നാഗാര്‍ജുനയുടെ യാത്രകള്‍ക്ക് ഇലക്ട്രിക് കരുത്ത്; കിയ ഇ.വി.6 സ്വന്തമാക്കി സൂപ്പര്‍സ്റ്റാര്‍

നാഗാര്‍ജുനയും ഭാര്യയും പുതിയ വാഹനം ഏറ്റുവാങ്ങുന്നു | Photo: Facebook
നാഗാര്‍ജുനയും ഭാര്യയും പുതിയ വാഹനം ഏറ്റുവാങ്ങുന്നു | Photo: Facebook

തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ പദവി സ്വന്തമാക്കിയിട്ടുള്ള താരമാണ് നാഗാര്‍ജുന. അദ്ദേഹം തന്റെ യാത്രകള്‍ക്കായി ഇന്ത്യയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ച ഇലക്ട്രിക് വാഹനങ്ങളില്‍ ഒന്നായ കിയ ഇ.വി.6 സ്വന്തമാക്കിയതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. കിയ ഡീലര്‍ഷിപ്പിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം കിയ ഇ.വി.6 സ്വന്തമാക്കിയ സന്തോഷം ആരാധാകരുമായി പങ്കിട്ടത്. ഭാര്യക്കൊപ്പം വാഹനത്തിന്റെ താക്കോല്‍ സ്വീകരിക്കുന്നതിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

യാത്രകള്‍ക്കായി ഏറ്റവും മികച്ചതും സുസ്ഥിരവുമായ മാര്‍ഗം തിരഞ്ഞെടുത്തതില്‍ നിങ്ങളെ അഭിനന്ദിക്കുന്നു എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കിയ മോട്ടോഴ്‌സ് ആദ്യമായി ഇന്ത്യയില്‍ എത്തിച്ച ഇലക്ട്രിക് വാഹനമാണ് ഇ.വി.6. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനും അദ്ദേഹത്തിന്റെ പിറന്നാള്‍ സമ്മാനമായി കിയ ഇ.വി.6 ലഭിച്ചിരുന്നു. ഇതിനുപുറമെ, ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ്ങ് ധോണിയും കിയയുടെ ഈ ഇലക്ട്രിക് വാഹനം ഗ്യാരേജില്‍ എത്തിച്ച സെലിബ്രിറ്റികളില്‍ ഒരാളാണ്.

2022 ജൂണ്‍ മാസത്തിലാണ് കിയ മോട്ടോഴ്‌സിന്റെ ആദ്യ ഇലക്ട്രിക് മോഡലായി ഇ.വി.6 ഇന്ത്യയില്‍ അവതരിപ്പിച്ചത്. ജി.ടി.ലൈന്‍ റിയര്‍ വീല്‍ ഡ്രൈവ്, ജി.ടി.ലൈന്‍ ഓള്‍ വീല്‍ ഡ്രൈവ് എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് യഥാക്രമം 60.95 ലക്ഷം രൂപയും 65.95 ലക്ഷം രൂപയുമാണ് നിലവില്‍ ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തുന്ന ഈ വാഹനത്തിന്റെ കുറഞ്ഞ യൂണിറ്റ് മാത്രമാണ് ഇന്ത്യക്ക് അനുവദിക്കുന്നത്. 

കിയ വികസിപ്പിച്ച പുതിയ ഇലക്ട്രിക് ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോമാണ് ഇ.വി.6-ന് അടിസ്ഥാനമൊരുക്കുന്നത്. ഇതിനുപുറമെ, കിയ മോട്ടോഴ്‌സ് രൂപകല്‍പ്പന ചെയ്ത പുതിയ ഡിസൈന്‍ ഫിലോസഫി ഓപ്പോസിറ്റ്സ് യുണൈറ്റഡിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള ആദ്യ ബാറ്ററി ഇലക്ട്രിക് വാഹനം എന്ന പ്രത്യേകതയും ഇ.വി.6-നുണ്ട്. ആഡംബര ക്രോസ് ഓവര്‍ ശ്രേണിയിലേക്കാണ് കിയ മോട്ടോഴ്സ് ഇ.വി.6 എന്ന ഇലക്ട്രിക് വാഹനത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

ഇ.വി.6 റിയര്‍ വീല്‍ ഡ്രൈവ് പതിപ്പിന് 229 ബി.എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കുമേകുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. ഓള്‍ വീല്‍ ഡ്രൈവില്‍ രണ്ട് ഇലക്ട്രിക് മോട്ടോറാണ് നല്‍കിയിട്ടുള്ളത്. ഇത് 325 ബി.എച്ച്.പി. പവറും 650 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 708 കിലോമീറ്റര്‍ ഇ.വി.6 സഞ്ചരിക്കുമെന്നാണ് കിയ അവകാശപ്പെടുന്നത്. 77.4 സണവ ബാറ്ററി പാക്കാണ് രണ്ട് മോഡലിലും നല്‍കിയിട്ടുള്ളത്.
 
350 കിലോവാട്ട് ഡി.സി. ചാര്‍ജര്‍ ഉപയോഗിച്ച് കേവലം 18 മിനിറ്റില്‍ 10 ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 50 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 73 മിനിറ്റിനുള്ളില്‍ ബാറ്ററിയുടെ 80 ശതമാനം നിറയുമെന്നാണ് കിയ മോട്ടോഴ്സ് അവകാശപ്പെടുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനായി ടയര്‍ പ്രെഷര്‍ മോണിറ്റര്‍, എ.ബി.എസ്, ബി.എ.സി, ഇ.എസ്.സി, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഹൈവേ ഡ്രൈവിങ്ങ് അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.

Content Highlights: Actor Akkineni Nagarjuna buys Kia EV6 Electric vehicle, Akkineni Nagarjuna, Kia EV6