വേഗതയിൽ ‘ചീറ്റപ്പുലി’, റേഞ്ച് 520 കിലോമീറ്റർ; കിടിലൻ ലുക്കിൽ സിലിയോൺ ഡൈനാമിക് എത്തിച്ച് ബിവൈഡി

#Auto Desk
ബിവൈഡി സീലിയോണ്‍ 7 ഡൈനാമിക് പതിപ്പ് | Photo: BYD
ബിവൈഡി സീലിയോണ്‍ 7 ഡൈനാമിക് പതിപ്പ് | Photo: BYD

ലോകത്തിലെ തന്നെ ഇലക്ട്രിക് വാഹന വിപണിയിൽ ടെസ്‌ലയോട് കട്ടയ്ക്ക് മുട്ടിനിൽക്കുന്ന വാഹന നിർമാതാക്കളാണ് ചൈനീസ് കമ്പനിയായ ബിവൈഡി. സ്വന്ത രാജ്യമായ ചൈനയ്ക്ക് പുറമെ ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ വിപണികളിൽ കരുത്തൻ സാന്നിധ്യമായ ബിവൈഡി ഇന്ത്യയിൽ കൂടുതൽ സജീവമാകാനുള്ള നീക്കങ്ങളിലാണ്. ഇതിന്റെ പ്രധാന ചുവടുവയ്‌പ്പെന്നോണം ബിവൈഡിയുടെ ഏഴ് സീറ്റർ എസ്‌യുവി മോഡലായ സീലിയോൺ 7-ന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു.

ഡൈനാമിക് എന്ന പേരിൽ സീലിയോൺ 7 എസ്‌യുവിയുടെ അടിസ്ഥാന വേരിയന്റാണ് ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. 41.90 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഈ വാഹനം വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ സിലിയോൺ 7 എസ്‌യുവിയുടെ വാഹനനിരയിൽ മൂന്ന് മോഡലുകളായി. ഡൈനാമിക്കിന് പുറമെ, പ്രീമിയം, പെർഫോമെൻസ് എന്നീ രണ്ട് വേരിയന്റുകളിൽ കൂടി സിലിയോൺ 7 ഇന്ത്യൻ നിരത്തുകളിൽ എത്തുന്നുണ്ട്.

ബിവൈഡിയുടെ 71.8 കിലോവാട്ട് അവർ ശേഷിയുള്ള ബ്ലേഡ് ബാറ്ററിയാണ് ഡൈനാമിക് എഡിഷനിലും നൽകിയിട്ടുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 520 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുന്ന ഈ വാഹനത്തിന് കേവലം 7.3 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയും കൈവരിക്കാൻ സാധിക്കും. 82.56 കിലോവാട്ട് അവർ ശേഷിയുള്ള ഇലക്ട്രിക് ബാറ്ററിയാണ് സിലിയോൺ7 ഇലക്ട്രിക് എസ്‌യുവിയുടെ ഉയർന്ന പതിപ്പുകളിൽ നൽകിയിട്ടുള്ളത്.

ബിവൈഡിയുടെ ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോം ആയ പ്ലാറ്റ്‌ഫോം 3.0 അടിസ്ഥാനമാക്കിയാണ് സീലിയോൺ 7 നിർമിച്ചിരിക്കുന്നത്. ബിവൈഡിയുടെ ഡിസൈൻ ഫിലോസഫിയായ ഓഷ്യൻ ഏസ്‌തെറ്റിക്‌സ് പിന്തുടർന്നാണ് വാഹനത്തിന്റെ രൂപകൽപ്പന നടത്തിയിരിക്കുന്നത്. ആകർഷകമായ എയറോ ഡൈനാമിക് ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള സീലിയോൺ 7 ഡൈനാമിക് പതിപ്പിൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ നിരവധി ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബിവൈഡി ഉയർന്ന സുരക്ഷ ഉറപ്പുനൽകുന്ന ബ്ലേഡ് ബാറ്ററി, സെൽ ടു ബോഡി സാങ്കേതികവിദ്യ, ഇന്റലിജെൻസ് ടോർക്ക് അഡാപ്‌റ്റേഷൻ കൺട്രോൾ, പനോരമിക് ഗ്ലാസ് റൂഫ്, റൊട്ടേറ്റിങ് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളാണ് ഡൈനാമിക് പതിപ്പിൽ ഒരുങ്ങിയിരിക്കുന്നവ. പുതിയ വേരിയന്റുകളുടെ വരവോടെ കൂടുതൽ ഉപയോക്താക്കളെ ബിവൈഡിയിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ.

ബിവൈഡിയുടെ സെലിബ്രേറ്റ് യുവർ ഡ്രീംസ് വിത്ത് ബിവൈഡി ക്യാംപയിനിന്റെ ഭാഗമായി സിലിയോൺ ഡൈനാമിക് ഉപയോക്താക്കൾക്ക് ഏഴ് കിലോവാട്ട് ശേഷിയുള്ള ഹോം ചാർജർ സൗജന്യമായി ലഭിക്കും. ഇതിനുപുറമെ, 10 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ് ഉറപ്പാക്കാനുള്ള സൗകര്യവും നൽകുന്നുണ്ട്. ഈ വാഹനത്തിലെ ബാറ്ററിക്ക് 10 വർഷം അല്ലെങ്കിൽ 1.5 ലക്ഷം കിലോമീറ്റർ വരെയുള്ള വാറണ്ടിയും ബിവൈഡി നൽകുന്നുണ്ട്.

Content Highlights: Launched at a starting price of Rs 41.90 Lakh, Offers a driving range of up to 520 km on a single charge, Equipped with a 71.8 kWh Blade Battery and e-Platform 3.0, Accelerates from 0 to 100 km/h in just 7.3 seconds, Includes free home charger and 10-year battery warranty under campaign