കൊറോണയും, ലോക്ക്ഡൗണും; ഔഡിയുടെ ഇലക്ട്രിക് കരുത്തന് ഇ-ട്രോണ്‍ ഉടന്‍ ഇന്ത്യയിലേക്കില്ല
പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന വാഹനങ്ങള്‍ക്ക് ബദലായ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളിലെത്തി തുടങ്ങി. ഇ-ട്രോണ്‍ എന്ന വാഹനത്തിന്റെ പ്രഖ്യാപനത്തിലൂടെ ഇന്ത്യയിലെ ആദ്യ പ്രീമിയം ഇലക്ട്രിക് കാര്‍ അവതരിപ്പിക്കുന്ന ഔഡിയായിരിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഈ വരവ് നീളുമെന്നാണ് എന്‍ഡിടിവി കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലോകത്താകമാനം ബാധിച്ചിരിക്കുന്ന കൊറോണ വൈറസാണ് ഈ വാഹനത്തിന്റെ ഇന്ത്യ പ്രവേശനത്തെ ബാധിച്ചിരിക്കുന്ന പ്രധാന പ്രശ്നം. തികച്ചും പുതിയ ഒരു വാഹനം എത്തിക്കുന്നതില്‍ ഔഡി വിമുഖത കാണിക്കുന്നുണ്ട്. ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇ-ട്രോണ്‍ ഇന്ത്യന്‍ നിരത്തുകളിലെത്തുമെന്നാണ് ഔഡി മുമ്പ് അറിയിച്ചിരുന്നത്.
ഇന്ത്യയില്‍ നടത്തിയ പഠനത്തില്‍ നിന്ന് ഇ-ട്രോണിന് വലിയ സാധ്യതയുണ്ടെന്നാണ് മനസിലാകുന്നത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഇ-ട്രോണ്‍ എത്തിക്കുന്നത് പ്രായോഗികമല്ല. ഇന്ത്യയിലെ വാഹന ചാര്‍ജിങ്ങ് സംവിധാനങ്ങള്‍ കാര്യക്ഷമാകുന്നതിനനുസരിച്ചായിരിക്കും ഈ വാഹനത്തിന്റെ വരവെന്നും ഔഡി ഇന്ത്യ മേധാവി ബാല്‍ബിര്‍ സിങ്ങ് ദിലോണ്‍ കാര്‍ ആന്‍ഡ് ബൈക്കിനോട് പറഞ്ഞു.
ഔഡി ഗ്ലോബല്‍ ലൈനപ്പിലെ ആദ്യ പ്രൊഡക്ഷന്‍ ഇലക്ട്രിക് മോഡലാണ് ഇട്രോണ്‍. ഔഡി കാറുകളുടെ തലയെടുത്ത് പ്രകടമാകുന്ന മോഡലാണ ്ഇ-ട്രോണ്‍. ആക്ടീവ് ഫ്ളാപ്പ്സോടുകൂടിയ ഒക്ടഗണല്‍ ഗ്രില്‍, റിയര്‍വ്യൂ മിററിന് പകരം എ പില്ലറുകളില്‍ നല്‍കിയിട്ടുള്ള ക്യാമറകള്‍ എന്നിവ തികച്ചും പുതിയ ഫീച്ചറുകളാണ് ഔഡിയുടെ അത്യാഡംബരഭാവം ഇന്റീരിയറിലും നിറയുന്നുണ്ട്.
95kWh ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഇട്രോണിന്റെ ശക്തി സ്രോതസ്. മുന്നിലുള്ള 125 kW മോട്ടോറും പിന്നിലുള്ള 140 kW മോട്ടോറുകൂടി ചേര്‍ന്ന് 355 ബിഎച്ച്പി പവറും 561 എന്‍എം ടോര്‍ക്കുമേകും. അതേസമയം ബൂസ്റ്റ് മോഡില്‍ 408 ബിഎച്ച്പി പവറും ലഭിക്കും. നോര്‍മല്‍ ചാര്‍ജര്‍ ഉപയോഗിച്ച് എട്ടര മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം, ഫാസ്റ്റര്‍ ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 40 മിനിറ്റിലും.
5 സീറ്റര്‍ ഇട്രോണിന് ഒറ്റചാര്‍ജില്‍ 400 കിലോമീറ്റര്‍ ദൂരം പിന്നിടാനും സാധിക്കും. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗത. 6.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാം. ബുസ്റ്റ് മോഡില്‍ ഈ വേഗത്തിലെത്താന്‍ 5.7 സെക്കന്‍ഡ് മതി. 660 ലിറ്റര്‍ ലഗേജ് സ്പേസ് പിന്നിലുണ്ട്.
Source: NDTV Car and Bike
Content Highlights: Audi Electric Model E-Tron India Launch Postponed Due To Corona and Lock Down
Content Highlights: