ഡിമാൻഡ് ഉയരുന്നു; ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ഉത്പാദനം വർധിപ്പിക്കാൻ കമ്പനികൾ

#ഓട്ടോമൊബൈല്‍ ഡെസ്‌ക്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

രാജ്യത്ത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ഡിമാൻഡ് ഉയരുന്ന സാഹചര്യത്തിൽ ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി പ്രമുഖ നിർമാതാക്കൾ. ടിവിഎസ് മോട്ടോർ കമ്പനി ഇലക്ട്രിക് ഇരുചക്ര വാഹത നിർമ്മാണ ശേഷി പ്രതിമാസം 80,000 യൂണിറ്റായി ഉയർത്താൻ പദ്ധതിയിടുകയാണ്. 2027 മാർച്ച് അവസാനത്തോടെ ഉത്പാദനം വർധിപ്പിക്കും. ടിവിഎസിന്റെ പ്രധാന എതിരാളിയായ ബജാജ് ഓട്ടോയും ഇലക്ട്രിക് സ്‌കൂട്ടർ ചേതക്കിന്റെ ഉത്പാദന ശേഷി 80,000 യൂണിറ്റായി ഉയർത്തുന്നുണ്ട്.

ഇരുചക്ര വാഹന മേഖലയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനം അതിവേഗത്തിലാണ് നടക്കുന്നത്. മൊത്തത്തിലുള്ള ഇരുചക്ര വാഹന വിപണിയിൽ ഇ.വി വ്യാപനം 11-12 ശതമാനത്തോളം എത്തിയപ്പോൾ സ്‌കൂട്ടർ വിഭാഗത്തിൽ ഇത് 20 ശതമാനം കടന്നിരിക്കുന്നു.

നിലവിൽ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലെ വിപണിയിലെ മുന്നിലാണ് ടിവിഎസ് മോട്ടോർ. നിലവിൽ കമ്പനി പ്രതിമാസം 60,000-65,000 യൂണിറ്റുകളാണ് ഉത്പാദിപ്പിക്കുന്നത്. ഇത് 80,000 യൂണിറ്റുകളായി ഉയർത്തുന്നതിനുള്ള വിപുലീകരണ പദ്ധതി കമ്പനി തയ്യാറാക്കിയിട്ടുണ്ട്. ഏഥർ എനർജിയും പുതിയ യൂണിറ്റ് സ്ഥാപിക്കുന്നതിനൊപ്പം നിലവിലുള്ള പ്ലാന്റിന്റെ ശേഷി 41,000 യൂണിറ്റിലധികമായി വർധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിലുണ്ടായിരുന്ന 80,009 യൂണിറ്റുകളിൽ നിന്ന് ടിവിഎസ് മോട്ടോറിന്റെ ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പന രണ്ടാം പാദത്തിൽ ഇരട്ടിയിലധികമായി ഉയർന്ന് 1,86,186 യൂണിറ്റിലെത്തിയിട്ടുണ്ട്.

അതിനിടെ നിലവിലുള്ള 62,000 യൂണിറ്റുകളിൽ നിന്ന് 2027 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തോടെ (ജനുവരി-മാർച്ച് 2027) ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രതിമാസ ഉത്പാടനം 80,000 യൂണിറ്റായി വർധിപ്പിക്കാനാണ് ബജാജ് ഓട്ടോ പദ്ധതിയിടുന്നത്. നിലവിൽ ഡിമാൻഡ് ഉത്പാദനത്തേക്കാൾ കൂടുതലാണെന്നും ആറാമതൊരു ഫാക്ടറിയുടെ സാധ്യത പരിശോധിക്കുകയാണെന്നും ബജാജ് വൃത്തങ്ങൾ പറയുന്നു.

Content Highlights: TVS Motor aims for 80,000 electric two-wheeler units per month by March 2027., Bajaj Auto also targeting 80,000 Chetak units monthly by Q4 FY2027., EV penetration in India's scooter segment has crossed 20 percent., TVS electric vehicle sales more than doubled in the second quarter.