ഹീറോ വിഡയിൽ തുടങ്ങി ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടർ വിപണി ഭരിക്കുന്ന കരുത്തൻ താരങ്ങൾ

#Auto Desk

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി വൻ കുതിപ്പിനാണ് സാക്ഷ്യം വഹിക്കുന്നത്. മുൻനിര ഇരുചക്ര വാഹന നിർമാതാക്കളെല്ലാം അവരവരുടേതായ മോഡലുകൾ വിപണിയിൽ എത്തിക്കുകയും ഒന്ന് മറ്റൊന്നിനെക്കാൾ മികച്ചു നിൽക്കുക കൂടി ചെയ്തതോടെ കനത്ത മത്സരത്തിന് ഇലക്ട്രിക് ഇരുചക്ര വാഹന വിപണി സാക്ഷ്യം വഹിക്കുകയായിരുന്നു. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിപണിയിലേക്ക് താരതമ്യേന വൈകിയാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് എത്തിയത്. എന്നാൽ, ഈ കാലത്താമസം ഏറ്റവും മികച്ച വാഹനവുമായി എത്താനായിരുന്നുവെന്നാണ് കാലം തെളിയിക്കുന്നത്.

വിഡ VX2

വിഡ എന്ന ബ്രാന്റിന്റെ കീഴിലാണ് ഹീറോയുടെ ഇലക്ട്രിക് സ്‌കൂട്ടറുകൾ എത്തുന്നത്. നിലവിൽ VX2 എന്ന മോഡലാണ് വിപണിയിലുള്ളത്. ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടറുകളിൽ താരതമ്യേന താങ്ങാവുന്ന വിലയിൽ ലഭിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടർ എന്ന ഖ്യാതിയാണ് VX2-നുള്ളത്. അഴിച്ച് മാറ്റി ചാർജ് ചെയ്യാൻ സാധിക്കുന്ന ബാറ്ററി, ബാറ്ററി ആക്‌സസറിയായി വാടകയ്ക്ക് എടുക്കാൻ സാധിക്കുന്ന ബാറ്ററി ആസ് എ സർവീസ് (ബാസ്) സൗകര്യം തുടങ്ങിയവ മറ്റ് എതിരാളികളിൽ നിന്ന് വിഡ VX2-നെ വേറിട്ടതാക്കുന്ന ഘടകങ്ങളാണ്.

ബാറ്ററി ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ അഞ്ച് വേരിയന്റുകളിലാണ് വിഡ VX2 വിപണിയിൽ എത്തുന്നത്. VX2 Go 2.2KWh, VX2 Go 3.1 KWh, VX2 GO 3.4 KWh, VX2 Plus 3.4 KWh, VX2 Plus 4.4 KWh എന്നിങ്ങനെയാണിവ. ഇതിലെ അടിസ്ഥാന മോഡലിന് 93 കിലോമീറ്റർ റേഞ്ച് ടെസ്റ്റിങ് ഏജൻസികൾ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ഉയർന്ന വേരിയന്റിൽ 187 കിലോമീറ്റർ റേഞ്ചും നിർമാതാക്കൾ അവകാശപ്പെടുന്നു. ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ഏറ്റവും ഉയർന്ന സർട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത് വിഡ VX2 ഇലക്ട്രിക് സ്‌കൂട്ടറാണ്. 1.09 ലക്ഷം രൂപയിലാണ് വിഡ VX2 ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില ആരംഭിക്കുന്നത്.

വിഡ VX2 പ്ലസ് പതിപ്പിലെ 3.4 കിലോവാട്ട് ബാറ്ററിപാക്കാണ് മോഡലാണ് അഴിച്ചുമാറ്റാൻ സാധിക്കുന്ന ബാറ്ററിയുമായി എത്തുന്നത്. 142 കിലോമീറ്റർ റേഞ്ചാണ് ഈ മോഡൽ വാഗ്ദാനം ചെയ്യുന്നത്. VX2 സ്‌കൂട്ടറുകളുടെ ചാർജിങ് സമയം 580W ചാർജർ ഉപയോഗിച്ച് പൂജ്യത്തിൽ നിന്ന് 80 ശതമാനത്തിലെത്താൻ 4.13 മണിക്കൂറാണ്. പൂർണമായും നിറയാൻ 5.39 മണിക്കൂറും എടുക്കും. ആറ് കിലോവാട്ട് പവർ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതിൽ പ്രവർത്തിക്കുന്നത്. പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

വിഡ VX2 ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്ലസ് വേരിയന്റിനൊപ്പം 4.3 ഇഞ്ച് വലിപ്പമുള്ള ടിഎഫ്ടി ഡാഷ്‌ബോർഡാണ് നൽകിയിട്ടുള്ളത്. ഗോ പതിപ്പിൽ ഇത് എൽസിഡി സ്‌ക്രീനാണ്. ഫ്യൂച്ചറിസ്റ്റിക് രൂപത്തിലാണ് വിഡ VX2 ഒരുങ്ങിയിരിക്കുന്നത്. മുന്നിലെ ഏപ്രണിൽ നൽകിയിരിക്കുന്ന ഹെഡ്‌ലാമ്പ് യൂണിറ്റ്, ഹാർഡിലിൽ നൽകിയിട്ടുള്ള ഇന്റിക്കേറ്റർ, ടെയ്ൽലാമ്പ് എന്നിവയെല്ലാം എൽഇഡിയിൽ ആണ് ഒരുങ്ങിയിരിക്കുന്നത്. വിശാലമായ സീറ്റുകളും ബ്ലാക്ക് റെസ്റ്റ് നൽകിയിട്ടുള്ള ഗ്രാബ് റെയ്ൽ, അലോയി വീലുകൾ എന്നവയെല്ലാം വിഡയുടെ സൗന്ദര്യം വർധിപ്പിക്കുന്നവയാണ്.

എതിരാളികൾ

ഇനി വിഡ VX2 ഇന്ത്യയിൽ മത്സരിക്കുന്ന എതിരാളികൾ നോക്കാം. ഏഥർ 450 മോഡലുകൾ, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് എന്നിവരാണ് പ്രധാനപ്പെട്ട എതിരാളുകൾ. മെക്കാനിക്കൽ സവിശേഷത, ഇലക്ട്രിക് റേഞ്ച്, ഫീച്ചറുകൾ, പെർഫോമെൻസ്, വില എന്നവയിലാണ് ഈ മോഡലുകൾ വിപണിയിൽ ഏറ്റുമുട്ടുന്നത്.

ഏഥർ 450 മോഡലുകൾ

പെർഫോമെൻസ് ഇഷ്ടപ്പെടുന്ന റൈഡർമാർക്ക് വേണ്ടി ഒരുങ്ങിയിട്ടുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഏഥർ 450 സീരീസിൽ വരുന്നത്. 450 എക്‌സ്, 450 എസ് എന്നീ രണ്ട് മോഡലുകളാണ് ഈ സീരീസിൽ വരുന്നത്. 1.36 ലക്ഷം രൂപ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്. പെർഫോമെൻസിന് പ്രാധാന്യം നൽകുന്നത് കൊണ്ടുതന്നെ ഉയർന്ന സ്പീഡ് 90 കിലോമീറ്റർ വരെ ലഭിക്കും. എസ് പതിപ്പിൽ 161 കിലോമീറ്റർ വരെ റേഞ്ചാണ് ടെസ്റ്റിങ് ഏജൻസികൾ സാക്ഷ്യപ്പെടുത്തുന്നത്‌. ഏഴ് ഇഞ്ച് ടിഎഫ്ടി സ്‌ക്രീൻ, ഗൂഗിൾ മാപ്പ് നാവിഗേഷൻ, മാജിക് ട്വിസ്റ്റ്, ഫാസ്റ്റ് ചാർജിങ് ഇക്കോ സിസ്റ്റം എന്നിവ ഈ സ്‌കൂട്ടറുകളുടെ ഹൈലൈറ്റാണ്.

ടിവിഎസ് ഐക്യൂബ്

ഇന്ത്യയിലെ ടോപ്പ് സെല്ലിങ് ഇലക്ട്രിക് സ്‌കൂട്ടർ പട്ടം പലപ്പോഴായി സ്വന്തമാക്കിയിട്ടുള്ള മോഡലാണിത്. ഏറ്റവും മികച്ച ഫാമിലി സ്‌കൂട്ടർ ആയാണ് ഐക്യൂബിനെ വിശേഷിപ്പിക്കുന്നത്. ഏറ്റവും കംഫർട്ടബിളായ യാത്രയും പ്രായോഗികതയുമാണ് ഐക്യൂബ് മുന്നോട്ട് വയ്ക്കുന്നത്. 2.2 KWh, 3.1 KWh, 3.5KWh, 4.7 Kwh എന്നീ നാല് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ലഭിക്കുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിന് 1.22 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഐക്യുബ് നിരയിലെ ഏറ്റവും ഉയർന്ന ബാറ്ററിപാക്ക് ഓപ്ഷൻ മോഡലിന് 175 കിലോമീറ്റർ റേഞ്ചാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. പരമാവധി വേഗത മണിക്കൂറിൽ 82 കിലോമീറ്റർ വരെയാണ്. ടിഎഫ്ടി ഡിസ്‌പ്ലേ, റിവേഴ്‌സ് മോഡ്, പാർക്ക് അസിസ്റ്റ്, കണക്ടഡ് ടെക്‌നോളജി തുടങ്ങിയവയാണ് ടിവിഎസ് ഐക്യൂബിലെ ഫീച്ചറുകൾ.

ബജാജ് ചേതക്

ബജാജിന്റെ ഐതിഹാസിക നാമം സ്വീകരിച്ചെത്തിയ ഇലക്ട്രിക് സ്‌കൂട്ടറാണ് ചേതക്. ഉയർന്ന വിശ്വാസ്യത, കരുത്ത, ദൈനംദിന ഉപയോഗത്തിന് ഏറ്റവും ഇണങ്ങിയ വാഹനം എന്നിങ്ങനെയാണ് ചേതക്കിന് വിപണിയിലുള്ള വിശേഷങ്ങൾ. രണ്ട് ബാറ്ററി പാക്കുകളിലായി അഞ്ച് വേരിയന്റുകളിൽ എത്തുന്ന ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില ആരംഭിക്കുന്നത് 1.04 ലക്ഷം രൂപയിലാണ്. 2.5 KWh, 3.5KWh എന്നീ ബാറ്ററിപാക്ക് ഓപ്ഷനുകളിൽ എത്തുന്ന ഈ വാഹനത്തിന് യാഥാക്രമം 127 കിലോമീറ്റർ, 153 കിലോമീറ്റർ റേഞ്ചാണ് ഐഡിസി സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. മെറ്റൽ ബോഡി, പ്രാക്ടിക്കൽ ഫീച്ചറുകൾ എന്നിവയാണ് ഈ വാഹനത്തിലേക്ക് ഉപയോക്താക്കളെ ആകർഷിക്കുന്ന ഘടകങ്ങൾ.

Content Highlights: Hero Vida VX2 offers an impressive certified range of up to 187km on top variants., Features removable batteries and Battery-as-a-Service (BaaS) rental options., Competitive starting price of Rs 1.09 lakh in the Indian market., Competes against top models like Ather 450, TVS iQube, and Bajaj Chetak.