ഓടിച്ച് കൊതിതീരും മുമ്പ് കൈവിട്ടുപോയി; 40 വർഷത്തിന് ശേഷം അച്ഛന്റെ ബുള്ളറ്റ് തിരിച്ചെടുത്ത് മകൻ

#Auto Desk
തിരിച്ചെത്തിച്ച ബുള്ളറ്റിലിരിക്കുന്ന സായി കിരണ്‍. സമീപം സഹോദരന്‍ സായി കൃഷ്ണനും അമ്മ ചന്ദ്രികയും, 1982-ല്‍ അച്ഛന്റെ ബുള്ളറ്റിലിരിക്കുന്ന സായി കിരണും ഒപ്പം സഹോദരങ്ങളും ബന്ധുക്കളും.
തിരിച്ചെത്തിച്ച ബുള്ളറ്റിലിരിക്കുന്ന സായി കിരണ്‍. സമീപം സഹോദരന്‍ സായി കൃഷ്ണനും അമ്മ ചന്ദ്രികയും, 1982-ല്‍ അച്ഛന്റെ ബുള്ളറ്റിലിരിക്കുന്ന സായി കിരണും ഒപ്പം സഹോദരങ്ങളും ബന്ധുക്കളും.

ഒറ്റപ്പാലം: 'ഓടിച്ച് കൊതിതീർന്നിരുന്നില്ല, കൈവിട്ടുപോയത് വല്യ വിഷമമാണ്' -സന്തതസഹചാരിയായിരുന്ന 1958 മോഡൽ റോയൽ എൻഫീൽഡ് ബുള്ളറ്റിനെക്കുറിച്ച് അച്ഛൻ ഇടയ്ക്കിടെ പറഞ്ഞിരുന്ന വാക്കുകൾ സായി കിരണിന്റെ കാതിൽ അലയടിക്കാൻ തുടങ്ങിയിട്ട് നാളെറെയായിരുന്നു. റോഡിൽ പഴയ കറുത്ത മോഡൽ ബുള്ളറ്റ് കണ്ടാൽ സായിയുടെ ശ്രദ്ധ അങ്ങോട്ട് തിരിയും. 'കെ.എൽ. ജി-8153' എന്ന നമ്പറാണോയെന്ന് നോക്കും. ആ തിരച്ചിൽ വെറുതേയായില്ല. വിറ്റ് 40 വർഷത്തിനുശേഷം തിരഞ്ഞ് കണ്ടുപിടിച്ച് ബുള്ളറ്റിനെ തിരിച്ച് വീട്ടിലെത്തിച്ചു. ഒറ്റപ്പാലം നഗരസഭയിലെ കൗൺസിലർ കൂടിയായ പത്തൊൻപതാം മൈൽ പത്തൂർവളപ്പിൽ സായ് കിരൺ. ആഘോഷമായാണ് കുടുംബം ബുള്ളറ്റിനെ വീട്ടിലേക്ക് സ്വീകരിച്ചത്.

1958 മോഡൽ ഇംഗ്ലണ്ട് മെയ്ഡ് ബുള്ളറ്റ് സായി കിരണിന്റെ അച്ഛൻ പി.വി. ഗംഗാധരൻ വാങ്ങുന്നത് 1972-ലാണ്. അന്ന് ഒറ്റപ്പാലത്ത് രണ്ടുപേർക്കേ ബുള്ളറ്റ് ഉണ്ടായിരുന്നുള്ളു. 'ദൂരെനിന്നുതന്നെ അതിന്റെ ശബ്ദം കേൾക്കാം. അപ്പോൾ ഞങ്ങൾ വീടിന്റെ പടി തുറന്നുവെക്കും'- ബുള്ളറ്റിന്റെ അന്നത്തെ ശബ്ദം കാതിൽ അലയടിച്ചപ്പോൾ സായി പറഞ്ഞു. ഇടയ്ക്ക് സാമ്പത്തികപ്രയാസം നേരിട്ടപ്പോൾ വെറും 9,300 രൂപയ്ക്ക് ഗംഗാധരൻ അത് വിറ്റു. 1985-ലായിരുന്നു അത്. 1987-ൽ ഗംഗാധരൻ മരിച്ചു. അന്ന് 16-കാരനായിരുന്ന സായിയുടെ മനസ്സിൽ അച്ഛന്റെ ഈ സങ്കടം നിറഞ്ഞുനിൽപ്പുണ്ടിയിരുന്നു. വളർന്നുവലുതായപ്പോൾ പാലക്കാട് ജില്ലയിൽ പലയിടത്തും കോയമ്പത്തൂരും അന്വേഷിച്ചെങ്കിലും കിട്ടിയില്ല. പൊളിച്ചുപോയിക്കാണുമെന്ന് വിചാരിച്ച് ആ ആഗ്രഹം മറക്കാൻ ശ്രമിച്ചു.

1982-ൽ അച്ഛന്റെ ബുള്ളറ്റിലിരിക്കുന്ന സായി കിരണും ഒപ്പം സഹോദരങ്ങളും ബന്ധുക്കളും.

നാലുമാസം മുൻപ് സായിയുടെ ബന്ധുവായ അശ്വിൻ സായിയാണ് പരിവാഹനിൽ നമ്പർ തിരഞ്ഞത്. അങ്ങനെ വാഹനം കണ്ണൂരിലുണ്ടെന്ന് അറിഞ്ഞു. വിശദമായ അന്വേഷണത്തിനൊടുവിൽ കണ്ണൂർ കാപ്പാട് പെരിങ്ങളായി ആലക്കാട്ട് വീട്ടിൽ അമലിന്റെ വിന്റേജ് വാഹനശേഖരത്തിൽ ഈ ബുള്ളറ്റുണ്ടെന്ന് അറിഞ്ഞു. അമലുമായി ബന്ധപ്പെട്ടപ്പോൾ വിൽക്കാൻ വേണ്ടിയല്ല ബുള്ളറ്റ് വാങ്ങിയതെന്ന് മറുപടിയെത്തി. മുൻപ് സായി കിരണും സഹോദരങ്ങളായ സായി ലക്ഷ്മി, സായി പ്രസന്ന, സായി കൃഷ്ണൻ തുടങ്ങിയവരെല്ലാവരും ഈ ബുള്ളറ്റിന് സമീപം നിൽക്കുന്ന പഴയ ഫോട്ടോ അമലിന് അയച്ചുകൊടുത്തു.

ബുള്ളറ്റിനോട് സായിയുടെ കുടുംബത്തിനുള്ള വൈകാരികബന്ധം മനസ്സിലാക്കിയ അമൽ തന്റെ വീട്ടിലും ഇത് സംസാരിച്ചു. വീട്ടുകാരും തിരിച്ചുനൽകാൻ പറഞ്ഞു. പിന്നീട് ഒരു കണ്ടെയ്നർ വാഹനത്തിൽ ബുള്ളറ്റ് കയറ്റിവിട്ടശേഷമാണ് അമൽ സായിയെ വിളിച്ച് കാര്യംപറയുന്നത്. എനിക്ക് ചെലവായ തുക മാത്രം തന്നാൽ മതിയെന്നായിരുന്നു സായിയോടുള്ള അമലിന്റെ മറുപടി. എത്തിയ വണ്ടി ഒന്നുമിനുക്കി ഭംഗിയാക്കി കഴിഞ്ഞദിവസമാണ് വീട്ടിലെത്തിക്കുന്നത്. അതുവരെ ഈ വിവരങ്ങളറിയാതിരുന്ന അമ്മ ചന്ദ്രികയ്ക്ക് ബുള്ളറ്റ് കണ്ട് കണ്ണുനിറഞ്ഞു. വീട്ടുകാരെല്ലാവരും ആഘോഷത്തോടെയാണ് ബുള്ളറ്റിനെ വരവേറ്റത്. 'അച്ഛന്റെ സാമീപ്യം ഇവിടുള്ളപോലെ തോന്നുന്നു. ഇനി ഒറ്റപ്പാലത്തുകൂടി ഇതൊന്നോടിക്കണം' സായി കിരൺ പറഞ്ഞു.

Content Highlights: Sai Kiran reunited with his late father's 1958 Royal Enfield Bullet after a 40-year separation., The motorcycle was sold in 1985 due to financial constraints and tracked down in Kannur., The current owner, Amal, returned the bike after learning about the family's deep emotional connection., The restoration and homecoming of the vintage bike served as a tribute to the owner's father.