ഇന്ത്യൻ നിരത്തുകളിലേക്ക് BYD-യുടെ ആദ്യ ഹൈബ്രിഡ് കാർ; മോഡൽ തീരുമാനിച്ചു, വരവ് ഈ വർഷം ഒടുവിൽ

ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി ഇന്ത്യയിൽ ഹൈബ്രിഡ് മോഡലുകൾ എത്തിക്കാനൊരുങ്ങുന്നത് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ ആദ്യ ചുവടുവയ്പ്പ് എന്നോണം ഹൈബ്രിഡ് വാഹനങ്ങളിൽ ഉപയോഗിക്കുന്നതിനായി ബിവൈഡി വികസിപ്പിച്ച ഡിഎം-ഐ(ഡ്യുവൽ മോട്ടോർ ഇന്റലിജെന്റ്) സൂപ്പർ പ്ലഗ് ഇൻ ഹൈബ്രിഡ് ഇവി സാങ്കേതികവിദ്യ ഇന്ത്യയിൽ അവതരിപ്പിച്ചു.
ഹൈബ്രിഡ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ബിവൈഡി ഇന്ത്യയുടെ ആദ്യ വാഹനം 2026-ന്റെ അവസാനത്തോടെ നിരത്തുകളിൽ എത്തിക്കുമെന്നാണ് വിവരങ്ങൾ. ബിവൈഡി സീൽ-യു എന്ന മോഡലായിരിക്കും ഹൈബ്രിഡ് മോഡലായി ഇന്ത്യയിൽ എത്തുകയെന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഇലക്ട്രിക്കിനെ പുറമെ, കൂടുതൽ പവർ ട്രെയിനുകളിലുള്ള വാഹനമെത്തിച്ച് വിപണിയിൽ കരുത്താർജിക്കുകയാണ് ബിവൈഡിയുടെ ലക്ഷ്യം.
ബിവൈഡിയുടെ ഡിഎം-ഐ(ഡ്യുവൽ മോട്ടോർ ഇന്റലിജെന്റ്) സൂപ്പർ പ്ലഗ് ഇൻ ഹൈബ്രിഡ് ഇവി പവർട്രെയിനിലാണ് ഈ വാഹനം ഒരുങ്ങുക. സാധാരണ ഹൈബ്രിഡ് വാഹനങ്ങളെ പോലെ ഒരു ഓൾ ഇലക്ട്രിക് സംവിധാനവും പരമ്പരാഗത എൻജിനും ചേർന്ന് പ്രവർത്തിക്കുന്ന സംവിധാനമാണിത്. ഇലക്ട്രിക് വാഹനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനൊപ്പം റേഞ്ച് സംബന്ധിച്ചുള്ള ആശങ്ക ഒഴിവാക്കാനും ഈ സംവിധാനം സഹായിക്കുന്നു.
ഇന്ത്യയിൽ എത്തുന്ന ഹൈബ്രിഡ് മോഡലിൽ 1.5 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ ടർബോ പെട്രോൾ എൻജിനൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറുകളും നൽകും. 18.3 കിലോവാട്ട് ശേഷിയുള്ള ബാറ്ററിപാക്കാണ് ഹൈബ്രിഡ് സംവിധാനത്തിന്റെ നട്ടെല്ല്. ഈ വാഹനത്തിൽ നൽകുന്ന ഹൈബ്രിഡ് സംവിധാനവും പെട്രോൾ എൻജിനും ചേർന്ന് 1200 കിലോമീറ്ററിന്റെ ഡ്രൈവിങ് റേഞ്ച് ഉറപ്പാക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
ബാറ്ററിയിൽ പൂർണമായും ചാർജുള്ളപ്പോൾ ഇവി മോഡിൽ 200 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും. സാധാരണ ഡ്രൈവിങ് കണ്ടീഷനുകളിൽ ഇലക്ട്രിക് മോട്ടോറിന്റെ കരുത്തിലായിരിക്കും വാഹനം ഓടുക. പെട്രോൾ എൻജിൻ സ്റ്റാർട്ടർ ജനറേറ്ററായായിരിക്കും പ്രവർത്തിക്കുക. എന്നാൽ, ഉയർന്ന വേഗത്തിലും പവർ മോഡുകളിലുമെല്ലാം പെട്രോൾ എൻജിനായിരിക്കും വാഹനത്തിന് കുതിപ്പേകുകയെന്നാണ് ബിവൈഡിയുടെ വിശദീകരണം.
സീൽ യു അല്ലെങ്കിൽ സീലിയോൺ 6 എന്ന മോഡലിനായിരുന്നു ആദ്യ ഘട്ടം മുതൽ സാധ്യത കൽപ്പിച്ചിരുന്നത്. ടൂ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് സംവിധാനങ്ങളിൽ ഈ വാഹനം വിദേശ നിരത്തുകളിൽ എത്തുന്നുണ്ട്. 323 എച്ച്പി പവറും 550 എൻഎം വരെ ടോർക്കും ഉത്പാദിപ്പിക്കുന്ന വാഹനവുമാണിത്. സീൽ യു മോഡലിന്റെ വിദേശ പതിപ്പുകളിൽ 126 കിലോമീറ്റർ വരെയാണ് ഇലക്ട്രിക് റേഞ്ച് ലഭിക്കുന്നത്. 5.9 സെക്കന്റിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ വാഹനത്തിന് സാധിക്കും.
Content Highlights: BYD introducing DM-i super plug-in hybrid technology in India., First hybrid model, BYD Seal U, arriving by late 2026., Combined driving range of up to 1200 km., 1.5L turbo petrol engine paired with dual electric motors., 200 km pure electric mode range.