കറുപ്പഴകിലെ അലങ്കാരങ്ങള്‍, Q3-ക്ക് പിന്നാലെ Q7 ബോള്‍ഡ് എഡിഷന്‍ പുറത്തിറക്കി ഔഡി

ഇന്ത്യയിലെ ആഡംബര വാഹനപ്രേമികള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയിട്ടുള്ള കമ്പനിയാണ് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി. കഴിഞ്ഞ ദിവസമാണ് ഔഡിയുടെ കുഞ്ഞന്‍ എസ്.യു.വി. മോഡലായ Q3-യുടെ ബോള്‍ഡ് എഡിഷന്‍ എത്തിയത്. ഇതിനുപിന്നാലെ തന്നെ ഔഡി ഇന്ത്യയുടെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായ Q7-ന്റെയും ബോള്‍ഡ് എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്.
ലുക്കില്‍ വരുത്തിയിട്ടുള്ള പുതുമയ്ക്കും ഫീച്ചറുകളില്‍ വരുത്തിയിട്ടുള്ള അപേഡേഷനുമാണ് റെഗുലര്‍ Q7 മോഡലില്‍ നിന്ന് ബോള്‍ഡ് എഡിഷനെ വ്യത്യസ്തമാക്കുന്നത്. 97.84 ലക്ഷം രൂപയാണ് ഈ പ്രത്യേക പതിപ്പിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. Q7-ന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായ ടെക്‌നോളജി വേരിയന്റിനെക്കാള്‍ 3.3 ലക്ഷം രൂപയാണ് ബോള്‍ഡ് എഡിഷന് അധികമായി ഈടാക്കുന്നത്. 94.45 ലക്ഷം രൂപയാണ് ടെക്‌നോളജിയുടെ എക്‌സ്‌ഷോറൂം വില.
സ്‌പോര്‍ട്ടി ബ്ലാക്ക് നിറത്തില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, ഗ്ലോസി ബ്ലാക്ക് നിറത്തിലേക്ക് മാറിയ ഔഡി ലോഗോ, കറുപ്പ് നിറത്തില്‍ ബോര്‍ഡറുകള്‍ നല്‍കിയിട്ടുള്ള വിന്‍ഡോയും റൂഫ് റെയിലും റിയര്‍ വ്യൂ മിററുകളുമാണ് റെഗുലര്‍ മോഡലില്‍ നിന്ന് ബോള്‍ഡ് എഡിഷനിലേക്കുള്ള മാറ്റത്തിന് വഴിയൊരുക്കുന്നത്. ഇന്റീരിയറില്‍ കാര്യമായ അഴിച്ചുപണി വരുത്തിയിട്ടില്ല. ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 19 സ്പീക്കറുകളുള്ള മ്യൂസിക് സിസ്റ്റം, എയര്‍ ക്വാളിറ്റി സെന്‍സര്‍ എന്നിവ ബോള്‍ഡ് എഡിഷന്റെയും ഹൈലൈറ്റാണ്.
ബോള്‍ഡ് എഡിഷനിലേക്കുള്ള മാറ്റം ലുക്കില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മെക്കാനിക്കലായി റെഗുലര്‍ Q7-നെ പിന്തുടര്‍ന്നാണ് ബോള്‍ഡ് എഡിഷന്‍ എത്തിച്ചിരിക്കുന്നത്. 3.0 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനിലാണ് ഈ വാഹനവും എത്തിയിട്ടുള്ളത്. 335 ബി.എച്ച്.പി. പവറും 500 എന്‍.എം.ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ഇതില്‍ നല്‍കിയിട്ടുണ്ട്.
സുരക്ഷയുടെ കാര്യത്തില്‍ ബോള്‍ഡായാണ് Q7 ബോള്‍ഡ് എഡിഷന്‍ എത്തിച്ചിരിക്കുന്നത്. എട്ട് എയര്‍ബാഗ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍വ്യൂ ക്യാമറയ്‌ക്കൊപ്പം മുന്നിലും പിന്നിലും നല്‍കിയിട്ടുള്ള പാര്‍ക്കിങ്ങ് സെന്‍സറുകള്‍ എന്നിവയും ഇതിലുണ്ട്. മാട്രിക്‌സ് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഡൈനാമിക് ടേണ്‍ ഇന്റിക്കേറ്ററുകള്‍, 19 ഇഞ്ച് സ്‌പോക് അലോയി വീലുകള്‍, അഡാപ്റ്റീവ് വൈപ്പര്‍ തുടങ്ങിയ ഫീച്ചറുകളും ഈ വാഹനത്തിന്റെ ഹൈലൈറ്റാണ്.
Content Highlights: Audi launches the bold edition of Q7 flagship SUV in India