എട്ട് മാസം, ഇന്ത്യക്കാർ വാങ്ങിയത് 13.61 ലക്ഷം ഇലക്ട്രിക ഇരുചക്ര വാഹനങ്ങൾ; വൻ മുന്നേറ്റം

#ഓട്ടോമൊബൈല്‍ ഡെസ്‌ക്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

ഇലക്ട്രിക് വാഹന വിപണിയിൽ വലിയ മാറ്റത്തിന്റെ സൂചന നൽകി വാഹൻ ഡേറ്റാബേസിൽനിന്നുള്ള കണക്കുകൾ. 2026-ലെ ആദ്യ എട്ട് മാസത്തിനിടെ ഇന്ത്യക്കാർ വാങ്ങിയത് 13.61 ലക്ഷത്തിലധികം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ. ഇലക്ട്രിക് മൊബിലിറ്റിക്ക് രാജ്യത്ത് വലിയ സ്വീകാര്യത ലഭിക്കുന്നതിന്റെ സൂചനയാണിത്.

വാഹൻ അടിസ്ഥാനമാക്കിയുള്ള ഡേറ്റ പ്രകാരം 2026 ജനുവരിക്കും ഓഗസ്റ്റിനും ഇടയിൽ ഇലക്ട്രിക് സ്‌കൂട്ടർ, മോട്ടോർസൈക്കിൾ വിൽപ്പന 13,61,170 യൂണിറ്റിലെത്തി. 60 ശതമാനം വളർച്ചയാണ് ഈ രംഗത്തുള്ളത്. 2025-ലെ ഇതേ കാലയളവിൽ 8,51,787 യൂണിറ്റുകൾ ആയിരുന്നു വിൽപ്പന.

ഓഗസ്റ്റിൽ മാത്രം വിറ്റത് 1.83 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ

ഓഗസ്റ്റിൽ മാത്രം രാജ്യത്ത് 1,82,936 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടു. 2025 ഓഗസ്റ്റിലെ 1,09,673 യൂണിറ്റുകളായിരുന്നു വിൽപ്പന. 2026 ജൂണിലും ജൂലായിലും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന കുതിച്ചുയർന്ന് 2 ലക്ഷം യൂണിറ്റ് പിന്നിട്ടു.

മുന്നേറ്റം തുടർന്ന് ടിവിഎസ്

ടിവിഎസ് മോട്ടോർ കമ്പനിയാണ് ഈ കാലയളവിലെ രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പനയിൽ മുന്നിൽ. ജനുവരിക്കും ഓഗസ്റ്റിനും ഇടയിൽ കമ്പനി 3,56,579 യൂണിറ്റുകൾ വിറ്റഴിച്ചു. ഇതിലൂടെ 26 ശതമാനം വിപണി വിഹിതം നേടാൻ അവർക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ടിവിഎസ് 77 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ടിവിഎസ് ഐക്യൂബ് (TVS iQube) ശ്രേണിയാണ് ഈ ശക്തമായ പ്രകടനത്തിന് പ്രധാനമായും കാരണമായത്.

2026 ലെ ആദ്യ എട്ട് മാസങ്ങളിൽ 3,05,226 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വിറ്റഴിച്ച് ബജാജ് ഓട്ടോ രണ്ടാം സ്ഥാനം നേടി. കമ്പനിക്ക് നിലവിൽ 22 ശതമാനം വിപണി വിഹിതമുണ്ട്. ചേതക് പോർട്ട്ഫോളിയോയുടെ പിന്തുണയോടെ ബജാജിന്റെ ഇവി വിൽപ്പന വർഷാടിസ്ഥാനത്തിൽ 69 ശതമാനം വർധിച്ചു.

ഏഥർ എനർജി വിപണിയിലെ സ്ഥാനം കൂടുതൽ ശക്തമാക്കി. ബെംഗളൂരു ആസ്ഥാനമായുള്ള ഇവി നിർമ്മാതാക്കൾ 2026 ജനുവരിക്കും ഓഗസ്റ്റിനും ഇടയിൽ 2,29,099 യൂണിറ്റുകൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 83 ശതമാനം വർധനവാണ്. കമ്പനിക്ക് ഇപ്പോൾ 17 ശതമാനം വിപണി വിഹിതമുണ്ട്.

വിൽപ്പനയിൽ മുന്നേറിയ നാല് നിർമ്മാതാക്കളിൽ ഹീറോ മോട്ടോകോർപ്പിന്റെ വിഡ (Vida) ബ്രാൻഡാണ് ഏറ്റവും വേഗമേറിയ വളർച്ച രേഖപ്പെടുത്തിയത്. അവരുടെ വിൽപ്പന വർഷാടിസ്ഥാനത്തിൽ 151 ശതമാനം ഉയർന്ന് 1,48,069 യൂണിറ്റിലെത്തി. ഇതോടെ അവരുടെ വിപണി വിഹിതം 7 ശതമാനത്തിൽ നിന്ന് 11 ശതമാനമായി ഉയർന്നു.

നേട്ടം കൊയ്ത് നാല് ബ്രാണ്ടുകൾ

2026 ജനുവരിക്കും ഓഗസ്റ്റിനും ഇടയിൽ ടിവിഎസ്, ബജാജ്, ഏഥർ, വിഡ എന്നീ ബ്രാണ്ടുകളുടെ 10,38,973 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ രാജ്യത്ത് വിറ്റഴിച്ചു. നിലവിൽ ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയുടെ ഏകദേശം 76 ശതമാനവും ഈ നാല് നിർമ്മാതാക്കളുടെ കൈവശമാണ്. ഇന്ധന വില, വികസിച്ചുകൊണ്ടിരിക്കുന്ന ചാർജിങ് ഇൻഫ്രാസ്ട്രക്ചർ, മെച്ചപ്പെട്ട ബാറ്ററി സാങ്കേതികവിദ്യ, വിപണിയിലെ ലഭ്യത എന്നിവ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: India's electric two-wheeler sales exceeded 13.61 lakh units between January and August 2026., August 2026 recorded 1,82,936 units sold, marking a 67 percent year-on-year growth., TVS Motor leads the market with 3,56,579 units sold and a 26 percent market share., Bajaj Auto, Ather Energy, and Hero MotoCorp's Vida also posted significant growth in 2026.