക്കുന്നത്. സിട്രോണിന്റെ ഇലക്ട്രിക് മോഡലായ ഇ.സി3 ഹാച്ച്ബാക്കിന് 20,000 രൂപ മുതല്‍ 70,000 രൂപയുടെ വരെ ഇളവാണ് നല്‍കുന്നത്. 12.90 ലക്ഷം രൂപ മുതല്‍ 13.41 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Content Highlights: Citroen celebrates 4 years in India with massive discounts up to Rupees 2.8 Lakhs