അംബാനിയുടെ സുരക്ഷാ വാഹനവ്യൂഹത്തില്‍ 10 കോടിയുടെ എസ്.യു.വി.; എത്തിയത് നാല് ബെന്‍സ് G63 AMG

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും വ്യവസായിയുമാണ് മുകേഷ് അംബാനി. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയിലാണ് അദ്ദേഹത്തിന്റെ യാത്രകള്‍. ഒട്ടേറെ സുരക്ഷ ഉദ്യോഗസ്ഥരുടെയും സര്‍വ്വ സുരക്ഷ സന്നാഹങ്ങളുള്ള വാഹനങ്ങളുടെയും അകമ്പടിയോടെയാണ് അദ്ദേഹത്തിന്റെ യാത്രകളെല്ലാം. അദ്ദേഹത്തിന്റെ അകമ്പടി വാഹനവ്യൂഹത്തിലേക്ക് എത്തിയ പുതിയ വാഹനങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ തരംഗം.
മെഴ്‌സിഡസ് ബെന്‍സിന്റെ എസ്.യു.വി. ശ്രേണിയിലെ കരുത്തരായ ബെന്‍സ് ജി 63 എ.എം.ജിയാണ് അദ്ദേഹത്തിന്റെ സുരക്ഷ അകമ്പടി വാഹനത്തില്‍ പുതുതായി എത്തിയിട്ടുള്ളത്. ഒരെണ്ണത്തിന് ഏകദേശം 2.5 കോടി രൂപ വില വരുന്ന ഈ എസ്.യു.വിയുടെ നാല് എണ്ണമാണ് അദ്ദേഹത്തിന് സുരക്ഷ ഉറപ്പാക്കാന്‍ പുതുതായി എത്തിയിട്ടുള്ളത്. പുതിയ അകമ്പടി വാഹനങ്ങളുടെ ദൃശ്യം കഴിഞ്ഞ ദിവസമാണ് യുട്യൂബില്‍ പ്രചരിച്ചത്.
മുമ്പ് റേഞ്ച് റോവര്‍ വോഗ് ആയിരുന്നു മുകേഷ് അംബാനിയുടെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചിരുന്ന വാഹനം. ഇവയ്ക്ക് പകരമായാണ് ബെന്‍സ് ജി 63 എ.എം.ജി. എത്തിയതെന്നാണ് സൂചന. മുകേഷ് അംബാനിക്ക് യാത്രയൊരുക്കുന്നതിനായി ഇന്ത്യയില്‍ ഏറ്റവും വിലയുള്ള ബുള്ളറ്റ് പ്രൂഫ് വാഹനമായ മെഴ്‌സിഡസ് ബെന്‍സ് എസ് 600 ഗാര്‍ഡ് കഴിഞ്ഞ വര്‍ഷമാണ് എത്തിയത്. പത്ത് കോടി രൂപയോളമായിരുന്നു ഈ വാഹനത്തിന്റെ വില.
മെഴ്‌സിഡസ് ഇന്ത്യയിലെത്തിക്കുന്നതില്‍ ഏറ്റവും കരുത്തുള്ളതും ശക്തമായ സുരക്ഷ സംവിധാനങ്ങളുമുള്ള എസ്.യു.വികളിലൊന്നാണ് ജി 63 എ.എം.ജി. 4.0 ലിറ്റര്‍ വി8 ബൈ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നത്. 3982 സി.സിയില്‍ 576 ബി.എച്ച്.പി.പവറും 850 എന്‍.എം. ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. കേവലം 5.4 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും.
Content Highlights: Business Man Mukesh Ambani's Security Convoy Vehicle Mercedes Benz G63 AMG
Content Highlights: