ഗുഡ് ബൈ ഹിമാലയന്‍ 411; പുതിയ ഹിമാലയന്‍ 452-നായി വഴിമാറാനൊരുങ്ങി നിലവിലെ മോഡല്‍

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 411 | Photo: Royal Enfield
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 411 | Photo: Royal Enfield

റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍ 452-നെ സ്വീകരിക്കാന്‍ ഇന്ത്യയിലെ അഡ്വഞ്ചര്‍ ബൈക്ക് പ്രേമികള്‍ ഒരുങ്ങി കഴിഞ്ഞു. വരവിന് മുന്നോടിയായുള്ള ഈ വാഹനത്തിന്റെ പരീക്ഷണയോട്ടങ്ങളെല്ലാം അടുത്തിടെ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇ.ഐ.സി.എം.എയുടെ ഭാഗമായി നവംബര്‍ ഏഴിന് ഈ ബൈക്ക് അവതരിപ്പിക്കും. എന്നാല്‍, ഹിമാലയന്‍ 452-യുടെ വരവോടെ ഹിമാലയന്‍ 411-ന് നിരത്തൊഴിഞ്ഞേക്കുമെന്നാണ് സൂചനകള്‍. 

അഡ്വഞ്ചര്‍ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട 2016-ലാണ് ഹിമാലയന്‍ 411 ഇന്ത്യയില്‍ അവതരിപ്പിച്ചത്. റോയല്‍ എന്‍ഫീല്‍ഡിന്റെ പരമ്പരാഗത ഡിസൈന്‍ ശൈലികള്‍ പൊളിച്ചെഴുതി എത്തിയ ഈ വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനുശേഷം പലപ്പോഴായി കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ നല്‍കി ഈ വാഹനം മുഖംമിനുക്കുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ ബി.എസ്.6 എന്‍ജിനിലേക്ക് മാറി എത്തിയതാണ് ഹിമാലയന്‍ 411 മോഡലില്‍ വരുത്തിയിരുന്ന മാറ്റം.

പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 452

ഹിമാലയന്‍ 411 മികച്ച അഡ്വഞ്ചര്‍ ബൈക്ക് ആയിരുന്നെങ്കില്‍ ഇതിനെക്കാള്‍ ഏറെ മികവോടെയാണ് ഹിമാലയന്‍ 452 എത്തുന്നത്. പുതിയ ട്വിന്‍ സ്പാര്‍ ഫ്രെയിമിലാണ് പുതിയ ബൈക്ക് ഒരുങ്ങിയിരിക്കുന്നത്. മുന്നില്‍ അപ്പ് സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന മോണോഷോക്കുമാണ് ഹിമാലയന്‍ 452-യില്‍ വരുത്തിയിട്ടുള്ള സുപ്രധാന മാറ്റങ്ങളില്‍ ഒന്ന്. ഡിസൈനിലും ഫീച്ചറുകളിലുമായി വേറെയും നിരവധി പുതുമകള്‍ റോയല്‍ എന്‍ഫീല്‍ഡ് കൊണ്ടുവന്നിട്ടുണ്ട്. 

ഹിമാലയന്‍ 411 നിരത്തൊഴിയുമെങ്കിലും ഇതേ എന്‍ജിനില്‍ എത്തിയിട്ടുള്ള സ്‌ക്രാം 411 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നിരയില്‍ തുടരുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 2022 മാര്‍ച്ച് മാസത്തിലാണ് സ്‌ക്രാം റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ അവതരിപ്പിച്ചത്. 

റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411

മെക്കാനിക്കലായി വരുത്തിയിട്ടുള്ള പുതുമകളാണ് ഈ വാഹനത്തിലെ മറ്റൊരു ഹൈലൈറ്റ്. 451.65 സി.സി. ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഹിമാലയന്‍ 452-ന് കരുത്തേകുന്നത്. ഇത് 40 പി.എസ്. പവറും 40 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സ്ലിപ്പ് ക്ലെച്ച് അസിസ്റ്റിനൊപ്പം ആറ് സ്പീഡ് ആയിരിക്കും ഈ വാഹനത്തില്‍ നല്‍കുന്ന ട്രാന്‍സ്മിഷന്‍ എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ വിപണിയിലുള്ള ഹിമാലയന്‍ മോഡലില്‍ അഞ്ച് സ്പീഡ് ട്രാന്‍സ്മിഷന്‍ സംവിധാനമാണ് നല്‍കിയിട്ടുള്ളത്.

Content Highlights: Royal Enfield Himalayan 452 replace Himalayan 411, Royal Enfield Himalayan 411