ബി.എം.ഡബ്ല്യുവിന്റെ കുതിക്കുന്ന ആഡംബരം; 3 സീരീസ് സ്വന്തമാക്കി നടന്‍ ഫര്‍ഹാന്‍ ഫാസില്‍ | Video

ഫര്‍ഹാന്‍ ഫാസില്‍ പുതിയ വാഹനം ഏറ്റുവാങ്ങുന്നു | Photo: bmwevmautokraft
ഫര്‍ഹാന്‍ ഫാസില്‍ പുതിയ വാഹനം ഏറ്റുവാങ്ങുന്നു | Photo: bmwevmautokraft

ഭീഷ്മ പര്‍വ്വം, ബഷീറിന്റെ പ്രേമലേഖനം, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായ മലയാളത്തിലെ ശ്രദ്ധേയനായ യുവനടനാണ് ഫര്‍ഹാന്‍ ഫാസില്‍. മികച്ച സിനിമകള്‍ തിരഞ്ഞെടുക്കുന്നത് പോലെ തന്നെ തന്റെ യാത്രകള്‍ക്കായി മികച്ച ഒരു ആഡംബര വാഹനവും തിരഞ്ഞെടുത്തിരിക്കുകയാണ് അദ്ദേഹം. ബി.എം.ഡബ്ല്യുവിന്റെ 3 സീരീസ് എന്ന ആഡംബര സെഡാനാണ് ഫര്‍ഹാന്‍ തന്റെ യാത്രകള്‍ക്കായി സ്വന്തമാക്കിയിരിക്കുന്നത്. 

കേരളത്തിലെ മുന്‍നിര ബി.എം.ഡബ്ല്യു വിതരണക്കാരായ ബി.എം.ഡബ്ല്യു-ഇ.വി.എം. ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് അദ്ദേഹം തന്റെ പുതിയ വാഹനം വാങ്ങിയത്. ഫര്‍ഹാന്‍ ഫാസില്‍ ബി.എം.ഡബ്ല്യു. വാഹനത്തിന്റെ ഉടമയായ സന്തോഷം ഡീലര്‍ഷിപ്പിന്റെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. ഏകദേശം 70 ലക്ഷം രൂപയോളം വിലയുള്ള എം340ഐ വാഹനമാണ് ഫര്‍ഹാന്റെ ഗ്യാരേജില്‍ എത്തിയിരിക്കുന്നതെന്നും ഡീലര്‍ഷിപ്പ് സാമൂഹിക മാധ്യമങ്ങളൂടെ അറിയിച്ചു.

3.0 ലിറ്റര്‍ സ്ട്രെയിറ്റ് സിക്സ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്.  ഇത് 368 ബി.എച്ച്.പി. പവറും 500 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആഡംബരത്തിനൊപ്പം വേഗതയും ഈ വാഹനത്തിന്റെ മുഖമുദ്രയാണ്. കേലവം 4.4 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്. എട്ട് സ്പീഡ് സ്റ്റെപ്പ് ട്രോണിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. 

കാഴ്ചയില്‍ തന്നെ സ്പോര്‍ട്ടി ഭാവം തുളുമ്പുന്ന ഡിസൈനിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. ബ്ലാക്ക് ഫിനീഷിങ്ങിലുള്ള കിഡ്നി ഗ്രില്ല്, ബി.എം.ഡബ്ല്യു ലേസര്‍ലൈറ്റുകളുള്ള അഡാപ്റ്റീവ് എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ഹെക്ടസഗൊണല്‍ ഡി.ആര്‍.എല്‍. തുടങ്ങിയവാണ് മുഖഭാവത്തെ അലങ്കരിക്കുന്നത്. ബ്ലാക്ക് ഫിനീഷിങ്ങിലുള്ള അലോയി വീല്‍, എല്‍ ഷേപ്പിലുള്ള എല്‍.ഇ.ഡി. ടെയില്‍ലാമ്പ്, എം.റിയര്‍ സ്പോയിലര്‍ തുടങ്ങിയവ ഈ വാഹനത്തിന്റെ മറ്റ് ഡിസൈന്‍ ഹൈലൈറ്റുകളാണ്. 

ആഡംബര ഫീച്ചറുകള്‍ക്കൊപ്പം സ്പേഷ്യസുമായാണ് ക്യാബിന്‍ ഒരുക്കിയിട്ടുള്ളത്. സ്പോര്‍ട്സ് സീറ്റുകള്‍, ലെതര്‍ ആവരണം നല്‍കിയുള്ള ഡാഷ്ബോര്‍ഡ്, പാഡില്‍ ഷിഫ്റ്റ് ഉള്‍പ്പെടെയുള്ള സ്റ്റിയറിങ്ങ് വീല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഡോര്‍ സില്ലുകളില്‍ M340i  ലൈറ്റിങ്ങുകള്‍, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിങ്ങ്, ഓട്ടോമാറ്റിക് ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് അകത്തളത്തിന് ആഡംബര ഭാവം പകരുന്നത്. 

Content Highlights: Actor Farhaan Faasil buys BMW 3 Series BMW M340i Luxury sedan