ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള ഇലക്ട്രിക് കാർ, റേഞ്ച് ഗിമ്മിക്‌സ് ഇല്ല; പുതിയ ടിയാഗോ EV നിരത്തുകളിൽ

#Auto Desk
ടാറ്റ ടിയാഗോ ഇവി | Photo: Tata Motors
ടാറ്റ ടിയാഗോ ഇവി | Photo: Tata Motors

ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്ന ഇലക്ട്രിക് വാഹനം എന്ന ഖ്യാതി സ്വന്തമാക്കിയാണ് ടാറ്റയുടെ ടിയാഗോ ഇവി നിരത്തുകളിൽ എത്തിയിരിക്കുന്നത്. ഇലക്ട്രിക് കരുത്തിൽ എത്തുന്ന ടിയാഗോയുടെ ആദ്യ മുഖംമിനുക്കിയ പതിപ്പാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലായി നാല് വേരിയന്റുകളിൽ എത്തുന്ന ടിയാഗോ ഇവിയുടെ വില 6.99 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. 9.99 ലക്ഷം രൂപയാണ് ഉയർന്ന വകഭേദത്തിന്റെ വില.

എംജി മോട്ടോഴ്‌സിന്റെ എൻട്രി ലെവൽ ഇലക്ട്രിക് വാഹനമായ കോമറ്റ് ഇവി, സിട്രോൺ ഇ.സി3 എന്നീ വാഹനങ്ങളോടാണ് ടിയാഗോ ഇവിയുടെ മത്സരം. എന്നാൽ, ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന ഇലക്ട്രിക് വാഹനം എന്ന ഖ്യാതി മത്സരത്തിൽ ടിയാഗോയ്ക്ക് മേൽക്കൈ സമ്മാനിക്കുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ. മെക്കാനിക്കൽ ഫീച്ചറുകളിൽ മാറ്റം വരുത്താതെ ഡിസൈനിൽ വരുത്തിയ അഴിച്ചുപണിയും ഫീച്ചറുകളിലെ കൂട്ടിച്ചേർക്കലുമാണ് 2026 ടിയാഗോ ഇവിയെ മുൻ മോഡലുകളിൽനിന്ന് വ്യത്യസ്തമാക്കുന്നത്.

എക്സ്റ്റീരിയർ ഡിസൈൻ

മുൻ മോഡലിനെ പൂർണമായും ഉടച്ചുവാർത്ത ഡിസൈനാണ് 2026 ടിയാഗോ ഇവിയുടേത്. വീതി കുറഞ്ഞ എൽഇഡി ഹെഡ്‌ലാമ്പും ഐ ബ്രോ ഷേപ്പിലുള്ള ഡിആർഎല്ലുമാണ് പ്രധാന പുതുമ. പെട്രോൾ പതിപ്പിൽ ഗ്രിൽ നൽകിയിട്ടുള്ള പ്രദേശം ഇലക്ട്രിക് മോഡലിൽ പൂർണമായും മൂടിക്കെട്ടിയിട്ടുണ്ട്. എയർ ഇൻടേക്കിനായി ബമ്പറിന് താഴെ ഭാഗത്തായി ചെറിയ വിൻഡോയും രണ്ട് വശങ്ങളിലായി വെന്റും നൽകിയിരിക്കുന്നതാണ് മുൻഭാഗത്തെ ഡിസൈൻ റെഗുലർ മോഡലിൽനിന്ന് വേറിട്ടതാക്കുന്നത്.

ഇവി സ്‌പെക്ക് വീലുകളാണ് വശക്കാഴ്ചകളിൽ പ്രധാന ആകർഷണം. ബ്ലാക്ക് വിൻഡോ ബോർഡറും ഇവി ബാഡ്ജിങ്ങും ഡോർ ഹാൻഡിലിലെ ക്രോമിയം സ്ട്രിപ്പും അഴകേകുന്നവയാണ്. എൽഇഡിയിലേക്ക് മാറിയ ടെയ്ൽലാമ്പും കണക്ടഡ് ലൈറ്റ് സ്ട്രിപ്പുമാണ് പിൻഭാഗത്തെ പ്രധാന കാഴ്ച. ബ്ലാക്ക് റൂഫ് സ്‌പോയിലർ, ഷാർക്ക് ഫിൻ ആന്റിന, വൈറ്റ് നിറത്തിൽ നൽകിയിട്ടുള്ള ലോഗോ, ഡ്യുവൽ ടോൺ ബമ്പർ, ടിയാഗോ ഇവി ബാഡ്ജിങ് തുടങ്ങിയവ എക്‌സ്റ്റീരിയറിന്റെ അഴകിന് പൂർണതയേകുന്നു.

ഇന്റീരിയർ

മുൻ മോഡലിൽനിന്ന് പൂർണമായും മാറ്റത്തോടെയാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. ഡാഷ്‌ബോർഡ് മുതൽ മാറ്റം ആരംഭിക്കുന്നു. ഇരട്ട നിറത്തിൽ പുതിയ ഡിസൈനിലാണ് ഡാഷ്‌ബോർഡ് ഒരുങ്ങിയിരിക്കുന്നത്. 10.25 ഇഞ്ച് വലിപ്പത്തിൽ തീർത്തിരിക്കുന്ന ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, 40 ഫങ്ഷനുകൾ ഉറപ്പാക്കുന്ന കണക്ടഡ് കാർ ടെക്‌നോളജി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിങ് പാഡ്, റോട്ടറി ഡ്രൈവ് സെലക്ടർ എന്നിങ്ങനെ നീളും അകത്തളത്തിലെ ഫീച്ചറുകൾ.

ടാറ്റയുടെ പുതുതലമുറ വാഹനങ്ങളിൽ നൽകിയിട്ടുള്ള ടൂ സ്‌പോക്ക് സ്റ്റിയറിങ് വീലാണ് ടിയാഗോ ഇവിയിലും നൽകിയിരിക്കുന്നത്. എന്നാൽ, ഇതിൽ ടാറ്റയുടെ സാധാരണ ലോഗോയ്ക്ക് പകരമായി ടാറ്റ ഇവിയുടെ ലോഗോയാണ് പതിപ്പിച്ചിരിക്കുന്നത്. ഡി കട്ട് ആണ് സ്റ്റിയറിങ്. ഡോർ പാഡുകളിലും മാറ്റം കാണാം. മുന്നിലും സെന്റർ ആംറെസ്റ്റ് നൽകുന്നുണ്ട്. ഗ്രേ നിറത്തിലാണ് ഇതിലെ അപ്‌ഹോൾട്രി. ഗ്ലോസി ബ്ലാക്ക് ഫിനീഷിങ്ങിലാണ് സെന്റർ കൺസോൾ ഡിസൈൻ ചെയ്തിരിക്കുന്നത്.

സേഫ്റ്റി ഫസ്റ്റ്

സുരക്ഷയാണ് ടാറ്റ മോട്ടോഴ്‌സ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള മറ്റൊരു മേഖല. ടിയാഗോ ഇവിയിൽ അത് വേണ്ടുവോളം നൽകിയിട്ടുണ്ട്. ആറ് എയർബാഗ് അടിസ്ഥാന ഫീച്ചറാണ്. ബ്ലൈൻഡ് വ്യൂ ഉൾപ്പെടെ വിവിധ വ്യൂ മോഡുകളുള്ള 360 ഡിഗ്രി ക്യാമറ, ഇഎസ് വിത്ത് ട്രാക്ഷൻ കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡാലാമ്പ്, റെയിൻ സെൻസിങ് വൈപ്പർ, ഫോളോ മീ ഹോം ഹെഡ്‌ലാമ്പ്, എബിഎസ്, ഇബിഡി എന്നിങ്ങനെ നീളും സുരക്ഷ സംവിധാനങ്ങൾ.

ബാറ്ററിയും മോട്ടോറും

രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ടിയാഗോ ഇവി എത്തുന്നത്. 19.2 കിലോവാട്ട്, 24 കിലോവാട്ട് എന്നിവയാണ് ഇത്. ഇതിൽ 19.2 കിലോവാട്ട് പതിപ്പിൽ 61 എച്ച്പി പവറും 110 എൻഎം ടോർക്കുമേകുന്ന മോട്ടോറാണുള്ളത്. 24 കിലോവാട്ട് പതിപ്പിൽ 75 എച്ച്പി പവറും 114 എൻഎം ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും നൽകുന്നു. 24 കിലോവാട്ട് മോഡൽ 285 കിലോമീറ്റർ റേഞ്ചും 19.2 കിലോവാട്ട് മോഡൽ 226 കിലോമീറ്റർ റേഞ്ചുമാണ് എംഐഡിസി സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ, ടാറ്റയുടെ ഇൻഹൗസ് ടെസ്റ്റിങ് സംവിധാനമായ സി75 അനുസരിച്ച് 19.2 കിലോവാട്ട് മോഡൽ 170 കിലോമീറ്റർ റേഞ്ചും 24 കിലോവാട്ട് മോഡൽ 215 കിലോമീറ്റർ റേഞ്ചും ഉറപ്പാക്കുന്നു. വെറും 18 മിനിറ്റ് ചാർജിലൂടെ 100 കിലോമീറ്റർ ദൂരം ഓടാനുള്ള ചാർജ് ബാറ്ററിയിൽ നിറയും. ഡിസി ഫാസ്റ്റ് ചാർജിങ്ങിലൂടെ 35 മിനിറ്റിൽ 80 ശതമാനം ബാറ്ററി നിറയ്ക്കാൻ സാധിക്കും. 3.2 കിലോവാട്ട്, 7.2 കിലോവാട്ട് എന്നിവയാണ് ടിയാഗോയുടെ എസി ചാർജിങ് ഓപ്ഷനുകൾ.

Content Highlights: Starting price of ₹6.99 lakh to ₹9.99 lakh., Available in two battery pack options: 19.2 kWh and 24 kWh., New exterior design with LED headlamps and connected light strips., Advanced interior with 10.25-inch infotainment and 360-degree camera., Enhanced safety features including 6 airbags as standard.