ഒറ്റച്ചാർജില്‍ 60 കി.മീ, കേരളത്തിന്റെ ഇലക്ട്രിക് സൈക്കിള്‍ ഇനി മുംബൈയിലെ നിരത്തിലും

കേരളത്തിലെ ഇ-മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വാന്‍ മോട്ടോ വര്‍ളിയിലെ ആട്രിയ മാളില്‍ ഇലക്ട്രിക് സൈക്കിള്‍ ഷോറൂം തുറന്നു. അര്‍ബന്‍സ്‌പോര്‍ട്ട്, അര്‍ബന്‍സ്‌പോര്‍ട്ട് പ്രോ എന്നീ മോഡലുകളാണ് മുംബൈയില്‍ വിപണിയിലിറക്കിയത്. കൊച്ചിയില്‍ തുടക്കമിട്ട കമ്പനിയുടെ ഇന്ത്യയിലെ രണ്ടാമത് ഷോറൂമാണിത്.
ഇറ്റാലിയന്‍ കമ്പനിയായ ബനലിയുമായി ചേര്‍ന്നാണ് കമ്പനി ഇവിടെ ഇ-സൈക്കിളുകള്‍ നിര്‍മിക്കുന്നതെന്ന് വാന്‍ മോട്ടോ സ്ഥാപകനും സി.ഇ.ഒ.യുമായ ജിത്തു സുകുമാരന്‍ നായര്‍ പറഞ്ഞു. അടുത്ത മൂന്നുമാസത്തിനുള്ളില്‍ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പുണെ എന്നീ നഗരങ്ങളിലും വാന്‍ മോട്ടോ ഇ-സൈക്കിളുകള്‍ അവതരിപ്പിക്കുമെന്നും അദ്ദേഹംപറഞ്ഞു.
വാന്‍ മോട്ടോയില്‍ ആദ്യ നിക്ഷേപമിറക്കിയത് ഓയില്‍മാക്‌സ് എനര്‍ജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ എനര്‍ജി സര്‍വീസസ് ലിമിറ്റഡ് ആണ്. 48 വോള്‍ട്ട് 7.5 എഎച്ച് ലിഥിയം അയണ്‍ ബാറ്ററിയാണ് സൈക്കിളുകളില്‍ ഘടിപ്പിച്ചിരിക്കുന്നത്. ബാറ്ററി അഴിച്ചെടുത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഒറ്റചാര്‍ജില്‍ പരമാവധി 60 കിലോമീറ്റര്‍ വരെ ലഭിക്കും. മണിക്കൂറില്‍ 25 കി.മീ ആണ് വേഗത.
അലോയ് ഫ്രെയിം, 20 ഇഞ്ച് വീലുകള്‍, ബെനലിയുടെ ലൈറ്റ് വെയ്റ്റ് അലോയ് റിം, എല്‍.ഇ.ഡി. ലൈറ്റുകള്‍, ഡിസ്‌ക് ബ്രേക്ക് തുടങ്ങി ഒട്ടേറെ സംവിധാനങ്ങളും ഇതിലുണ്ട്.
കൊച്ചി വരാപ്പുഴയിലാണ് പ്രതിമാസം 2000 യൂണിറ്റുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള വാന്‍ മോട്ടോയുടെ പ്ലാന്റ്. ഓസ്ട്രിയന്‍ കമ്പനി കെ.ടി.എമ്മിനു കീഴിലുള്ള കിസ്‌കയാണ് വാന്‍ മോട്ടോയുടെ ഇ-സൈക്കിളുകളുടെ രൂപകല്പന നിര്‍വഹിച്ചിരിക്കുസന്നത്. 62,999, 72,999 രൂപ എന്നിങ്ങനെയാണ് രണ്ട് ഇ-സൈക്കിളുകളുടേയും വില.
Content Highlights: Kerala based electric cycle company Vaan begins its operations in Mumbai, Vaan E-Mobility