3.59 കോടിയുടെ SUV സ്വന്തമാക്കി അര്‍ഷദീപ് സിങ്; ഫാസ്റ്റ് ബൗളറുടെ യാത്രകള്‍ ഇനി മെഴ്‌സിഡീസിനൊപ്പം

മെഴ്സിഡീസ് എഎംജി ജി63 എന്ന വാഹനം ഒരു സ്റ്റേറ്റ്‌മെന്റായാണ് വാഹന ലോകം കണക്കാക്കുന്നത്. വാഹനങ്ങളുടെ പെര്‍ഫോമെന്‍സിനും ഡ്രൈവിങ് കംഫര്‍ട്ടിനും പ്രാധാന്യം നല്‍കുന്ന സമ്പന്നരുടെ വാഹന ശേഖരത്തിലെ താരമാണ് എഎംജി ജി63. ലോകമെമ്പാടുമുള്ള നിരവധി സെലിബ്രിറ്റുകളുടെ ഗ്യാരേജില്‍ ഇടംനേടിയിട്ടുള്ള ഈ വാഹനം ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു താരം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. വേഗതയ്ക്ക് പേരുകേട്ട ഈ വാഹനം ഇന്ത്യയുടെ പേസ് ബൗളര്‍ അര്‍ഷ്ദീപ് സിങ് ആണ് വാങ്ങിയിരിക്കുന്നത്.
ടി20-യില്‍ 100 വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹം ഈ കരുത്തന്‍ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. തന്റെ വാഹനശേഖരത്തിലേക്ക് വാഹനലോകത്തെ കരുത്തനെ എത്തിച്ച സന്തോഷം അര്‍ഷ്ദീപ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. മെഴ്സിഡസ് ഇന്ത്യയിലെത്തിക്കുന്നതില്‍ ഏറ്റവും കരുത്തുള്ളതും ശക്തമായ സുരക്ഷ സംവിധാനങ്ങളുമുള്ളതുമായ എഎംജി ജി63 എസ്‌യുവിക്ക് 3.59 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.
മെഴ്സിഡീസിന്റെ വാഹന നിരയില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ വാഹനം ലാഡര്‍ ഫ്രെയിം ഷാസിയില്‍ ബോക്സി സ്റ്റൈലിലാണ് ഒരുങ്ങിയിരിക്കുന്നത്. കരുത്തിനൊപ്പം ഫീച്ചറുകളുടെയും കലവറയാണ് ഈ വാഹനം. കരുത്തന്‍ എസ്‌യുവിയായ ജി 63-യില്‍ 4.0 ലിറ്റര്‍ വി8 ബൈ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. 585 ബിഎച്ച്പി പവറും 850 എന്‍എം ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍. 4.2 സെക്കന്റില്‍ പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും.
ലുക്കിലും സ്പോര്‍ട്ടിയായ വാഹനമാണ് മെഴ്സിഡീസ് ബെന്‍സ് ജി63. മെഴ്സിഡീസിന്റെ ലോഗോ നല്‍കിയിരിക്കുന്ന പനമേരിക്കാന ഗ്രില്ല്, റൗണ്ട് ഷേപ്പില്‍ ഒരുങ്ങിയിട്ടുള്ള ഡിആര്‍എല്‍ ഉള്‍പ്പെടെ നല്‍കിയിരിക്കുന്ന ഹെഡ്ലാമ്പ് ക്ലെസ്റ്റര്‍, വലിയ എയര്‍ ഇന്‍ടേക്, എഎംജി വീല്‍ ആര്‍ച്ച്, 22 ഇഞ്ച് വലിപ്പത്തില്‍ ഒരുങ്ങിയിരിക്കുന്ന എഎംജി അലോയി വീലുകള്‍, ബോണറ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്ന എഎംജി ബാഡ്ജിങ് തുടങ്ങിയവയാണ് ഈ വാഹനത്തിന് അഴകേകുന്ന ഏതാനും ഫീച്ചറുകള്‍.
ആഡംബര സംവിധാനങ്ങളുടെ അകമ്പടിയോടെയാണ് അകത്തളം തീര്‍ത്തിരിക്കുന്നത്. സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് തീമിലാണ് അകത്തളം തീര്‍ത്തിരിക്കുന്നത്. എംബിയുഎക്സ് മള്‍ട്ടി മീഡിയ സിസ്റ്റം, ഓഫ് റോഡ് ഡിസ്പ്ലേ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഓഗ്മെന്റഡ് റിയാലിറ്റി നാവിഗേഷന്‍, നാപ്പ ലെതറില്‍ തീര്‍ത്തിരിക്കുന്ന മള്‍ട്ടി കളര്‍ സീറ്റുകള്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള പാനലുകള്‍, ബര്‍മസ്റ്റര്‍ ത്രീ ഡി സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റുകള്‍, പാസഞ്ചര്‍ എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍ തുടങ്ങിയ ഫീച്ചറുകളാണ് ഇന്റീരിയറിലുള്ളത്.
Content Highlights: Indian pacer Arshdeep Singh adds a powerful Mercedes-AMG G63 SUV to his collection after achieving a T20 milestone. Discover the luxury and performance of his new ₹3.59 crore ride.