കുഞ്ഞുനാളില്‍ കണ്ട സ്വപ്നം, പിറന്നാളിന് വിന്റേജ് പ്രീമിയര്‍ പദ്മിനി സ്വന്തമാക്കി യുവതി

പുതുതലമുറ ആഡംബര കാറുകള്‍ നിരത്തുകളില്‍ നിറയുമ്പോഴും വിന്റേജ് കാറുകളെ പ്രണയിക്കുന്ന ഒരുകൂട്ടം ആളുകള്‍ നമുക്കിടയിലുണ്ട്. അതിന്റെ തെളിവാണ് പകിട്ടോടെ നിരത്തുകളില്‍ കാണാറുള്ള അംബാസിഡര്‍, പ്രീമിയര്‍ പദ്മിനി, കോണ്ടസ പോലെയുള്ള പഴയ കാറുകള്‍. ഇത്തരത്തില്‍ ബാല്യകാല സ്മരണകളുടെയും സ്വപ്‌നങ്ങളുടെയും ഭാഗമായ ഒരു പഴയ പ്രീമിയര്‍ പദ്മിനി കാര്‍ സ്വന്തമാക്കിയ ഒരു യുവതിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ താരമായി തിളങ്ങുന്നത്.
ബെംഗളൂരു സ്വദേശിയായ രചന മഹാദിമാനെയാണ് തന്റെ പിറന്നാളിന് പഴയ പ്രീമിയര്‍ പദ്മിനി കാര്‍ സ്വന്തമാക്കിയത്. ഞാന്‍ ചെറിയ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ സ്വപ്‌നം കണ്ടിരുന്ന വാഹനമാണ് എന്റെ ഗ്യാരേജില്‍ എത്തിയിരിക്കുന്നതെന്നാണ് രചന പറയുന്നത്. ശരിക്കും സ്വപ്‌നം യാഥാര്‍ഥ്യമായ അവസ്ഥയാണ് ഇപ്പോള്‍ അനുവഭിക്കുന്നതെന്നും അവര്‍ പറയുന്നു. ഈ വാഹനം സ്വന്തമാക്കി, തനിക്ക് ഇഷ്ടപ്പെട്ട രൂപത്തിലേക്ക് മാറ്റിയതിന് പിന്നിലെ കഷ്ടപ്പാടും അവര്‍ വിവരിക്കുന്നുണ്ട്.
വളരെ മോശം അവസ്ഥയില്‍ ഒരു വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് ഈ വാഹനം രചനയ്ക്ക് ലഭിക്കുന്നത്. നീണ്ട നാളുകളുടെ അധ്വാനത്തിന്റെ ഫലമായാണ് താന്‍ വാഹനമേല്‍പ്പിച്ച വര്‍ക്ക്‌ഷോപ്പിലെ ആളുകള്‍ വാഹനത്തെ ഇന്ന് കാണുന്ന രൂപത്തിലേക്ക് എത്തിച്ചത്. ഒടുവില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പൗഡര്‍ ബ്ലൂ നിറം ഉള്‍പ്പെടെ നല്‍കിയതോടെ വര്‍ഷങ്ങളായുള്ള ആഗ്രഹം യാഥാര്‍ഥ്യമായ അവസ്ഥയിലാണ് താനെന്നാണ് രചന പറയുന്നത്. ഇതിന്റെ ക്രെഡിറ്റ് വര്‍ക്ക്‌ഷോപ്പുകാര്‍ക്ക് നല്‍കുന്നുണ്ട് രചന.
കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി എവിടെ പ്രീമിയര്‍ പദ്മിനി കണ്ടാലും ആ വാഹനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും പിന്നീട് തനിക്ക് ഇഷ്ടപ്പെട്ട രൂപത്തിലേക്ക് പകര്‍ത്തുകയും ഇഷ്ടപ്പെട്ട നിറങ്ങള്‍ നല്‍കുകയുമൊക്കെയായിരുന്നു തന്റെ പ്രധാന വിനോദം. എപ്പോഴെങ്കിലും ഈ കാര്‍ എന്റെ ജീവിതത്തിന്റെ ഭാഗമാകുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും രചന പറയുന്നു. സ്വപ്‌നങ്ങളെ പിന്തുടരാനുള്ള ഊര്‍ജമാണ് ഇത് നല്‍കുന്നതെന്നും രചന കൂട്ടിച്ചേര്‍ക്കുന്നു.
ഇറ്റാലിയന്‍ കമ്പനിയായ ഫിയറ്റുമായി ചേര്‍ന്ന് പ്രീമിയര്‍ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മിച്ചിരുന്ന വാഹനമായിരുന്ന പദ്മിനി എന്ന സെഡാന്‍. ഫിയറ്റ് 1100 ഡിലൈറ്റ് എന്ന പേരില്‍ 1964-ലാണ് ഈ വാഹനം ആദ്യമായി എത്തുന്നത്. 1970-കളിലാണ് പ്രീമിയര്‍ പദ്മിനി എന്ന് പേരുനല്‍കുന്നത്. 1970-കളിലും 80-കളിലും സെബിബ്രിറ്റി സ്റ്റാറ്റസോടെ വിലസിയിരുന്ന ഈ കാര്‍ മാരുതി 800 പോലുള്ള മേഡേണ്‍ വാഹനങ്ങളുടെ വരവോടെ അപ്രസക്തമാകുകയായിരുന്നു. 2000-ത്തിലാണ് പദ്മിനിയുടെ ഉത്പാദനം അവസാനിപ്പിക്കുന്നത്.
Content Highlights: A Bengaluru woman fulfills her childhood dream by buying a vintage Premier Padmini car