മോഡിഫൈ ചെയ്താൽ പോലും കിട്ടാത്ത ലുക്ക്; ഹ്യുണ്ടായി ടൂസോൺ അഞ്ചാം തലമുറ വരുന്നു

#Auto Desk
ഹ്യുണ്ടായി ടൂസോണ്‍ അഞ്ചാം തലമുറ മോഡല്‍ | Photo: Carwale
ഹ്യുണ്ടായി ടൂസോണ്‍ അഞ്ചാം തലമുറ മോഡല്‍ | Photo: Carwale

ഹ്യുണ്ടായിയുടെ എസ്‌യുവി നിരയിലെ മികച്ച മോഡലുകളിൽ ഒന്നായ ടൂസോണിന്റെ അഞ്ചാം തലമുറ പതിപ്പിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് നിർമാതാക്കൾ. 2027-ന് നിരത്തുകളിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന മോഡലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഹ്യുണ്ടായിയുടെ പുതിയ ആർട്ട് ഓഫ് സ്റ്റീൽ ഡിസൈൻ ഫിലോസഫി അടിസ്ഥാനമാക്കിയാണ് അഞ്ചാം തലമുറ ടൂസോൺ എസ്‌യുവിയുടെ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്.

മുൻ മോഡലിൽ വലിയ അഴിച്ചുപണി വരുത്തിയാണ് പുതിയ പതിപ്പ് നിരത്തുകളിൽ എത്തിച്ചിരിക്കുന്നത്. നാലാം തലമുറ വരെയുള്ള മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ബോൾഡ് ലുക്കാണ് പുതിയ പതിപ്പിന്. മുൻ മോഡലിനെക്കാൾ വലിപ്പും ഉൾപ്പെടെ കൂടിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. 4700 എംഎം നീളവും 1905 എംഎം വീതിയും 1685 എംഎം ഉയരത്തിലും 2785 എംഎം വീൽബേസിലുമാണ് ഈ വാഹനം ഒരുങ്ങുന്നത്. മുൻ മോഡലിനെക്കാൾ 60 എംഎം നീളം കൂടിയിട്ടുണ്ട്.

മുൻഭാഗം നിറഞ്ഞ് നിൽക്കുന്ന വലിയ എൽഇഡി ഹെഡ്‌ലൈറ്റ് സംവിധാനമാണ് ഇതിലുള്ളത്. കൂടുതൽ ഷാർപ്പായുള്ള ബമ്പർ, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുഖഭാവത്തെ ഷാർപ്പ് ആക്കുന്നത്. വശങ്ങളിൽ ബോക്‌സി ഫീൽ നൽകുന്ന വീൽ ആർച്ചുകളും ക്ലാഡിങ്ങുമാണുള്ളത്. റിയർ വീൽ മിറർ പ്രത്യേക ഡിസൈൻ കൈവരിച്ചിട്ടുണ്ട്. അഞ്ച് സ്‌പോക്ക് അലോയി വീലും ഇതിൽ കാണാം. ഹ്യുണ്ടായിയുടെ സിഗ്നേച്ചർ എച്ച് ഭാവം നൽകുന്ന ടെയിൽ ലൈറ്റാണ് പിൻഭാഗത്തിന്റെ പ്രത്യേകത.

ഇന്റീരിയറും ഏറെ ആകർഷകമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. താരതമ്യേന വലിപ്പം കൂടിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വേറിട്ട രീതിയിൽ ഒരുങ്ങിയിട്ടുള്ള ക്ലസ്റ്റർ, മോസ് കോഡ് പതിപ്പിച്ച ഡ്യുവൽ ടോൺ ഡി കട്ട് സ്റ്റിയറിങ് വീൽ, സെന്റർ കൺസോൾ ഉപയോഗിച്ച് രണ്ടായി തിരിച്ചിരിക്കുന്ന മുൻനിര സീറ്റുകൾ, ആവശ്യത്തിന് സ്‌റ്റോറേജ് സ്‌പേസ്, ആകർഷകമായ സീറ്റുകൾ, 83 ഡിഗ്രി ഓപ്പൺ ചെയ്യാവുന്ന രണ്ടാം നിര ഡോറുകൾ എന്നിങ്ങനെ നീളും അകത്തളത്തിലെ സംവിധാനങ്ങൾ.

മെക്കാനിക്കൽ സംവിധാനങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തൽ ഹ്യുണ്ടായി നടത്തിയിട്ടില്ല. എന്നാൽ, മുമ്പ് രണ്ട് എൻജിൻ ഓപ്ഷനുകളിലാണ് ഈ എസ്‌യുവി ഇന്ത്യയിൽ എത്തിയിരുന്നത്. 156 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ, 186 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഡീസൽ എന്നിവയായിരുന്നു അത്. ആറ് സ്പീഡ്, എട്ട് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളാണ് ഇതിൽ നൽകിയിരുന്നത്.

Image Source

Content Highlights: 5th generation Hyundai Tucson officially revealed with images, Based on the new 'Art of Steel' design philosophy, Larger dimensions with increased length and bold styling, Modern interior with a large infotainment system and dual-tone steering wheel