ഇതാണ് പുതിയ ഹിമാലയന്‍ 452; ആകാംക്ഷകള്‍ക്ക് വിരാമമിട്ട് റോയല്‍ എന്‍ഫീല്‍ഡ്, ഉടന്‍ നിരത്തിലെത്തും

ഇന്ത്യയിലെ ബൈക്ക് പ്രേമികള്‍ എല്ലാം ഒരുപോലെ കാത്തിരിക്കുന്ന വാഹനമാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍ 452. മൂടിക്കെട്ടലുകളില്‍ നിന്ന് പുറത്തിറങ്ങിയ ഈ പുതിയ മോഡലിന്റെ ചിത്രം ആദ്യമായി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. ഹിമാലയം ബാക്ക്ഗ്രൗണ്ടായി വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്നതിന്റെ ചിത്രമാണ് റോയല്‍ എന്‍ഫീല്‍ഡ് പങ്കുവെച്ചിരിക്കുന്നത്. ഇതുവരെയുണ്ടായിരുന്ന ഹിമാലയനില്‍ നിന്ന് അടിമുടി മാറിയാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്.
ഹിമാലയന്‍ 411-ല്‍ നിന്ന് ഹിമാലയന്‍ 452 ആയി എത്തുന്ന പുതിയ മോഡല്‍ നവംബര്‍ ഏഴാം തിയതിയാണ് അവതരിപ്പിക്കുകയെന്നാണ് സൂചന. വാഹനത്തിന്റെ ഫീച്ചറുകള്‍ വരുത്തിയിട്ടുള്ള മാറ്റം, വില, മറ്റ് സവിശേഷതകളെല്ലാം നവംബറിലായിരിക്കും വെളിപ്പെടുത്തുക. മുന്‍ മോഡലിനെക്കാള്‍ അല്‍പ്പം കൂടി വളര്‍ന്നാണ് പുതിയമോഡല്‍ എത്തുന്നത്. നിലവിലെ മോഡലില്‍ 1465 എം.എം ആണ് വീല്‍ബേസ് എങ്കില്‍ പുതിയ പതിപ്പില്‍ അത് 1510 എം.എം. ആയി ഉയരും. നീളം 2190 എം.എമ്മില്‍ നിന്ന് 2245 എം.എം. ആയി ഉയര്‍ത്തുന്നുണ്ട്.
മാറ്റങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തുന്ന തരത്തിലാണ് പുതിയ മോഡല്‍ ഒരുങ്ങിയിരിക്കുന്നത്. എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള റൗണ്ട് ഹെഡ്‌ലാമ്പ്, കൂടുതല്‍ ഉയരത്തില്‍ നല്‍കിയിട്ടുള്ള ഫ്രണ്ട് വൈസര്‍, ഉയര്‍ന്ന് നില്‍ക്കുന്ന ഫെന്‍ഡര്‍, വൈഡ് ഹാന്‍ഡില്‍ ബാര്‍, പുതിയ ഡിസൈനിലെ ടാങ്ക്, ടാങ്കിന്റെ വശങ്ങളില്‍ നല്‍കിയിട്ടുള്ള ഗാര്‍ഡ്, എന്‍ജിന്‍ ഗാര്‍ഡ്, സ്പ്ലിറ്റ് സീറ്റ്, ലഗേജ് റാക്ക്, നീളം കുറഞ്ഞ എക്‌സ്‌ഹോസ്റ്റ് പൈപ്പ് തുടങ്ങിയവയാണ് ഈ ബൈക്കിനെ കാഴ്ച്ചയില്‍ സ്റ്റൈലിഷാക്കുന്നത്.
മെക്കാനിക്കലായുള്ള പുതുമകളാണ് ഈ വാഹനത്തിലെ ഹൈലൈറ്റ്. 451.65 സി.സി. ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഹിമാലയന്‍ 452-ന് കരുത്തേകുന്നത്. ഇത് 40 പി.എസ്. പവറും 37 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സ്ലിപ്പ് ക്ലെച്ച് അസിസ്റ്റിനൊപ്പം ആറ് സ്പീഡ് ആയിരിക്കും ഈ വാഹനത്തില്‍ നല്‍കുന്ന ട്രാന്‍സ്മിഷന്‍ എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ വിപണിയിലുള്ള ഹിമാലയന്‍ മോഡലില്‍ അഞ്ച് സ്പീഡ് ട്രാന്‍സ്മിഷന്‍ സംവിധാനമാണ് നല്‍കിയിട്ടുള്ളത്.
കണക്ടിവിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ ഈ വരവിലെ ഹൈലൈറ്റ് ഹിമാലയനില്‍ നല്‍കിയേക്കുമെന്നാണ് വിലയിരുത്തല്‍. ഫുള്‍ ഡിജിറ്റല്‍ ടി.എഫ്.ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഇതില്‍ നല്‍കിയേക്കും. ബ്ലൂടൂത്ത് കണക്ടിവിറ്റി സംവിധാനവും പ്രതീക്ഷിക്കുന്നുണ്ട്. ഏറ്റവും മികച്ച റൈഡിങ്ങ് ഉറപ്പാക്കാന്‍ യു.എസ്.ഡി. ഫോര്‍ക്കും ഹിമാലയന്‍ 450-യില്‍ ഒരുങ്ങും. മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 19 ഇഞ്ചും വലിപ്പമുള്ള ടയറുകളായിരിക്കും നല്‍കുക. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം ഡ്യുവല്‍ ചാനല്‍ എ.ബി.എസും സുരക്ഷ കാര്യക്ഷമമാക്കും.
Content Highlights: Royal Enfield officially unveils the new Himalayan 452, Royal Enfield Himalayan 452