വില കുറച്ചെങ്കിലും റേഞ്ചില്‍ മാറ്റമില്ല; ആറ്റോ 3-യുടെ പുതിയ പതിപ്പുമായി ബി.വൈ.ഡി.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ എന്ന ഖ്യാതിയിലേക്ക് അടുക്കുകയാണ് ചൈനീസ് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡി.(ബിൽഡ് യുവർ ഡ്രീംസ്). അതിവേഗം ഇലക്ട്രിക് വാഹനങ്ങളെ സ്വീകരിക്കുന്ന ഇന്ത്യ ബി.വൈ.ഡിയുടെ പ്രധാന വിപണികളില്‍ ഒന്നാണ്. മൂന്ന് മോഡലുകളില്‍ ഇതിനകം ഇന്ത്യയില്‍ എത്തിച്ച ബി.വൈ.ഡി. രണ്ടാമനായി എത്തിച്ച ആറ്റോ 3-യുടെ പുതിയൊരു വേരിയന്റ് കൂടി വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. ഡൈനാമിക് എന്ന് പേരിട്ടാണ് പുതിയ വേരിയന്റ് എത്തിയിട്ടുള്ളത്.
ആറ്റോ-3 മോഡലിന്റെ മറ്റ് വേരിയന്റുകളെക്കാള്‍ കുറഞ്ഞ വിലയിലാണ് ഡൈനാമിക് എത്തിയിരിക്കുന്നത്. 24.99 ലക്ഷം രൂപയാണ് ഈ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില. മുമ്പുതന്നെ വിപണിയില്‍ എത്തിയ പ്രീമിയം, സുപ്പീരിയര്‍ എന്നീ പതിപ്പുകള്‍ക്ക് യഥാക്രമം 29.85 ലക്ഷവും 33.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. മറ്റ് രണ്ട് വേരിയന്റുകളെക്കാള്‍ ചെറിയ ബാറ്ററി പാക്കിലാണ് ഡൈനാമിക് ഒരുങ്ങിയിട്ടുള്ളത്. 50 കിലോവാട്ട് ബാറ്ററി പാക്കുള്ള ഈ മോഡല്‍ റേഞ്ചില്‍ കാര്യമായ കുറവ് വരുത്തിയിട്ടില്ല. 468 കിലോമീറ്ററാണ് ഡൈനാമിക്ക് ഉറപ്പാക്കുന്ന റേഞ്ച്.
പ്രീമിയം, സുപ്പീരിയര്‍ പതിപ്പുകളില്‍ 60.48 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കാണ് നല്‍കിയിട്ടുള്ളത്. ഈ മോഡലുകള്‍ക്ക് 521 കിലോമീറ്റര്‍ റേഞ്ചാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിട്ടുള്ളതും. അതേസമയം, ഡൈനാമിക് ഉള്‍പ്പെടെയുള്ള എല്ലാ വേരിയന്റുകളിലും 204 ബി.എച്ച്.പി. പവറും 310 എന്‍.എം. ടോര്‍ക്കുമേകുന്ന സിംഗിള്‍ മോട്ടോറാണ് കുതിപ്പേകുന്നത്. ബാറ്ററി പാക്കില്‍ വരുത്തിയിട്ടുള്ള മാറ്റമാണ് പുതിയ വേരിയന്റിനെ പ്രധാനമായും മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
ചാര്‍ജിങ്ങ് സമയത്തിന്റെ കാര്യത്തില്‍ ഡൈനാമിക്കാണ് മറ്റുള്ള വേരിയന്റുകളെക്കാള്‍ കേമന്‍. എ.സി. ചാര്‍ജര്‍ ഉപയോഗിച്ച് എട്ട് മണിക്കൂറില്‍ ഡൈനാമിക്കിലെ ബാറ്ററി നിറയും. അതേസമയം, മറ്റ് വേരിയന്റുകളില്‍ ഇത് 10 മണിക്കൂര്‍ എടുക്കുമെന്നാണ് കണക്ക്. ഡി.സി. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് കേവലം 50 മിനിറ്റില്‍ ആറ്റോ-3 ഡൈനാമിക്കിന്റെ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. എല്ലാ വേരിയന്റുകള്‍ക്കൊപ്പവും ഏഴ് കിലോവാട്ടിന്റെ ഹോം ചാര്‍ജറും മൂന്ന് കിലോവാട്ടിന്റെ പോര്‍ട്ടബിള്‍ ചാര്‍ജറുമാണ് നല്‍കിയിട്ടുള്ളത്.
മറ്റ് വേരിയന്റുകളില്‍ ഉണ്ടായിരുന്ന ഏതാനും ഫീച്ചറുകള്‍ ഡൈനാമിക് പതിപ്പില്‍ നിന്ന് നീക്കിയിട്ടുണ്ട്. അഡാസ് സംവിധാനം, എട്ട് സ്പീക്കര്‍ സൗണ്ട് സിസ്റ്റം, മള്‍ട്ടി കളര്‍ ആംബിയന്റ് ലൈറ്റിങ്ങ്, പവേഡ് ടെയ്ല്‍ഗേറ്റ്, അഡാപ്റ്റീവ് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ് എന്നിവയാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടില്ലാത്ത ഫീച്ചറുകള്‍. 17 ഇഞ്ച് വലിപ്പമുള്ള വീലുകളാണ് ഡൈനാമിക്കിലുള്ളത്. ആറ്റോ 3-യുടെ നിരയിലേക്ക് കോസ്‌മോസ് ബ്ലാക്ക് എന്ന പുതിയ നിറം കൂടി ഡൈനാമിക് വേരിയന്റിലൂടെ എത്തിയിട്ടുണ്ട്.
Content Highlights: BYD launches new dynamic edition of Atto 3 electric SUV