ഇന്ത്യയിൽ പ്രീമിയം-പെർഫോമെൻസ് ബൈക്കുകൾക്ക് വലിയ സാധ്യത, കേരളം പ്രധാന വിപണിയെന്ന് യമഹ മേധാവി

കാലഘട്ടത്തിന് ഇണങ്ങുന്ന ടൂ വീലറുകൾ ഇന്ത്യൻ നിരത്തുകളിൽ എത്തിക്കുന്നതിൽ ആദ്യ സ്ഥാനത്ത് തന്നെയാണ് യമഹ. ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹയെ മാറ്റി നിർത്തി ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയെ കുറിച്ച് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല. ആർഎക്‌സ് 100 പോലെയുള്ള നൊസ്റ്റാൾജിക് ബൈക്ക് മുതൽ ആർ15 പോലെയുള്ള മോഡേൺ ബൈക്കുകൾ വരെ നിരത്തുകളിൽ എത്തിച്ച് വിപ്ലവം തീർത്ത പാരമ്പര്യമാണ് യമഹയ്ക്കുള്ളത്. ഇന്ത്യയിലെ വളർച്ചയും ഭാവി പദ്ധതികളും സംബന്ധിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് യമഹ മോട്ടോർ ഇന്ത്യയുടെ സെയിൽസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് രവീന്ദർ സിങ്.
ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ യമഹയുടെ നിലവിലെ വിപണി വിഹിതം, ഏറ്റവും ശക്തമായ വളർച്ച നൽകുന്ന വിഭാഗങ്ങൾ ഏതൊക്കെ?
ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ കരുത്തുറ്റ സാന്നിധ്യമാകാൻ യമഹയ്ക്ക് സാധിക്കുന്നുണ്ട്. പ്രീമിയം വിഭാഗത്തിൽ മാത്രം യമഹയ്ക്ക് 13 ശതമാനം വിപണി വിഹിതമാണുള്ളത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2026 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ വിൽപ്പനയിൽ 43 ശതമാനത്തിന്റെ വളർച്ചയാണ് ഞങ്ങൾ കൈവരിച്ചിരിക്കുന്നത്. XSR 155, R15, MT-15 തുടങ്ങിയ മോഡലുകളാണ് ബ്രാന്റിന്റെ വളർച്ചയിൽ ശക്തമായ പിന്തുണ ഉറപ്പാക്കുന്നത്.
സ്‌കൂട്ടർ വിഭാഗത്തിലും യമഹ വ്യക്തമായ കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ 30 ശതമാനത്തിന്റെ വളർച്ച ഈ മേഖലയിലും ലഭിച്ചു. ഇതിൽ എയറോക്‌സ്, റേയ് ZR തുടങ്ങിയ വാഹനങ്ങളുടെ പ്രകടനം പ്രശംസനീയമാണ്. യമഹയുടെ മൊത്ത വിൽപ്പനയിലെ കുതിപ്പിന് സ്‌കൂട്ടറുകളുടെ പങ്ക് വളരെ വലുതാണ്. ഫസിനോ പോലെയുള്ള സ്‌കൂട്ടറും മികച്ച രീതിയിൽ വിപണി കൈയടക്കിയിട്ടുണ്ട്.
അർബൻ മാർക്കറ്റിൽ യമഹ പരിഗണിക്കുന്ന കൺസ്യൂമർ ട്രെന്റുകൾ എന്തെല്ലാമാണ്?
അർബൻ ഉപയോക്താക്കളിൽ പ്രത്യേകിച്ച് യുവക്കളുടെ ട്രെന്റുകളും ആഗ്രഹങ്ങളും വളരെ വിശാലമാണ്. യുവാക്കൾ ലോകവുമായി ഡിജിറ്റലി കണക്ടഡ് ആയതിനാൽ തന്നെ അവർക്ക് ലോകോത്തര നിലവാരമുള്ള വാഹനങ്ങളെ കുറിച്ചുള്ള അവബോധം കൂടുതലാണ്. അവർ വാഹനം തിരഞ്ഞെടുക്കുന്നതിലും ഇത്തരം കാര്യങ്ങൾ സ്വാധീനിക്കാറുണ്ട്. ബൈക്കുകളുടെ സ്‌റ്റൈൽ, പെർഫോമെൻസ്, ടെക്‌നോളജികൾ, ദൈനംദിന ഉപയോഗം എന്നിവയെല്ലാം പരിഗണിച്ചാണ് ഓരോ തിരഞ്ഞെടുപ്പും.
അർബൻ ഉപയോക്താക്കൾ ഇരുചക്ര വാഹനങ്ങളെ കേവലം യാത്രമാർഗമായി മാത്രമല്ല കാണുന്നത്. അയാളുടെ വ്യക്തിത്വത്തിന്റെയും ജീവിതശൈലിയുടെയും പ്രതീകമായി കൂടിയാണ്. ഉപയോക്താക്കളിലെ ഈ മാറ്റം പ്രീമിയം ബൈക്കുകൾ, ഫീച്ചർ സമ്പന്നമായ സ്‌കൂട്ടറുകൾ, കണക്ടഡ് ടെക്‌നോളജികളുള്ള മോട്ടോർസൈക്കിളുകൾ തുടങ്ങിയവയ്ക്ക് വലിയ സാധ്യതകളാണ് തുറന്നിടുന്നത്.
അടുത്ത അഞ്ച് വർഷത്തിൽ യമഹയുടെ ആഗോള വളർച്ചയിൽ ഇന്ത്യയുടെ പ്രധാന്യം എത്രത്തോളമായിരിക്കും?
ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന സാധ്യതയുള്ള വിപണിയായാണ് യമഹ ഇന്ത്യയെ കാണുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയായ ഇന്ത്യ, യുവ ഉപയോക്താക്കളിലൂടെ പ്രീമിയം മൊബിലിറ്റി വിഭാഗത്തിൽ വലിയ തരംഗമാണ് സൃഷ്ടിക്കാൻ പോകുന്നത്. അടുത്ത അഞ്ച് വർഷത്തിൽ വിൽപ്പനയിൽ മാത്രമല്ല, വാഹന നിർമാണത്തിലും ഉപയോക്താക്കളുടെ ഇടപെടലുകളിലുമെല്ലാം ഇന്ത്യ വലിയ പങ്ക് വഹിക്കുമെന്നാണ് യമഹ കണക്കാക്കുന്നത്.
യമഹയുടെ ആഗോള വിൽപ്പനയുടെ പത്ത് ശതമാനം ഇന്ത്യയുടെ സംഭാവനയാണ്. വരും വർഷങ്ങളിൽ ഇത് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര വിപണിയിലെ വിൽപ്പനയ്ക്ക് പുറമെ, ഇന്ത്യയിൽ വാഹനങ്ങൾ നിർമിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്ന പ്രധാന കയറ്റുമതി ഹബ്ബ് ആക്കാനും യമഹയ്ക്ക് പദ്ധതിയുണ്ട്. റേയ് ZR പോലെയുള്ള സ്‌കൂട്ടറുകൾ ഇപ്പോൾ തന്നെ ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
പ്രീമിയം ഇരുചക്ര വാഹനങ്ങൾക്ക് ഗ്രാമീണ മേഖലയിലെ സ്വീകാര്യത എത്രത്തോളമാണ്?
നഗര-അർദ്ധ നഗര വിപണികളിലാണ് പ്രീമിയം മോട്ടോർസൈക്കിളുകൾക്ക് കൂടുതൽ ഡിമാന്റ്. ഉയർന്ന വരുമാനം മാറുന്ന ജീവിത ശൈലി എന്നിവയൊക്കെയാണ് ഇതിനുള്ള കാരണങ്ങൾ. ഗ്രാമീണ വിപണികളിലും മാറ്റങ്ങൾ തുടങ്ങിയിട്ടുണ്ട്. മെച്ചപ്പെട്ട റോഡുകൾ, ഡിജിറ്റൽ കണക്ടിവിറ്റി വഴി മറ്റ് പ്രദേശങ്ങളിലെ ട്രെന്റുകൾ അറിയുന്നത്, ഫിനാൻസ് സൗകര്യങ്ങളുടെ ലഭ്യത തുടങ്ങിയവയാണ് നഗരത്തിന് പുറത്തുള്ള ഉപയോക്താക്കളുടെ വാങ്ങലിനെ സ്വാധീനിക്കുന്നത്.
ചെറിയ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഉപയോക്താക്കൾ സ്‌റ്റെലിഷായുള്ള, കൂടുതൽ സൗകര്യങ്ങളും മികച്ച സാങ്കേതികവിദ്യകളും ഉയർന്ന യാത്ര സൗകര്യവുമുള്ള വാഹനങ്ങൾക്കായി പണം ചിലവാക്കാൻ തുടങ്ങിയിട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ നഗരങ്ങളിലാണ് യമഹയുടെ പ്രീമിയം ബൈക്കുകളുടെ വിൽപ്പന അധികമെങ്കിലും ഏറെ വൈകാതെ തന്നെ ഗ്രാമങ്ങളിൽ നിന്നുള്ള സംഭാവന ഉയരാനുള്ള സാധ്യത ഏറെയാണ്.
ഭാവിയിലെ ഇന്ത്യൻ ഇരുചക്ര വാഹന വ്യവസായത്തെക്കുറിച്ച് താങ്കളുടെ കാഴ്ചപ്പാട് എന്താണ്?
ഇരുചക്ര വാഹന വിപണിക്ക് ഇന്ത്യയിൽ ശോഭനമായ ഭാവിയാണ് കാണുന്നത്. ജനസംഖ്യപരമായ ഘടകങ്ങൾ, വർധിച്ച് വരുന്ന നഗരവത്കരണം, ഉയരുന്ന യാത്ര ആവശ്യങ്ങൾ തുടങ്ങിയവ ഏറ്റവും വേഗത്തിൽ വളരുന്ന വാഹന വിപണികളിൽ ഒന്നായി ഇന്ത്യയെ നിലനിർത്തുന്നു. വരും വർഷങ്ങളിൽ ഉപയോക്താക്കളെ ആകർഷിക്കാൻ പോകുന്നത് വാഹനങ്ങളിലെ പുതിയ സാങ്കേതികവിദ്യയും കണക്ടഡ് ഫീച്ചറുകളും പോലുള്ളവയായിരിക്കും.
ഇനി സ്‌കൂട്ടറുകളിലേക്ക് നോക്കിയാൽ യാത്രാ സൗകര്യങ്ങളിലും മാറിവരുന്ന യാത്ര രീതികളും പരിഗണിച്ചാൽ നഗരപ്രദേശങ്ങളിൽ സ്‌കൂട്ടറിന് ശക്തമായ വളർച്ചയാണ് ഉണ്ടാകാൻ പോകുന്നത്. അതുപോലെ തന്നെ ജനങ്ങളിൽ പാരിസ്ഥിതിക അവബോധം ഉയരുന്നതും ബാറ്ററി സാങ്കേതികവിദ്യകളിൽ കൈവരിച്ചിട്ടുള്ള പുരോഗതിയും ഇലക്ട്രിക് മൊബിലിറ്റി രംഗത്ത് വലിയ വിപ്ലവത്തിന് വഴിയൊരുക്കും. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ.
യമഹയിൽ നിന്ന് ഇന്ത്യക്ക് ഇനി പ്രതീക്ഷിക്കാവുന്നത് എന്തൊക്കെയാണ്?
യമഹയുടെ ഇന്ത്യയിലെ വളർച്ചയ്ക്കായി മൂന്ന് പ്രധാന തന്ത്രങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. വാഹന പോർട്ട്‌ഫോളിയോ വികസിപ്പിക്കുക, ഫ്യൂച്ചർ മൊബിലിറ്റി സംവിധാനങ്ങൾ ഒരുക്കുക, പ്രീമിയം ഓണർഷിപ്പ് എക്‌സ്പീരിയൻസ് ഉറപ്പാക്കുക എന്നിവയാണിത്.
പുതിയ മോഡലുകൾ അവതരിപ്പിക്കുകയും നിലവിലുള്ള മോഡലുകളുടെ അപ്‌ഡേറ്റഡ് പതിപ്പുകൾ എത്തിക്കുകയുമാണ് ആദ്യത്തെ ലക്ഷ്യം. ഇതുവഴി വാഹനശ്രേണി കൂടുതൽ വിപുലമാകും. ഇ.സി.06 എന്ന മോഡലിലൂടെ യമഹ ഇലക്ട്രിക് വാഹനങ്ങളിലേക്ക് കടന്നിട്ടുണ്ട്. കൂടുതൽ സ്‌റ്റെലിഷായതും സ്‌പോർട്ടിയായതുമായ മോഡലുകൾ ഭാവിയിൽ പ്രതീക്ഷിക്കാം. ഉപയോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട വാങ്ങൽ അനുഭവം ഉറപ്പാക്കുകയാണ് മൂന്നാമത്തെ ലക്ഷ്യം. ഇതിനായി രാജ്യത്തുടനീളം ബ്ലൂ സ്‌ക്വയർ ഷോറൂം ശൃംഖല ആരംഭിക്കാനാണ് പദ്ധതികൾ.
കേരള വിപണിയിൽ യമഹയ്ക്ക് എത്രത്തോളം പ്രധാന്യമുണ്ട്, ഈ മേഖലയിലെ വിപണി വിഹിതവും പ്രകടനവും?
യമഹയെ സംബന്ധിച്ച് കേരളം വളരെ തന്ത്രപ്രധാനമായ വിപണിയാണ്. ശക്തമായ ഉപഭോക്തൃ അടിത്തറയ്‌ക്കൊപ്പം സ്‌കൂട്ടറുകൾക്കും പ്രീമിയം ബൈക്കുകൾക്കും ശക്തമായ ഡിമാന്റാണ് ഈ വിപണിയിലുള്ളത്. യുവ ഉപയോക്താക്കൾക്കിടയിൽ യമഹയുടെ വാഹനങ്ങൾക്ക് വലിയ സ്വീകാര്യതയുണ്ടെന്നാണ് വിൽപ്പന വിവരങ്ങൾ നൽകുന്ന സൂചന. ഇത് ബ്രാന്റിന്റെ വളർച്ചയ്ക്ക് നിർണായകമായ കരുത്തായാണ് വിലയിരുത്തുന്നത്.
പ്രീമിയം, പെർഫോമെൻസ് ബൈക്കുകളോട് കേരളത്തിലെ ഉപയോക്താക്കളുടെ സമീപനം?
സ്‌കൂട്ടറിന് ഏറെ വേരോട്ടമുള്ള വിപണിയാണ് കേരളം. എന്നാൽ, പ്രീമിയം, പെർഫോമെൻസ് വാഹനങ്ങളിലേക്കുള്ള ആളുകളുടെ മാറ്റം ഈ വർഷത്തിൽ ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 137 ശതമാനത്തിന്റെ വളർച്ച ഈ ശ്രേണിയിലെ വാഹനങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. യമഹ എറോക്‌സ് 155-ന് 63 ശതമാനത്തിന്റെ വളർച്ചാണ് ഉണ്ടായിരിക്കുന്നത്. പ്രീമിയം ബൈക്കുകളുടെ വിൽപ്പനയിലും കേരളത്തിൽ ശ്രദ്ധേയമായ വളർച്ച കൈവരിക്കാൻ യമഹയ്ക്ക് സാധിച്ചിട്ടുണ്ട്.
കേരളത്തിൽ യമഹയുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ പദ്ധതികൾ?
നെറ്റ്‌വർക്കുകൾ കൂടുതൽ വിപുലമാക്കുക, ഉപയോക്താക്കളുമായുള്ള ഇടപെടൽ കാര്യക്ഷമമാക്കുക, റീട്ടെയിൽ എക്‌സ്പീരിയൻസ് മെച്ചപ്പെടുത്തുക തുടങ്ങിയവ സംയോജിപ്പിച്ച് കേരളത്തിൽ ഉടനീളം യമഹയുടെ സാന്നിധ്യം മെച്ചപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്. പുതിയ ടച്ച് പോയിന്റുകൾ തുറക്കുകയും നിലവിലുള്ളതിൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഇതിൽ ആദ്യത്തേത്.
25 ബ്ലൂ സ്‌ക്വയർ ഷോറൂമുകൾ ഉൾപ്പെടെ കേരളത്തിൽ 160-ൽ അധികം ടച്ച് പോയിന്റുകളാണ് യമഹയ്ക്ക് ഉള്ളത്. ഈ നെറ്റ്‌വർക്ക് വിപുലമാക്കുന്നതിനൊപ്പം ദി കോർ ഓഫ് ബ്ലൂ ബ്രാന്റ് കാമ്പയിന് കീഴിലുള്ള സംരംഭങ്ങളിലൂടെ ഉപയോക്താക്കളുമായി ആഴത്തിലുള്ള ബന്ധം തുടരും. XSR കഫേ റൈഡുകൾ, ബ്ലൂ സ്ട്രീക്ക്‌സ് കമ്മ്യൂണിറ്റി റൈഡുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നുണ്ട്. മോട്ടോർ സൈക്കിൾ പ്രേമികളുമായി ആഴത്തിലുള്ള ബന്ധത്തിലൂടെ ബ്രാന്റ് ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്.
Content Highlights: Yamaha India recorded 43% sales growth between January and April 2026., Premium segment market share reached 13% for Yamaha in India., Kerala remains a strategic market with 137% growth in premium and performance segments., Strategic focus on expanding the 'Blue Square' showroom network to over 160 touchpoints., Future roadmap includes portfolio expansion, EV development, and enhanced customer ownership experiences.