വെറൈറ്റി നിറത്തില്‍ 3.6 കോടിയുടെ മെഴ്‌സിഡീസ് ബെന്‍സ് ജി63 സ്വന്തമാക്കി ഫഹദ് ഫാസില്‍

ഫഹദ് ഫാസിലും അദ്ദേഹം സ്വന്തമാക്കിയ മെഴ്‌സിഡീസ് ബെന്‍സ് ജി വാഗണ്‍ എസ്.യു.വിയും | Photo: Instagram
ഫഹദ് ഫാസിലും അദ്ദേഹം സ്വന്തമാക്കിയ മെഴ്‌സിഡീസ് ബെന്‍സ് ജി വാഗണ്‍ എസ്.യു.വിയും | Photo: Instagram

ഭാഷകളുടെ അതിര്‍വരമ്പുകളെ അഭിനയമികവ് കൊണ്ട് മറികടക്കുന്ന യുവതാരമാണ് മലയാളികളുടെ സ്വന്തം ഫഹദ് ഫാസില്‍. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ എല്ലാ ഭാഷകളിലും തിളങ്ങുന്ന ഫഹദ് ഫാസില്‍ തന്റെ യാത്രകള്‍ക്കായി പുതിയൊരു കരുത്തന്‍ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസിന്റെ എസ്.യു.വി. മോഡലായ ജി-വാഗണാണ് ഫഹദ് ഫാസിലിന്റെ വാഹനശേഖരത്തിലേക്ക് എത്തിയിട്ടുള്ള ഏറ്റവും പുതിയ അതിഥി. 

മെഴ്‌സിഡസ് ഇന്ത്യയിലെത്തിക്കുന്നതില്‍ ഏറ്റവും കരുത്തുള്ളതും ശക്തമായ സുരക്ഷ സംവിധാനങ്ങളുമുള്ള എസ്.യു.വികളിലൊന്നാണ് ജി 63 എ.എം.ജി. പുതുമയുള്ള നിറത്തില്‍ ഒരുങ്ങിയിട്ടുള്ള ഫഹദ് ഫാസിലിന്റെ വാഹനത്തിന് 3.6 കോടി രൂപയാണ് എക്‌സ്‌ഷോറും വിലയെന്നാണ് വിവരം. മെഴ്‌സിഡീസിന്റെ വാഹന നിരയില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ വാഹനം ലാഡര്‍ ഫ്രെയിം ഷാസിയില്‍ ബോക്‌സി സ്‌റ്റൈലില്‍ ഒരുങ്ങിയിരിക്കുന്ന വാഹനമാണ്. കരുത്തിനൊപ്പം ഫീച്ചറുകളുടെയും കലവറയാണ് ഈ വാഹനം. 

മെഴ്‌സിഡസ് ഇന്ത്യയിലെത്തിക്കുന്നതില്‍ ഏറ്റവും കരുത്തുള്ളതും ശക്തമായ സുരക്ഷ സംവിധാനങ്ങളുമുള്ള എസ്.യു.വികളിലൊന്നാണ് ജി 63 എ.എം.ജി. 4.0 ലിറ്റര്‍ വി8 ബൈ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നത്. 585 ബി.എച്ച്.പി.പവറും 850 എന്‍.എം. ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍. കേവലം 4.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും.

ലുക്കിലും സ്‌പോര്‍ട്ടിയായ വാഹനമാണ് മെഴ്‌സിഡീസ് ബെന്‍സ് ജി63. മെഴ്‌സിഡീസിന്റെ ലോഗോ നല്‍കിയിരിക്കുന്ന പനമേരിക്കാന ഗ്രില്ല്, റൗണ്ട് ഷേപ്പില്‍ ഒരുങ്ങിയിട്ടുള്ള ഡി.ആര്‍.എല്‍. ഉള്‍പ്പെടെ നല്‍കിയിരിക്കുന്ന ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍, വലിയ എയര്‍ ഇന്‍ടേക്, എ.എം.ജി. വീല്‍ ആര്‍ച്ച്, 22 ഇഞ്ച് വലിപ്പത്തില്‍ ഒരുങ്ങിയിരിക്കുന്ന എ.എം.ജി. അലോയി വീലുകള്‍, ബോണറ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്ന എ.എം.ജി. ബാഡ്ജിങ് തുടങ്ങിയവയാണ് ഈ വാഹനത്തിന് അഴകേകുന്ന ഏതാനും ഫീച്ചറുകള്‍. 

ആഡംബര സംവിധാനങ്ങളുടെ അകമ്പടിയോടെയാണ് അകത്തളം തീര്‍ത്തിരിക്കുന്നത്. സ്‌റ്റേറ്റ് ഓഫ് ദി ആര്‍ട്ട് തീമിലാണ് അകത്തളം തീര്‍ത്തിരിക്കുന്നത്. എം.ബി.യു.എക്‌സ്. മള്‍ട്ടി മീഡിയ സിസ്റ്റം, ഓഫ് റോഡ് ഡിസ്‌പ്ലേ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഓഗ്മെന്റഡ് റീയാലിറ്റി നാവിഗേഷന്‍, നാപ്പ് ലെതറില്‍ തീര്‍ത്തിരിക്കുന്ന മള്‍ട്ടി കളര്‍ സീറ്റുകള്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള പാനലുകള്‍, ബര്‍മസ്റ്റര്‍ ത്രീ ഡി സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റുകള്‍, പാസഞ്ചര്‍ എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍ തുടങ്ങിയ ഫീച്ചറുകളാണ് ഇന്റീരിയറിലുള്ളത്.

Content Highlights: Actor Fahadh Faasil has added a Mercedes Benz G63 AMG to his car collection.