കൊച്ചി ഉള്‍പ്പെടെ ആറ് നഗരങ്ങള്‍, ഒറ്റദിവസം 200 ആറ്റോ-3; മാസ് എന്‍ട്രിയുമായി ബി.വൈ.ഡി.

ഇന്ത്യന്‍ വാഹന വിപണിയില്‍ ചുവടുറപ്പിച്ച് തുടങ്ങിയിട്ടുള്ള ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് ബി.വൈ.ഡി (ബില്‍ഡ് യുവര്‍ ഡ്രീംസ്) ഇ6, ആറ്റോ-3 എന്നീ രണ്ട് ഇലക്ട്രിക് വാഹനങ്ങളാണ് ചൈനീസ് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡി. ഇതിനോടകം ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. ഇതില്‍ രണ്ടാമനായി എത്തിയ ആറ്റോ-3 എന്ന ഇലക്ട്രിക് എസ്.യു.വിയുടെ മാസ് എന്‍ട്രിയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ആറ്റോ-3യുടെ 200 യൂണിറ്റാണ് ഒറ്റദിവസം നിരത്തുകളില്‍ എത്തിയത്.
ഇന്ത്യയിലെ വിവിധ നഗരങ്ങളിലുള്ള ആറ് ഡീലര്‍ഷിപ്പുകളില്‍ നിന്നായാണ് 200 വാഹനങ്ങളുടെ മാസ് ഡെലിവറി ബി.വൈ.ഡി. സാധ്യമാക്കിയത്. ഡല്‍ഹി എന്‍.സി.ആര്‍, മുംബൈ, ചെന്നൈ, ബെംഗളൂരു, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഡീലര്‍ഷിപ്പുകളില്‍ ആറ്റോ-3, 200 ഉപയോക്താക്കള്‍ക്കായി കൈമാറിയത്. ബി.വൈ.ഡി. കൈവരിച്ചിട്ടുള്ള ഏറ്റവും വലിയ മാസ് ഡെലിവറിയാണിതെന്നാണ് വിലയിരുത്തലുകള്‍. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ 16-ാം വാര്‍ഷികം പ്രമാണിച്ചായിരുന്നു മാസ് ഡെലിവറി.
ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയില്‍ ബി.വൈ.ഡി. ശൈശവദശയില്‍ ആണെങ്കില്‍ വാണിജ്യ വാഹന രംഗത്തെ ഒന്നര പതിറ്റാണ്ടിന്റെ പാരമ്പര്യമാണ് ഇവര്‍ക്കുള്ളത്. 2021-ലാണ് ഇ6 എന്ന എം.പി.വിയിലൂടെ ബി.വൈ.ഡി. ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയില്‍ എത്തുന്നത്. 2022-ഓടെ ആറ്റോ-3 കൂടി വിപണിയില്‍ അവതരിപ്പിക്കുകയായിരുന്നു. വാഹന നിര കൂടുതല്‍ കരുത്താര്‍ജിക്കുന്നതിന്റെ ഭാഗമായി സീല്‍ എന്ന എസ്.യു.വിയായിരിക്കും ഇനിയെത്തുക. 2023 ഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ ഇത് പ്രദര്‍ശനത്തിന് എത്തിയിരുന്നു.
പൂര്‍ണമായും വൈദ്യുത വാഹനമായി തന്നെ നിര്‍മിച്ച വാഹനമാണ് ആറ്റോ-3. അതുകൊണ്ടുതന്നെ ബോണ്‍ ഇലക്ട്രിക് വാഹനത്തിന്റെ എല്ലാ മേന്മകളും ഈ വാഹനത്തിന് അവകാശപ്പെടാന്‍ സാധിക്കുന്നുണ്ട്. ബി.വൈ.ഡി.യുടെ മൂന്നാം തലമുറ ഇ-പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. ചൈനയായതിനാല്‍ വ്യാളിയില്‍ നിന്നു തന്നെയാണ് ആരംഭം. ചെറിയ ഹെഡ് ലൈറ്റുകളുടെ ഉള്ളില്‍ വ്യാളിയുടെ ചിറകുകള്‍ പോലെയാണ് എല്‍.ഇ.ഡി. പാളികള്‍ അടുക്കിവെച്ചിരിക്കുന്നത്. പിന്നിലെ ടെയില്‍ ലാമ്പിലും ഇതുകാണാം.
ഇന്ത്യയില്‍ ഇതുവരെ എത്തിയിട്ടുള്ള മറ്റൊരു വാഹനവുമായും താരതമ്യമില്ലാത്ത അകത്തളമാണ് ആറ്റോ 3-യിലുള്ളത്. മ്യൂസിക്, ജിംസ് തീമിലാണ് ഇന്റീരിയര്‍ . അത് മനോഹരമായ ഡാഷ് ബോര്‍ഡ് തൊട്ടുതുടങ്ങുന്നു. ഡംബലുകളുടെ രൂപത്തിലുള്ള എയര്‍ വെന്റുകള്‍. ട്രെഡ്മില്‍ പോലെയുള്ള സെന്‍ട്രല്‍ ആം റെസ്റ്റ്, വൃത്താകൃതിയില്‍ ഗ്രിപ്പുപോലെ ഡോര്‍ ഹാന്‍ഡില്‍, അതില്‍തന്നെ ഘടിപ്പിച്ചിരിക്കുന്ന സ്പീക്കറുകള്‍. വിമാനത്തില്‍ കാണുന്നതുപോലെയുള്ള ഗിയര്‍ നോബ്. ഡോറുകളിലെ ഗിറ്റാര്‍ കമ്പികള്‍, ശബ്ദത്തിനനുസരിച്ച് നിറം മാറുന്ന വെളിച്ച സംവിധാനം എന്നിങ്ങനെ നീളും ഫീച്ചറുകള്‍.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 521 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തില്‍ 60.48 കിലോവാട്ട് ശേഷിയുള്ള ലിഥിയം അയേണ്‍ ബ്ലേഡ് ബാറ്ററിയാണ് നല്‍കിയിട്ടുള്ളത്. 201 ബി.എച്ച്.പി. പവറും 310 എന്‍.എം. ടോര്‍ക്കുമേകുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 7.3 സെക്കന്റ് സമയമാണ് ഈ വാഹനത്തിന് വേണ്ടത്. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റില്‍ 80 ശതമാനം ബാറ്ററി നിറയുന്നതും സവിശേഷതയാണ്.
Content Highlights: 200 units of Atto-3 delivery in single day, BYD Atto3 electric SUV mass delivery