സീല്‍ ഇലക്ട്രിക്കിന്റെ ബുക്കിങ്ങ് തുറന്ന് BYD; ഭാഗ്യം തുണച്ചാല്‍ യൂറോകപ്പ് കാണാന്‍ പറക്കാം

ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡി. ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന മൂന്നാമത്തെ മോഡലായ സീല്‍ ഇലക്ട്രിക് സെഡാന്‍ മാര്‍ച്ച് അഞ്ചിന് അവതരിപ്പിക്കും. അവതരണത്തിന് മുന്നോടിയായി ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു. കൂടുതല്‍ ആളുകളെ ബുക്കിങ്ങിന് പ്രേരിപ്പിക്കുന്നതിനായി പ്രത്യേകം സമ്മാന പദ്ധതികളും പ്രഖ്യാപിച്ചാണ് ബുക്കിങ്ങ് ആരംഭിച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
ഏപ്രില്‍ 30-ന് മുമ്പ് സീല്‍ ഇലക്ട്രിക് സെഡാന്‍ ബുക്കുചെയ്യുന്ന ഉപയോക്താക്കള്‍ക്കായി ബി.വൈ.ഡി. ഒരു മത്സരം സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ വിജയിക്കുന്നവര്‍ക്ക് യൂവേഫ യൂറോകപ്പ് 2024 മത്സരങ്ങള്‍ കാണുന്നതിനുള്ള ടിക്കറ്റും വിമാനയാത്രയ്ക്കുള്ള ടിക്കറ്റും നല്‍കുമെന്നാണ് ഉപയോക്താക്കള്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്ന ഓഫര്‍. വാഹനം ബുക്കുചെയ്തവരില്‍ നിന്നുള്ള വിജയികളെ മെയ് മാസത്തില്‍ തന്നെ പ്രഖ്യാപിക്കുമെന്നും ബി.വൈ.ഡി. അറിയിച്ചിട്ടുണ്ട്.
2023-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രഖ്യാപിക്കപ്പെട്ട വാഹനമാണ് സീല്‍. ഇരട്ട ഇലക്ട്രിക് മോട്ടോറിന്റെ കരുത്തിനൊപ്പം ബി.വൈ.ഡി. സ്വന്തമായി വികസിപ്പിച്ചിട്ടുള്ള ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യയുമായാണ് സീല്‍ എത്തുന്നത്.മുന്‍പ് വിദേശ രാജ്യങ്ങളില്‍ സിംഗിള്‍ മോട്ടോര്‍ പതിപ്പുകളും എത്തിയിരുന്നു. ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ കിയ ഇ.വി.6, ഹ്യുണ്ടായി അയോണിക് 5 തുടങ്ങിയ വാഹനങ്ങളുമായാണ് മത്സരം.
61.4 കിലോവാട്ട്, 82.5 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് സീല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 61.4 khw ബാറ്ററി പാക്ക് മോഡലിന് ഒറ്റത്തവണ ചാര്‍ജില്‍ 550 കിലോമീറ്റര്‍ റേഞ്ചും 82.5 kwh ബാറ്ററി പായ്ക്ക് മോഡലില്‍ 700 കിലോമീറ്റര്‍ റേഞ്ചും ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന ഉറപ്പ്. കേവലം 3.8 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള കരുത്തും ബി.വൈ.ഡി. സീലില്‍ നല്‍കുന്നുണ്ട്.
ആഡംബര സ്പോര്‍ട്സ് കാറുകളോട് കിടപിടിക്കുന്ന സൗന്ദര്യവുമായാണ് സീല്‍ നിരത്തുകളില്‍ എത്തുന്നത്. സമുദ്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈനാണ് സീലിന്റേത് എന്നാണ് ബി.വൈ.ഡി. അവകാശപ്പെടുന്നത്. ബ്ലാക്ക് സ്മോഗ്ഡ് ആയിട്ടുള്ള സ്പ്ലിറ്റ് എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ബൂമറാങ് ഷേപ്പിലെ ഡി.ആര്‍.എല്‍. കൂര്‍ത്ത ബമ്പര്‍, താരതമ്യേന നീളം കൂടിയ ബോണറ്റ്, ബ്ലാക്ക് ബോര്‍ഡര്‍ നല്‍കിയിട്ടുള്ള എയര്‍ഡാം എന്നിവയാണ് മുന്‍വശത്തെ സൗന്ദര്യം.
ആദ്യ ബി.വൈ.ഡി. മോഡലുകളായ ആറ്റോ 3, ഇ6 തുടങ്ങിയ വാഹനങ്ങളില്‍ നിന്നെടുത്ത ഫീച്ചറുകളാണ് സീലിലും. റൊട്ടേറ്റിങ് ടച്ച് സ്‌ക്രീനാണ് ഇതിലെ ഒരു സവിശേഷത. 15.6 ഇഞ്ച് നീളമാണ് ഈ സ്‌ക്രീനിനുള്ളത്. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററിന് 10.25 ഇഞ്ച് വലിപ്പമാണുള്ളത്. ഡ്രൈവിങ് മോഡുകള്‍ തിരഞ്ഞെടുക്കുന്നതും വിന്‍ഡ് സ്‌ക്രീന്‍ ഹീറ്റാക്കുന്നതുമെല്ലാം ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലൂടെ സാധ്യമാകുന്നതും ഈ വാഹനത്തിന്റെ അകത്തളത്തിലെ സവിശേഷതയാണ്.
Content Highlights: BYD opens booking for upcoming electric sedan seal