ബിജുക്കുട്ടന്റെ യാത്രകള്‍ ഇനി ഹൈടെക് ആണ്; ഇന്റര്‍നെറ്റ് എസ്.യു.വി. ഹെക്ടര്‍ സ്വന്തമാക്കി താരം |Video

നടന്‍ ബിജുക്കുട്ടന്‍ പുതിയ എം.ജി. ഹെക്ടര്‍ ഏറ്റുവാങ്ങുന്നു | Photo: Facebook/Biju Kuttan
നടന്‍ ബിജുക്കുട്ടന്‍ പുതിയ എം.ജി. ഹെക്ടര്‍ ഏറ്റുവാങ്ങുന്നു | Photo: Facebook/Biju Kuttan

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ബിജുക്കുട്ടന്‍. വെള്ളിത്തിരയിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന ബിജുക്കുട്ടന്‍ തന്റെ യാത്രകള്‍ക്കായി പുതിയൊരു വാഹനം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് എസ്.യു.വി. എന്ന ഖ്യാതി സ്വന്തമാക്കിയ എം.ജി. ഹെക്ടറാണ് അദ്ദേഹത്തിന്റെ ഗ്യാരേജില്‍ എത്തിയിട്ടുള്ള പുതിയ വാഹനം. 

ബിജുക്കുട്ടന്‍ തന്നെയാണ് പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. കുടുംബസമേതം എത്തിയാണ് അദ്ദേഹം പുതിയ വാഹനത്തെ വീട്ടിലേക്ക് എത്തിച്ചത്. ഹെക്ടറിന്റെ പ്രീ ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ് അദ്ദേഹം തിരഞ്ഞെടുത്തതെന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്. ബര്‍ഗണ്ടി റെഡ് നിറത്തിലുള്ള വാഹനമാണ് അദ്ദേഹം തിരഞ്ഞെടുത്തതെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോ സൂചിപ്പിക്കുന്നുണ്ട്.

വിവിധ വേരിയന്റുകളിലായി പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ഹെക്ടര്‍ വിപണിയില്‍ എത്തുന്നുണ്ട്. ഇതില്‍ ഏത് വേരിയന്റാണ് അദ്ദേഹം തിരഞ്ഞെടുത്തതെന്ന് സംബന്ധിച്ച് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 2.0 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്നീ മൂന്ന് എന്‍ജിനുകളിലാണ് ഹെക്ടറിന്റെയും ഹെക്ടര്‍ പ്ലസിന്റെയും ആദ്യ മോഡലുകള്‍ നിരത്തുകളില്‍ എത്തിയിരുന്നത്.

എന്നാല്‍, കഴിഞ്ഞ വര്‍ഷമാണ് ഹെക്ടറിന്റെ മുഖംമിനുക്കിയ പതിപ്പ് അവതരിപ്പിച്ചത്. സ്റ്റൈല്‍, ഷൈന്‍, സ്മാര്‍ട്ട്, ഷാര്‍പ്പ്, സാവി എന്നീ വേരിയന്റുകളില്‍ വിവിധ എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ എത്തുന്ന ഈ വാഹനത്തിന് 15 ലക്ഷം രൂപ മുതല്‍ 22 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. സുരക്ഷയ്ക്കും സാങ്കേതികവിദ്യയ്ക്ക് ഏറെ പ്രാധാന്യം നല്‍കി എത്തുന്ന ഹെക്ടറില്‍ അഡാസ് ഉള്‍പ്പെടെയുള്ള സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 

ഒരു പെട്രോള്‍ എന്‍ജിനിലും ഒരു ഡീസല്‍ എന്‍ജിനിലുമാണ് മുഖംമിനുക്കിയ ഹെക്ടര്‍ എത്തിയത്. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 141 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 167 ബി.എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കുമേകും. പെട്രോള്‍ എന്‍ജിന്‍ മോഡലില്‍ ആറ് സ്പീഡ് മാനുവല്‍, സി.വി.ടി. ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനും ഡീസല്‍ എന്‍ജിനില്‍ ആറ് സ്പീഡ് മാനുവലാണ് ഡീസല്‍ എന്‍ജിന്‍ മോഡലിലുള്ളത്.

Content Highlights: Actor Bijukuttan buys MG Hector SUV, Biju Kuttan, MG hector, MG Motors