ഹിമാലയൻ, KTM അഡ്വഞ്ചർ എക്സ്, Yezdi അഡ്വഞ്ചർ; മുടക്കുന്ന പൈസയ്ക്ക് മുതലേത്? അറിയാം വിശദമായി

KTM അഡ്വഞ്ചർ എക്സ്, Yezdi അഡ്വഞ്ചർ, ഹിമാലയൻ
KTM അഡ്വഞ്ചർ എക്സ്, Yezdi അഡ്വഞ്ചർ, ഹിമാലയൻ

അഡ്വഞ്ചർ ബൈക്കുകളോട് ഇന്ത്യക്കാർക്ക് പ്രിയം കൂടിവരികയാണ്. ഒരുകാലത്ത് അത്ര താൽപര്യം കാണിക്കാതിരുന്ന അഡ്വഞ്ചർ സെ​ഗ്മെന്റിലേക്ക് ഇന്ന് യുവാക്കളുടെ ഒഴുക്കാണെന്ന് വേണമെങ്കിൽ പറയാം. ഓഫ് റോഡ് യാത്രകൾക്കും ദീർഘദൂര യാത്രകൾക്കും ഇത്തരം ബൈക്കുകൾ ഒരുപോലെ പ്രയോജനകരമാകുമെന്നതാണ് ഈ ജനപ്രീതിക്ക് പ്രധാനകാരണം. 

അതിനാൽതന്നെ വാഹനനിർമാണ കമ്പനികൾ അഡ്വഞ്ചർ സെ​ഗ്മെന്റിന് കൂടുതൽ പ്രധാന്യം നൽകുന്നുമുണ്ട്. റോയൽ എൻഫീൽഡ് ഹിമാലയൻ, കെടിഎം അഡ്വഞ്ചർ എക്സ്, യെസ്ഡി അഡ്വഞ്ചർ എന്നീ മോഡലുകൾ ഈ ശ്രേണിയിലെ പ്രധാന മത്സരാർഥികളാണ്. യെസ്ഡി കഴിഞ്ഞദിവസം പുറത്തിറങ്ങിയ പുത്തൻ അപ്ഡേറ്റഡ് മോഡൽ എതിരാളികൾക്ക് ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. 

ഒരു ഒരു അഡ്വഞ്ചർ ബൈക്ക് പ്രേമിയായ നിങ്ങളുടെ മനസ്സിൽ ഈ മൂന്ന് മോഡലുകളും ഉണ്ടെങ്കിൽ അവയിൽ ഏത് തിരഞ്ഞെടുക്കണമെന്ന സംശയം സ്വാഭാവികമായും വരാം. അങ്ങനെയാണെങ്കിൽ ഇവയെ വിശദമായൊന്ന് താരതമ്യം ചെയ്യാം. മികച്ചത് ഏതെന്ന് അവസാനം നിങ്ങൾക്ക് തീരുമാനിക്കാം.

ഡിസൈൻ

മറ്റ് രണ്ട് മോട്ടോർസൈക്കിളുകളേക്കാൾ ലളിതമായ ഡിസൈനാണ് യെസ്ഡി അഡ്വഞ്ചറിന് ഉള്ളത്. എങ്കിലും,  അതിനൊരു പ്രത്യേക സ്റ്റൈൽ ഉണ്ട്. പുതിയ ഇരട്ട ഹെഡ്‌ലൈറ്റ് സംവിധാനം റെട്രോ ലുക്ക് തോന്നിപ്പിക്കുന്നുണ്ട്.  റോഡിലൂടെ യാത്ര ചെയ്യുമ്പോൾ കുറച്ചുകൂടി ശ്രദ്ധ ആകർഷിക്കുന്ന മോട്ടോർസൈക്കിൾ വേണമെങ്കിൽ, കെടിഎം അഡ്വഞ്ചർ എക്സ് കുറേകൂടി മികച്ച ഓപ്ഷനാണ്. 

മറ്റ് രണ്ട് മോട്ടോർസൈക്കിളുകൾ ലളിതമായ കളർ സ്കീമുകളിൽ ലഭ്യമാകുമ്പോൾ, ഓറഞ്ചിന്റെയും കറുപ്പിന്റെയും എലമെന്റുകളുള്ള വൈറ്റ് നിറത്തിലും ഓറഞ്ച് നിറത്തിലും അഡ്വഞ്ചർ എക്സ് സ്വന്തമാക്കാം. ഈ കൂട്ടത്തിൽ അഡ്വഞ്ചർ എക്സ് വ്യത്യസ്ത രൂപമുള്ള ബൈക്ക് ആണെന്നതും ശ്രദ്ധേയമാണ്. അതേസമയം, റോയൽ എൻഫീൽഡ് ഹിമാലയൻ രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള അതിന്റെ വലിയ ആരാധകവൃന്ദം തെളിയിക്കുന്നതുപോലെ, മനോഹരമായ മോഡൽ ആണ്.

വീൽബേസ്, സീറ്റ് ഹൈറ്റ്, ഭാരം

കൂട്ടത്തിൽ യെസ്ഡി അഡ്വഞ്ചറിനാണ് ഏറ്റവും കുറഞ്ഞ വീൽബേസ്. 1465 മില്ലിമീറ്റർ. യെസ്ഡിയുടെ ഇന്ധന ടാങ്ക് ശേഷി വലുതാണ്. 15.5 ലിറ്റർ. എന്നാൽ ഇത് ഹിമാലയന്റെ 17 ലിറ്റർ ടാങ്കിനോളം വലുതല്ല. കെടിഎമ്മിനാണ് ഇതിൽ ഏറ്റവും ചെറിയ ടാങ്ക്. 14.5 ലിറ്റർ വരെയാണ് ഇന്ധനം ഉൾക്കൊള്ളാനാവുക. ഹിമാലയന്റെ സീറ്റ് ഹൈറ്റ് 825 മില്ലിമീറ്റർ ആണെങ്കിലും, 'ലോ സീറ്റ്' ഘടിപ്പിക്കാനും കഴിയും. 

ഇതിലൂടെ സീറ്റ് ഹൈറ്റ് 805 മില്ലിമീറ്ററായി കുറയ്ക്കാം. 845 മില്ലിമീറ്റർ വരെ സീറ്റിന്റെ ഉയരം ഉയർത്താനും കഴിയും. 825 മില്ലിമീറ്ററാണ് കെടിഎമ്മിന്റെ സീറ്റ് ഹൈറ്റ്. കൂട്ടത്തിൽ ഏറ്റവും ഭാരം കുറഞ്ഞ മോട്ടോർസൈക്കിൾ അഡ്വഞ്ചർ എക്സ് ആണ്. 181 കിലോഗ്രാം. അതേസമയം 187 കിലോഗ്രാമാണ് യെസ്ഡി അഡ്വഞ്ചറിനുള്ളത്. ഏറ്റവും ഭാരമേറിയത് ഹിമാലയൻ ആണ്. 196 കിലോഗ്രാം.

എൻജിൻ

പവർട്രെയിനിന്റെ കാര്യത്തിൽ, എല്ലാ മോട്ടോർസൈക്കിളുകളും വ്യത്യസ്തമാണ്. ഇതിൽ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള യെസ്ഡിക്ക്, 29 ബിഎച്ച്പി കരുത്തും 29.56 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 334 സിസി എൻജിനാണുള്ളത്. ഹിമാലയന്റെ ഷെർപ്പ എൻജിൻ 452 സിസിയാണ്. ഇത് 39.47 ബിഎച്ച്പി കരുത്തും 40 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 

കെടിഎമ്മിന് ഹിമാലയനേക്കാൾ ചെറിയ എൻജിനാണുള്ളത്. എന്നാൽ, കെടിഎം എൻജിന്റെ ഹൈ-റെവ്വിങ്ങ് സ്വഭാവം കാരണം, ഇത് ഹിമാലയനേക്കാൾ കൂടുതൽ പവർ ഉത്പാദിപ്പിക്കുന്നു. 45.37 ബിഎച്ച്പി പവറും 39 എൻഎം ടോർക്കുമാണ് ഇത് പുറപ്പെടുവിക്കുന്നത്. എല്ലാ മോട്ടോർസൈക്കിളുകളിലും 6സ്പീഡ് ട്രാൻസ്മിഷനാണുള്ളത്. 

സസ്പെൻഷൻ, ബ്രേക്ക്

കെടിഎമ്മിനും ഹിമാലയനും യുഎസ്ഡി ഫ്രണ്ട് സസ്പെൻഷൻ ലഭിക്കുമ്പോൾ, യെസ്ഡി അഡ്വഞ്ചറിന് ടെലിസ്കോപ്പിക് ഫോർക്ക് സംവിധാനമാണുള്ളത്. പിന്നിൽ, എല്ലാ മോട്ടോർസൈക്കിളുകളിലും പ്രീ-ലോഡ് അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്ന മോണോഷോക്കുകളും വരുന്നു. ഹിമാലയനും കെടിഎമ്മിനും ട്യൂബ് ലെസ് ടയറുകളാണെങ്കിൽ, യെസ്ഡി അഡ്വഞ്ചറിന് അത് ലഭ്യമല്ല. യെസ്ഡിയുടെയും കെടിഎമ്മിന്റെയും ബ്രേക്ക് ഡിസ്ക് സൈസ് ഒരുപോലെയാണ്. അതേസമയം ഹിമാലയന് 270 മില്ലിമീറ്ററിന്റെ വലിയ പിൻ ഡിസ്ക് ആണ് ലഭിക്കുന്നത്.

ഫീച്ചറുകൾ

പുതിയ അപ്‌ഡേറ്റോടെ, യെസ്ഡി അഡ്വഞ്ചറിന് ട്രാക്ഷൻ കൺട്രോൾ ഇപ്പോൾ ലഭിക്കുന്നുണ്ട്. കൂടുതൽ വിലയുള്ള മോട്ടോർസൈക്കിളുകൾ ആയിരുന്നിട്ടും റോയൽ എൻഫീൽഡിലും കെടിഎമ്മിലും ഇതില്ല. റോയൽ എൻഫീൽഡിന് പൂർണമായും ഡിജിറ്റലായ കളർ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും രണ്ട് റൈഡ് മോഡുകളുള്ള റൈഡ്-ബൈ-വയറും ലഭിക്കുന്നു. ഇത് യെസ്ഡി അഡ്വഞ്ചറിൽ ലഭ്യമല്ല. 

യെസ്ഡിക്ക് ബേസിക്കായ ഇൻസ്ട്രുമെന്റ് കൺസോൾ ആണ് ഉള്ളത്. ലിസ്റ്റിലെ ഏറ്റവും വിലകൂടിയ മോട്ടോർസൈക്കിൾ അല്ലെങ്കിലും, കെടിഎം 390 അഡ്വഞ്ചർ എക്സ് ആണ് ഇതിൽ ഏറ്റവും കൂടുതൽ ഫീച്ചറുകളുള്ള ബൈക്ക്. ക്വിക്ക്ഷിഫ്റ്റർ, ഓഫ്-റോഡ് എബിഎസ്, 5 ഇഞ്ച് ഫുൾ ഡിജിറ്റൽ ടിഎഫ്ടി ഡിസ്പ്ലേ, റൈഡ്-ബൈ-വയർ എന്നിവയാണുള്ളത്.

വില
2.15 ലക്ഷം രൂപ മുതൽ 2.27 ലക്ഷം രൂപ വരെയാണ് യെസ്ഡിയുടെ വില വരുന്നത്. ഇത് ടോപ്-സ്പെക്ക് ഹിമാലയനേക്കാൾ 83,000 രൂപ വരെയും 390 അഡ്വഞ്ചർ എക്സിനേക്കാൾ 76,000 രൂപ വരെയും വില കുറവാണ്. 2.85 ലക്ഷം മുതൽ 2.98 വരെയാണ് ഹിമാലയന്റെ വില. 2.91 ലക്ഷം രൂപയാണ് അഡ്വഞ്ചർ എക്സിന്റെ വില (വിലകളെല്ലാം എക്സ് ഷോറൂം).
 

Content Highlights: Yezdi Adventure vs Royal Enfield Himalayan vs KTM 390 Adventure X comparison