ഇലക്ട്രിക് തരംഗത്തിന്റെ ഭാഗമാകുന്നു; എം.ജി. കോമറ്റ് ഇ.വി. സ്വന്തമാക്കി സാജിദ് യാഹിയ

സാജിദ് യാഹിയയും കുടുംബവും പുതിയ വാഹനത്തിന് സമീപം | Photo: Facebook
സാജിദ് യാഹിയയും കുടുംബവും പുതിയ വാഹനത്തിന് സമീപം | Photo: Facebook

മിസ്തുബിഷി ഔട്ട്‌ലാന്‍ഡര്‍ എന്ന കിടിലന്‍ ഓഫ് റോഡ് എസ്.യു.വി. സ്വന്തമായുള്ള ആളുകള്‍ കേരളത്തില്‍ വളരെ ചുരുക്കമാണ്. ഈ വാഹനം ഇപ്പോഴും സ്വന്തം ഗ്യാരേജില്‍ സൂക്ഷിക്കുന്ന വ്യക്തികളില്‍ ഒരാളാണ് യുവനടനും സംവിധായകനും നിര്‍മാതാവുമായ സാജിദ് യാഹിയ. അപൂര്‍വ്വ എസ്.യു.വി. ഉടമയായ അദ്ദേഹത്തിന്റെ ഗ്യാരേജിലേക്ക് ഒരു കുഞ്ഞന്‍ ഇലക്ട്രിക് വാഹനം കൂടി എത്തിയിരിക്കുകയാണ്. എം.ജി. മോട്ടോഴ്‌സ് വിപണിയില്‍ എത്തിച്ച കോമറ്റ് ഇ.വിയാണ് അദ്ദേഹത്തിന്റെ പുതിയ വാഹനം.

സാജിദ് യാഹിയ തന്നെയാണ് പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ലിറ്റില്‍ കോമറ്റ് ഇനി കുടുംബാംഗം, ഇലക്ട്രിക് തരംഗത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷം എന്ന കുറിപ്പോടെയാണ് അദ്ദേഹം പുതിയ വാഹനം വാങ്ങിയതിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എം.ജി. മോട്ടോഴ്‌സിന്റെ കൊച്ചിയിലെ ഡീലര്‍ഷിപ്പില്‍ നിന്ന് കുടുംബസമേതമെത്തിയാണ് അദ്ദേഹം പുതിയ വാഹനത്തെ കൂടെ കൂട്ടിയിരിക്കുന്നത്. 

അടുത്തിടെയാണ് എം.ജി. മോട്ടോഴ്‌സിന്റെ രണ്ടാമത്തെ ഇലക്ട്രിക് മോഡലായ കോമറ്റ് ഇ.വി. ഇന്ത്യന്‍ വിപണയില്‍ എത്തിയത്. പേസ്, പ്ലേ, പ്ലെഷ് എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ കുഞ്ഞന്‍ ഇലക്ട്രിക് വാഹനത്തിന് യഥാക്രമം 7.98 ലക്ഷം, 9.28 ലക്ഷം, 9.98 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില. എന്നാല്‍, ഇതില്‍ ഏത് വകഭേദമാണ് സാജിദ് യാഹിയ സ്വന്തമാക്കിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. 

വലിപ്പക്കുറവ് തന്നെയാണ് എം.ജി. കോമറ്റ് ഇ.വിയുടെ സവിശേഷത. 2974 എം.എം. നീളവും 1505 എം.എം. വീതിയും 1640 എം.എം. ഉയരവും 2010 എം.എം. വീല്‍ബേസുമായാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. വലിപ്പത്തില്‍ ചെറുതാണെങ്കിലും ഏറ്റവും മികച്ചതും വിശാലമായതുമായ അകത്തളവുമായാണ് ഈ വാഹനം എത്തിയത്. എം.ജി. വാഹനങ്ങളുടെ മുഖമുദ്രയായ കണക്ടഡ് ഫീച്ചറുകള്‍ ഉള്‍പ്പെടെയുള്ളവയും ഈ കുഞ്ഞന്‍ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 230 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഐ.പി.67 റേറ്റിങ്ങ് നേടിയിട്ടുള്ള 17.3 കിലോവാട്ട് അവര്‍ ശേഷിയുള്ള ഇലക്ട്രിക് ബാറ്ററിയാണ് ഇതിലുള്ളത്. 42 പി.എസ്. പവറും 110 എന്‍.എം. ടോര്‍ക്കുമേകുന്ന പെര്‍മനന്റ് മാഗ്നറ്റ് സിന്‍ക്രണസ് മോട്ടോറാണ് ഈ വാഹനത്തിലുള്ളത്. എ.സി. ചാര്‍ജിങ്ങ് മാത്രമുള്ള വാഹനം പൂര്‍ണമായും ചാര്‍ജ് നിറയാന്‍ ഏഴ് മണിക്കൂര്‍ വേണം.

Content Highlights: Actor Sajid Yahiya buys MG Comet EV, Sajid Yahiya, MG Comet Electric