ഹൈലൈറ്റാകുന്നത് റേഞ്ചും കരുത്തും; നിരത്തിലെത്താന്‍ മുഹൂര്‍ത്തം കുറിച്ച് ബി.വൈ.ഡി. സീല്‍

ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസ് (ബി.വൈ.ഡി) ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് മോഡല്‍ മാര്‍ച്ച് അഞ്ചിന് അവതരിപ്പിക്കും. ബുക്കിങ് ഔദ്യോഗികമായി ആരംഭിച്ചിട്ടില്ലെങ്കിലും വരവിന് മുന്നോടിയായി പല ഡീലര്‍ഷിപ്പുകളിലും സീലിനുള്ള ബുക്കിങ് സ്വീകരിക്കുന്നുണ്ടെന്നാണ് വിവരം. ഹ്യുണ്ടായി അയോണിക് 5, കിയ ഇ.വി.6 എന്നീ വാഹനങ്ങളുമായി മത്സരിക്കുന്നതിനാണ് ബി.വൈ.ഡി. സീല്‍ എത്തുന്നത്.
ബി.വൈ.ഡി. സ്വന്തമായി വികസിപ്പിച്ചിട്ടുള്ള ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യയുമായാണ് സീല്‍ എത്തുന്നത്. ഇരട്ട ഇലക്ട്രിക് മോട്ടോര്‍ ലേഔട്ടുമായാണ് സീല്‍ ഇന്ത്യയില്‍ എത്തുന്നത്. എന്നാല്‍, മുന്‍പ് വിദേശ രാജ്യങ്ങളില്‍ സിംഗിള്‍ മോട്ടോര്‍ പതിപ്പുകളും എത്തിയിരുന്നു. 2023-ലെ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ബി.വൈ.ഡി. സീല്‍ എന്ന മോഡല്‍ പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. ഇ6 എം.പി.വി, ആറ്റോ-3 എസ്.യു.വി. മോഡലുകള്‍ക്ക് ശേഷം സീലായിരിക്കും എത്തുകയെന്നും ബി.വൈ.ഡി. അറിയിച്ചിരുന്നു.
61.4 കിലോവാട്ട്, 82.5 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് സീല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 61.4 khw ബാറ്ററി പാക്ക് മോഡലിന് ഒറ്റത്തവണ ചാര്‍ജില്‍ 550 കിലോമീറ്റര്‍ റേഞ്ചും 82.5 kwh ബാറ്ററി പായ്ക്ക് മോഡലില്‍ 700 കിലോമീറ്റര്‍ റേഞ്ചും ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന ഉറപ്പ്. കേവലം 3.8 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള കരുത്തും ബി.വൈ.ഡി. സീലില്‍ നല്‍കുന്നുണ്ട്.
ആഡംബര സ്‌പോര്‍ട്‌സ് കാറുകളോട് കിടപിടിക്കുന്ന സൗന്ദര്യവുമായാണ് സീല്‍ നിരത്തുകളില്‍ എത്തുന്നത്. സമുദ്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈനാണ് സീലിന്റേത് എന്നാണ് ബി.വൈ.ഡി. അവകാശപ്പെടുന്നത്. ബ്ലാക്ക് സ്‌മോഗ്ഡ് ആയിട്ടുള്ള സ്പ്ലിറ്റ് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ബൂമറാങ് ഷേപ്പിലെ ഡി.ആര്‍.എല്‍. കൂര്‍ത്ത ബമ്പര്‍, താരതമ്യേന നീളം കൂടിയ ബോണറ്റ്, ബ്ലാക്ക് ബോര്‍ഡര്‍ നല്‍കിയിട്ടുള്ള എയര്‍ഡാം എന്നിവയാണ് മുന്‍വശത്തെ സൗന്ദര്യം.
4800 എം.എം. നീളത്തിലും 1875 എം.എം. വീതിയിലും 1460 എം.എം. ഉയരത്തിലുമാണ് സീല്‍ ഇ.വി. ഒരുങ്ങിയിരിക്കുന്നത്. കൂപ്പെ മാതൃകയിലുള്ള ഗ്ലാസ് റൂഫാണ് സീലില്‍ നല്‍കിയിരിക്കുന്നത്. സ്‌റ്റൈലിഷ് ഡിസൈനിലുള്ള അലോയ് വീലുകളും അണ്‍ലോക്ക് ചെയ്യുമ്പോള്‍ പോപ്പ്അപ്പ് ചെയ്ത് വരുന്ന ഡോര്‍ ഹാന്‍ഡിലുകളുമാണ് വശങ്ങളിലുള്ളത്. സൈഡില്‍ തന്നെയാണ് ചാര്‍ജിങ് സ്ലോട്ടും നല്‍കുന്നത്. ഫുള്‍ വിഡ്ത്ത് എല്‍.ഇ.ഡി. ലൈറ്റ് ബാറാണ് പിന്‍ഭാഗത്തിന് അഴകേകുന്നത്.
ആറ്റോ 3, ഇ6 തുടങ്ങിയ വാഹനങ്ങളില്‍ നിന്നെടുത്ത ഫീച്ചറുകളാണ് ഈ വാഹനത്തിലും നല്‍കിയിട്ടുള്ളത്. റൊട്ടേറ്റിങ് ടച്ച് സ്‌ക്രീനാണ് ഇതിലെ ഒരു സവിശേഷത. 15.6 ഇഞ്ച് നീളമാണ് ഈ സ്‌ക്രീനിനുള്ളത്. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററിന് 10.25 ഇഞ്ച് വലിപ്പമാണുള്ളത്. ഡ്രൈവിങ് മോഡുകള്‍ തിരഞ്ഞെടുക്കുന്നതും വിന്‍ഡ് സ്‌ക്രീന്‍ ഹീറ്റാക്കുന്നതുമെല്ലാം ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലൂടെ സാധ്യമാകുന്നതും ഈ വാഹനത്തിന്റെ അകത്തളത്തിലെ സവിശേഷതയാണ്.
Content Highlights: BYD Seal all set to launch on March 5 in India