സുരക്ഷയിലും ടെസ്‌ലയെക്കാള്‍ കേമന്‍; ഇടിപരീക്ഷയില്‍ ഫൈവ്സ്റ്റാര്‍ സുരക്ഷ ഉറപ്പിച്ച ബിവൈഡി സീലിയോണ്‍ 7

Photo: Euro NCAP
Photo: Euro NCAP

ലോകത്തില്‍ തന്നെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാതാക്കളായ ബിവൈഡി ഇന്ത്യയില്‍ എത്തിച്ച നാലാമത്തെ മോഡലാണ് സീലിയോണ്‍ 7. ഇന്ത്യയിലെ മറ്റ് ഏത് ഇലക്ട്രിക് വാഹനങ്ങളെയും പിന്നിലാക്കുന്ന റേഞ്ച് ഉറപ്പാക്കുന്ന ഈ വാഹനം സുരക്ഷയിലും മുന്‍പന്തിയിലാണെന്ന് തെളിയിച്ചിരിക്കുകയാണ് യൂറോ എന്‍ക്യാപ് ക്രാഷ് ടെസ്റ്റിലൂടെ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന ഈ വാഹനം ഫൈവ് സ്റ്റാര്‍ റേറ്റിങ്ങാണ് ഇടിപരീക്ഷയിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. 

മുന്നില്‍ നിന്നും വശങ്ങളില്‍ നിന്നുമുള്ള ആഘാതങ്ങളില്‍ മുന്‍നിരയിലും പിന്‍നിരയിലുമുള്ള യാത്രക്കാര്‍ക്ക് ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നാണ് യൂറോ എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റില്‍ സീലിയോണ്‍ തെളിയിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ 87 ശതമാനം മാര്‍ക്കും കുട്ടികള്‍ക്കുള്ള സുരക്ഷ പരിശോധനയില്‍ 93 ശതമാനം മാര്‍ക്കുമാണ് സീലിയോണ്‍ 7-ന് ഇടിപരീക്ഷയില്‍ ലഭിച്ചിരിക്കുന്നത്. ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് സംവിധാനത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്നും യൂറോ എന്‍ക്യാപ് വിലയിരുത്തുന്നു.

ഇതിലെ ഓട്ടോണമസ് ബ്രേക്കിങ് സംവിധാനമാണ് കാല്‍നട യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നത്. അതില്‍ താരതമ്യേന കുറഞ്ഞ സ്‌കോറാണ് സീലിയോണ്‍7-ന് ലഭിച്ചിരിക്കുന്നത്. 76 ശതമാനം മാര്‍ക്കാണ് ഈ പരീക്ഷയില്‍ ലഭിച്ചിരിക്കുന്നത്.മികച്ച പവര്‍ട്രെയിന്‍ സംവിധാനമാണ്  സീലിയോണിലേതെന്നുമാണ് യൂറോ എന്‍ക്യാപ് അധികൃതര്‍ വിലയിരുത്തിയിരിക്കുന്നത്. 

പ്രീമിയം, പെര്‍ഫോമെന്‍സ് എന്നീ രണ്ട് വേരിയന്റുകളിലാണ് സീലിയോണ്‍ 7 ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. 82.5 കിലോവാട്ട് ശേഷിയുള്ള ബാറ്ററിപാക്ക് ആണ് ഇരുമോഡലിലും. ലിഥിയം ഫോസ്ഫറേറ്റ് ബ്ലേഡ് ബാറ്ററിയാണ് നല്‍കിയിട്ടുള്ളത്. പ്രീമിയം വേരിയന്റ് റിയര്‍ വീല്‍ ഡ്രൈവ് മോഡലാണ്. 313 എച്ച്പി. പവറും 380 എന്‍എം.ടോര്‍ക്കുമാണ് ഇതിലെ മോട്ടോര്‍ ഉത്പാദിപ്പിക്കുന്നത്. പെര്‍ഫോമെന്‍സ് പതിപ്പില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമാണ് നല്‍കിയിരിക്കുന്നത്. 530 എച്ച്പി പവറും 690 എന്‍എം ടോര്‍ക്കുമാണ് ഇതിലെ മോട്ടോര്‍ ഉത്പാദിപ്പിക്കുന്നത്. 

സീലിയോണ്‍ 7-ന്റെ പ്രീമിയം മോഡല്‍ 6.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. അതേസമയം, പെര്‍ഫോമെന്‍സ് പതിപ്പിന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വേണ്ട സമയം 4.5 സെക്കന്റാണ്. പ്രീമിയം വേരിയന്റിന് ഒറ്റച്ചാര്‍ജില്‍ 567 കിലോമീറ്റര്‍ റേഞ്ചാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നതെങ്കില്‍ പെര്‍ഫോമെന്‍സ് വേരിയന്റില്‍ ഇത് 542 കിലോമീറ്ററാണ്. ഇന്ത്യയില്‍ 48.90 ലക്ഷം രൂപ മുതല്‍ 54.9 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്.

Content Highlights: BYD Sealion 7 a top-selling EV boasts a 5-star Euro NCAP safety rating