കുറച്ച് കൂടി സമയമെടുക്കും, ഒല ഇലക്ട്രിക് ബൈക്ക് റോഡ്‌സ്റ്റര്‍ എക്‌സിന്റെ വരവ് നീളുന്നു

ഒല റോഡ്‌സ്റ്റര്‍ എക്‌സ് | Photo: Ola Electric
ഒല റോഡ്‌സ്റ്റര്‍ എക്‌സ് | Photo: Ola Electric

ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒലയുടെ വാഹനനിരയില്‍ എത്തിയ റോഡ്‌സ്റ്റര്‍ എക്‌സ് ഇലക്ട്രിക് ബൈക്കിന്റെ വിതരണം വീണ്ടും നീളുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ ആരംഭിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും ഇത് ഏപ്രില്‍ മാസത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, ഇത് മെയ് മാസത്തിലേക്കും നീളുമെന്നാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിങ്ങില്‍ ഒല അറിയിച്ചിരിക്കുന്നത്. കൃത്യമായ തീയത് കമ്പനി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് വിവരം. 

3.5 കിലോവാട്ട്, 4.5 കിലോവാട്ട്, 6 കിലോവാട്ട് എന്നീ മൂന്ന് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ്‌ റോഡ്‌സ്റ്റര്‍ എക്‌സ് എത്തിയിരിക്കുന്നത്. 84,999 രൂപ മുതല്‍ 1.85 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയിലാണ് ഈ ബൈക്ക് എത്തുക. റോഡ്‌സ്റ്റര്‍ എക്‌സ് ഇലക്ട്രിക് ബൈക്കുകളുടെ ആദ്യ ബാച്ച് തമിഴ്‌നാട്ടിലെ ഫ്യൂച്ചര്‍ ഫാക്ടറിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയെന്നും വൈകാതെ വിതരണം ആരംഭിക്കുമെന്നുമാണ് ഏപ്രില്‍ 11-ന് ഒല ഇലക്ട്രിക് അറിയിച്ചിരുന്നു.  

റോഡ്സ്റ്റര്‍ എക്സ് എന്ന അടിസ്ഥാന മോഡലില്‍ 14.9 പി.എസ്. പവര്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറായിരിക്കും സ്ഥാനം പിടിക്കുക. ഇതിലെ ആറ് കിലോവാട്ട് ബാറ്ററി പാക്ക് മോഡല്‍ 200 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന ഉറപ്പ്. മണിക്കൂറില്‍ 124 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗതയായി നല്‍കുന്നത്. കേവലം 2.8 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയായിരിക്കും ഈ വാഹനത്തില്‍ ഒരുങ്ങുക. 

റെഗുലര്‍ കമ്മ്യൂട്ടര്‍ ബൈക്കുകള്‍ക്ക് സമാനമായിരിക്കും റോഡ്‌സ്റ്റര്‍ എസ് എന്നാണ് വിലയിരുത്തലുകള്‍. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സുമാണ് മികച്ച യാത്ര ഉറപ്പാക്കുന്നത്. 17 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകള്‍ നല്‍കുന്ന ഈ ഇലക്ട്രിക് ബൈക്കിന്റെ മുന്നില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് സുരക്ഷ ഉറപ്പാക്കുന്നത്.

Source

Content Highlights: Ola`s Roadster X electric bike launch delayed to May.