വെറൈറ്റി നിറത്തിലുള്ള മെഴ്‌സിഡീസ് എ.എം.ജി. ജി 63 സ്വന്തമാക്കി ശില്‍പ ഷെട്ടി; വില 2.55 കോടി

ഇന്ത്യയിലെ ആഡംബര വാഹനപ്രേമികളുടെ ബക്കറ്റ് ലിസ്റ്റിലെ പ്രധാന വാഹനമാണ് മെഴ്‌സിഡീസ് ബെന്‍സിന്റെ എ.എം.ജി. ജി63 എന്ന അത്യാഡംബര എസ്.യു.വി. ഇന്ത്യയിലെ സിനിമാതാരങ്ങളുടെയും സ്‌പോര്‍ട്‌സ് താരങ്ങളുടെയും ഇഷ്ടവാഹനം കൂടിയായ ഈ ആഡംബര എസ്.യു.വി. ഏറ്റവുമൊടുവില്‍ സ്വന്തമാക്കിയ താരമാണ് ബോളിവുഡ് നടിയായ ശില്‍പ ഷെട്ടി. ഓഗസ്റ്റ് മാസം അവസാനത്തോടെ എത്തിയ ഈ വാഹനം നടിയുടെ ഭര്‍ത്താവിന്റെ കമ്പനിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മറ്റ് എ.എം.ജി. ജി63 ഉടമകളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേകം നിറത്തിലുള്ള വാഹനമാണ് ശില്‍പ ഷെട്ടിയുടെ ഗ്യാരേജില്‍ എത്തിയിരിക്കുന്നത്. റോസ് ഗോള്‍ഡ് നിറത്തിലുള്ള വാഹനമാണ് നടി തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു വേരിയന്റില്‍ മാത്രമാണ് മെഴ്‌സിഡീസ് എ.എം.ജി. ജി63 ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. 2.55 കോടി രൂപയാണ് ഈ അത്യാഡംബര എസ്.യു.വിയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍ അടുത്തിടെ ഈ വാഹനം സ്വന്തമാക്കിയിരുന്നു.
മെഴ്‌സിഡസ് ഇന്ത്യയിലെത്തിക്കുന്നതില്‍ ഏറ്റവും കരുത്തുള്ളതും ശക്തമായ സുരക്ഷ സംവിധാനങ്ങളുമുള്ള എസ്.യു.വികളിലൊന്നാണ് ജി 63 എ.എം.ജി. 4.0 ലിറ്റര്‍ വി8 ബൈ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നത്. 3982 സി.സിയില്‍ 576 ബി.എച്ച്.പി.പവറും 850 എന്‍.എം. ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. 240 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനം കേവലം 4 .5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കും.
ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ മുറിയുടെ സൗകര്യങ്ങളുള്ള ശില്‍പ ഷെട്ടിയുടെ വാനിറ്റി വാഹാനം അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഫിറ്റ്‌നെസ് ട്രെയിനിങ്ങിനും യോഗയ്ക്കുമുള്ള സൗകര്യങ്ങള്‍ വരെ ഈ വാനിറ്റി വാനില്‍ ഒരുക്കിയിട്ടുണ്ട്. ഈ വാഹനത്തിന് പുറമെ, ബെന്റ്‌ലി, ലംബോര്‍ഗിനി തുടങ്ങിയ പെര്‍ഫോമെന്‍സ് വാഹനങ്ങളും ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ലോങ് വീല്‍ബേസ് ആഡംബര എസ്.യു.വി മോഡലും ശില്‍പ്പ ഷെട്ടിയുടെ ഗ്യാരേജില്‍ എത്തിയിട്ടുണ്ട്.
Content Highlights: Bollywood actress Shilpa Shetty Kundra buys Mercedes Benz AMG G63 SUV