600 കിലോമീറ്റര്‍ റേഞ്ച്, 80 ശതമാനം ചാര്‍ജിന് 30 മിനിറ്റ്; പുതിയ Q8 ഇ-ട്രോണുകളുമായി ഔഡി

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ ഇലക്ട്രിക് വാഹനനിരയിലേക്ക് പുതിയ മോഡലുകള്‍ അവതരിപ്പിച്ചു. Q8 ഇ-ട്രോണ്‍, Q-8 ഇ-ട്രോണ്‍ സ്‌പോര്‍ട്ബാക്ക് എന്നീ രണ്ട് മോഡലുകളാണ് ഇലക്ട്രിക് വെഹിക്കിള്‍ ലൈനപ്പില്‍ എത്തിയിട്ടുള്ളത്. മുമ്പ് എത്തിയിട്ടുള്ള ഇ-ട്രോണ്‍ എസ്.യു.വിയുടെ മുഖംമിനുക്കിയ പതിപ്പാണ് Q8 ഇ-ട്രോണ്‍ എന്നാണ് ഔഡി അറിയിച്ചിരിക്കുന്നത്. അവതരിപ്പിച്ചതിന് പിന്നാലെ ഈ വാഹനങ്ങള്‍ക്കുള്ള ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ അഡ്വാന്‍സ് തുക നല്‍കി ഈ വാഹനങ്ങള്‍ ബുക്കുചെയ്യാം.
ബാറ്ററി ഓപ്ഷനുകളെ അടിസ്ഥാനുപ്പെടുത്തി രണ്ട് വീതം വേരിയന്റുകളിലാണ് ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ള രണ്ട് മോഡലുകളും എത്തിച്ചിരിക്കുന്നത്. ഔഡി ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍ 55 എന്നീ മോഡലുകള്‍ക്ക് യഥാക്രമം 1.14 കോടി രൂപയും 1.26 കോടി രൂപയുമാണ് എക്‌സ്‌ഷോറൂം വില. അതേസയമം, Q8 ഇ-ട്രോണ്‍ സ്‌പോര്‍ട്ബാക്കിന്റെ 50,55 വേരിയന്റുകള്‍ക്ക് യഥാക്രമം 1.18 കോടി രൂപയും 1.30 കോടി രൂപയുമാണ് എക്‌സ്‌ഷോറൂം വിലയെന്ന് ഔഡി ഇന്ത്യ അറിയിച്ചു.
Q8 ഇ-ട്രോണ്‍, സ്‌പോര്‍ട്ബാക്ക് 55 വേരിയന്റില്‍ 114 കിലോവാട്ട് ബാറ്ററിയും 50 വേരിയന്റില്‍ 95 കിലോവാട്ട് ബാറ്ററിയുമാണ് നല്‍കിയിട്ടുള്ളത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഇവയില്‍ നല്‍കിയിട്ടുണ്ട്. 50 വേരിയന്റിലെ ഇലക്ട്രിക് മോട്ടോര്‍ 340 ബി.എച്ച്.പി. പവറും 664 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. 55 വേരിയന്റില്‍ 408 ബി.എച്ച്.പിയാണ് പവര്‍. ഇ-ട്രോണ്‍ 50, 55 വേരിയന്റുകള്‍ 491 കി.മീ, 582 കി.മീ റേഞ്ചും സ്‌പോര്‍ട്ബാക്ക് 50,55 മോഡലുകള്‍ 505 കി.മീ, 600 കി.മീ. എന്നിങ്ങനെയും റേഞ്ച് ഉറപ്പാക്കും.
റെഗുലര്‍ ചാര്‍ജിങ്ങിന് പുറമെ, ഫാസ്റ്റ് ചാര്‍ജിങ്ങ് സംവിധാനവും ഒരുക്കിയാണ് ഈ വാഹനങ്ങള്‍ എത്തിച്ചിരിക്കുന്നത്. 22 കിലോവാട്ട് ചാര്‍ജറാണ് ഇവയില്‍ അടിസ്ഥാനമായി നല്‍കിയിട്ടുള്ളത്. ഇത് ഉപയോഗിച്ച് ഇ-ട്രോണ്‍ 50 വേരിയന്റ് 4.45 മണിക്കൂറില്‍ 100 ശതമാനം ചാര്‍ജുചെയ്യാം. 55 വേരിയന്റിന് ആറ് മണിക്കൂര്‍ സമയം വേണ്ടിവരും. അതേസമയം, 170 കിലോവാട്ട് ഡി.സി. ചാര്‍ജര്‍ ഉപയോഗിച്ച് കേവലം 30 മിനിറ്റില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
മുന്‍ മോഡലില്‍ നിന്ന് ലുക്കില്‍ ചെറിയ മാറ്റങ്ങളുമായാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. 2ഡി ഔഡി ലോഗോ, രൂപമാറ്റം വരുത്തിയ ബമ്പര്‍, എല്‍.ഇ.ഡി. ലൈറ്റ് സെറ്റപ്പുകള്‍ എന്നിവയില്‍ പുതുമ വരുത്തിയിട്ടുണ്ട്. ഗ്രില്ല് ഉള്‍പ്പെടെയുള്ളവ മുന്‍ മോഡലില്‍ നിന്ന് പറിച്ചുനട്ടവയാണ്. 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ കോക്പിറ്റ്, 16 സപീക്കറുള്ള ഓഡിയോ സിസ്റ്റം, മസാജ്, മെമ്മറി ഫങ്ഷനുകള്‍ നല്‍കിയിട്ടുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍ തുടങ്ങിയ ഫീച്ചറുകളും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.
Content Highlights: Audi launches Q8 E-Tron, E-Tron Sportback electric vehicle, price starts at 1.14 crores