ഏറ്റവും വേഗതയുള്ള ആസ്റ്റണ്‍ മാര്‍ട്ടിന്‍, 100 തൊടാന്‍ വെറും 3.3 സെക്കന്റ്; വാന്‍ക്വിഷ് ഇന്ത്യയില്‍

ബ്രിട്ടീഷ് അത്യാഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഇന്ത്യയിലെ വാഹനനിര വിപുലമാക്കുന്നതിനുള്ള നീക്കങ്ങളിലാണ്. ഡിബി12, ഡിബിഎക്‌സ്707, വാന്റേജ് തുടങ്ങിയ മോഡലുകള്‍ എത്തിച്ച ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഏറ്റവുമൊടുവില്‍ കരുത്തന്‍ മോഡലായ വാന്‍ക്വിഷ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. വാന്‍ക്വിഷിന്റെ മൂന്നാം തലമുറ മോഡലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 8.85 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാഹനങ്ങളിലെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ എന്ന വിശേഷിപ്പിക്കുന്ന ഈ മോഡലാണ് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വേഗതയുള്ള മോഡലുമെന്നാണ് വിലയിരുത്തല്‍. കമ്പനിയുടെ വാഹന നിരയിലെ മറ്റൊരു കരുത്തന്‍ സാന്നിധ്യമായിരുന്ന ഡിബിഎസ് സൂപ്പര്‍ലെഗേരയ്ക്ക് പകരക്കാരനായാണ് വാന്‍ക്വിഷ് എത്തിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെരാരിയുടെ 12 സിലിന്‍ഡ്രി എന്ന മോഡലാണ് വാന്‍ക്വിഷിന്റെ പ്രധാന എതിരാളി.
എതിരാളികള്‍ക്കൊപ്പം കട്ടയ്ക്ക് നില്‍ക്കാന്‍ കരുത്തുള്ള എന്‍ജിനാണ് വാന്‍ക്വിഷിലുള്ളത്. 5.2 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി12 പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇത് 835 എച്ച്പി പവറും 1000 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 3.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള കരുത്തുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 345 കിലോമീറ്ററാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാഹനങ്ങളുടെ സിഗ്നേച്ചര്‍ ഡിസൈനിലാണ് ഗ്രില്ല് ഒരുങ്ങിയിട്ടുള്ളതെങ്കിലും വലിപ്പം താരതമ്യേന കൂടിയിട്ടുണ്ട്. മഞ്ഞ് തുള്ളിയുടെ ആകൃതിയില്‍ എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ഹെഡ്‌ലാമ്പ്, ബമ്പറിന്റെ വശങ്ങളിലായി നല്‍കിയിട്ടുള്ള ഫോഗ്‌ലാമ്പ്, ബ്ലാക്ക് ഫിനീഷിങ് ലോവര്‍ ലിപ്പ്, എയര്‍ സര്‍ക്കുലേഷന്‍ ഉറപ്പാക്കുന്നതിനായി ബോണറ്റില്‍ നല്‍കിയിട്ടുള്ള എയര്‍ സ്‌കൂപ്പ് എന്നിവ ഈ വാഹനത്തിന്റെ ഡിസൈനിന് കൂടുതല്‍ മികവേകുന്നുണ്ട്.
ടൂ ഡോര്‍ കൂപ്പെ സിലിവേറ്റിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. വശങ്ങളിലും ബ്ലാക്ക് ഫിനീഷിങ് ഇന്‍സേര്‍ട്ടുകള്‍ നല്‍കുന്നുണ്ട്. 21 ഇഞ്ച് വലിപ്പത്തില്‍ ഫോഗ്ഡ് അലോയി വീലുകളും വാന്‍ക്വിഷിന് ഒരു പെര്‍ഫോമെന്‍സ് വാഹനത്തിന്റെ ഭാവങ്ങള്‍ നല്‍കുന്നുണ്ട്. പിന്നിലെ വീല്‍ ആര്‍ച്ച്, ചാഞ്ഞിറങ്ങുന്ന റൂഫ് ലൈന്‍ എന്നിവ രണ്ടാം തലമുറ വാന്‍ക്വിഷില്‍ നിന്ന് കടംകൊണ്ടവയാണ്. സ്റ്റഡുകളായി പതിപ്പിച്ച എല്‍.ഇ.ഡി. ടെയില്‍ലാമ്പ്, നാല് എക്‌സ്‌ഹോസ്റ്റ് പൈപ്പ്, റിയര്‍ ഡിഫ്യൂസര്‍ എന്നിവയെല്ലാം വാഹനത്തെ കൂടുതല്‍ സ്റ്റൈലിഷാക്കും.
മുന്‍ മോഡലില്‍ നിന്ന് വലിയ അഴിച്ചുപണികള്‍ വരുത്തിയാണ് മൂന്നാം തലമുറ വാന്‍ക്വിഷ് എത്തിയിരിക്കുന്നത്. രണ്ട് സീറ്റുകളാണ് ഇതിലുള്ളത്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, വയേഡ് ആന്‍ഡ്രോയിഡ് ഓട്ടോ സംവിധാനങ്ങളുള്ള 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇതേ വലിപ്പത്തില്‍ നല്‍കിയിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫിസിക്കല്‍ സ്വിച്ചുകള്‍ എന്നിവയാണ് ഇന്റീരിയറിലുള്ളത്. ബ്രൗണ്‍ നിറത്തിലുള്ള ഇന്റീരിയര്‍ അല്‍ക്കന്റാര മെറ്റീരിയലാണ് തീര്‍ത്തിരിക്കുന്നത്.
Content Highlights: Aston Martin launches its flagship Vanquish in India. Boasting a 5.2L V12 engine, 835hp