ഇരുചക്ര വാഹന വിപണിയിലെ ഹീറോ !

പ്രതീകാത്മക ചിത്രം | Photo: Hero Motocrop
പ്രതീകാത്മക ചിത്രം | Photo: Hero Motocrop

ജിഎസ്ടിയിലുണ്ടായ മാറ്റം വാഹന വിപണിയില്‍ വലിയൊരു ഉണര്‍വ്വിന് വഴിയൊരുക്കിയിട്ടുണ്ടെന്നാണ് ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ അശുതോഷ് വര്‍മ. ഹീറോയെ സംബന്ധിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം വിപണി കേരളമാണെന്നും ഹീറോയുടെ വാഹനശ്രേണിയിലെ പ്രീമിയം മോഡലായ എക്‌സ്പള്‍സ് ഏറ്റവുമധികം വിറ്റഴിക്കുന്ന വിപണികളില്‍ ഒന്നാണ് കേരളമെന്നുമാണ് അദ്ദേഹം പറയുന്നത്.

ജിഎസ്ടി 18 ശതമാനമായി കുറച്ചത് വിപണിക്ക് പുതിയ ഉണര്‍വ്വ് നല്‍കിയിട്ടുണ്ട്, ഇത് ഹിറോ മോട്ടോകോര്‍പിനെ എങ്ങനെയാണ് സഹായിച്ചിട്ടുള്ളത്?

ജിഎസ്ടിയിലുണ്ടായ മാറ്റം വാഹന വിപണിയില്‍ വലിയൊരു ഉണര്‍വ്വ് ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് ഓണവിപണിയുടെ ആദ്യഘട്ടം മികച്ചതായിരുന്നു. ഓണവും നവരാത്രിയും ഗണേശോത്സവവുമെല്ലാം ഇന്‍ഡസ്ട്രിയുടെ വളര്‍ച്ച രണ്ടക്കത്തില്‍ എത്തിക്കാന്‍ സഹായിച്ചിട്ടുണ്ട്. എങ്കിലും ഇരുചക്രവാഹന വിപണി പ്രീ കോവിഡ് കാലത്തെ അത്രയ്ക്കും എത്തിയിട്ടില്ല. 2018-19 ല്‍ ആന്വല്‍ ഇന്‍ഡസ്ട്രി വാല്യു 210 ലക്ഷമായിരുന്നത് കഴിഞ്ഞ വര്‍ഷം 190 ലക്ഷത്തിലാണവസാനിച്ചത്. വാഹനങ്ങളുടെ വില വര്‍ധനവും ഒരു പ്രധാന കാരണമായിട്ടുണ്ടാകാം. സ്വഭാവികമായും വാഹന വിപണിക്ക് തിരിച്ചുവരാന്‍ സമയമെടുക്കും. എന്നാല്‍ ജിഎസ്ടിയിലുണ്ടായ മാറ്റം ടു-വീലര്‍ വിപണി പഴയകാല പ്രതാപത്തിലെത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഹീറോ മോട്ടോകോര്‍പിന് നഗരങ്ങളിലാണോ ഗ്രാമങ്ങളിലാണോ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത്?

ഇപ്പോള്‍ നേരിയ മുന്‍തൂക്കം നഗരങ്ങളിലാണ്. ഈ വര്‍ഷം മുതല്‍ പന്ത്രണ്ട് ലക്ഷം വരെയുള്ളവര്‍ക്ക് ഇന്‍കംടാക്സ് ഇല്ലാതാകുമ്പോള്‍ അതിന്റെ ഗുണവും ആദ്യം പ്രതിഫലിക്കുക നഗരങ്ങളില്‍ തന്നെയായിരിക്കും. സാമ്പത്തിക രംഗത്തെ പുതിയ മാറ്റങ്ങളോട് ഗ്രാമീണ വിപണിയും പോസിറ്റീവായാണ് പ്രതികരിക്കുന്നത്. ഈ ദീപാവലിയോടുകൂടി കുറച്ച് വേഗത കൂടും. ഇന്ത്യയില്‍ ഇപ്പോള്‍ കാര്‍ഷിക മേഖലയില്‍ വിളവെടുപ്പ് സമയം കൂടിയാണല്ലോ. ഗ്രാമീണ സമ്പദ് വ്യവസ്ഥ ദീപാവലി സമയത്ത് ഉണരുമെന്ന് ഉറപ്പാണ്. ഗുജറാത്തിലെയും ബീഹാറിലെയും ഉത്സവകാലത്തിന് ശേഷം ജനവരിയില്‍ തമിഴ്നാട്ടില്‍ 'പൊങ്കല്‍' കൂടിയാകുമ്പോള്‍ ഇന്ത്യന്‍ ഗ്രാമീണരുടെ കൈകളില്‍ സമ്പത്ത് നിറയുകയും വാഹന വിപണി കൂടുതല്‍ സജീവമാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രീമിയം ബൈക്കുകള്‍ക്കായി ആളുകള്‍ കൂടുതല്‍ ചെലവഴിക്കുന്ന പുതിയ ട്രന്റിനെ കുറിച്ച്...?

ആളുകള്‍ അപ്ഗ്രേഡ് ചെയ്യുന്നത് പ്രീമിയം വാഹനശ്രേണിയില്‍ മാത്രമല്ല. കൂടുതല്‍ പ്രീമിയമായ കൂടുതല്‍ സിസിയുള്ള ബൈക്കുകളിലേക്ക് മാറുന്നത് പോലെ തന്നെ മോട്ടോര്‍ ബൈക്കുകള്‍ വാങ്ങാന്‍ സാധ്യതയില്ലാത്തവരെന്ന് കരുതിയവര്‍ ഇന്ന് മാര്‍ക്കറ്റിലേക്ക് കടന്നുവന്നിട്ടുണ്ട്. ഉദാഹരണത്തിന് സ്‌പെന്‍ഡര്‍, ഈ ബൈക്കിനായി നല്ല കാമ്പയിനാണ് ഞങ്ങള്‍ സംഘടിപ്പിച്ചത്. സ്‌പെന്‍ഡറും വളര്‍ച്ചയുടെ രണ്ടക്കം ക്രോസ് ചെയ്തു. എന്‍ട്രി മോഡലായ എച്ച്എഫ് ഡീലക്സ് വിപണിയില്‍ സജീവമാണ്. മാത്രമല്ല ഉയര്‍ന്ന ക്ലാസിലുള്ള 125 സിസി എക്സ്ട്രീം, 160 സിസി, 250 സിസി എക്സ്ട്രീം എന്നിവയും. ഇപ്പോള്‍ എക്സ്പള്‍സ് ഏറ്റവും പ്രിയപ്പെട്ട ഒരു മോഡലാണ്. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും ഏറ്റവും കൂടുതല്‍ എക്‌സ്പള്‍സ് കേരളത്തിലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനം അല്ലാഞ്ഞിട്ട് പോലും ഏറ്റവും കൂടുതല്‍ എക്സ്പള്‍സ് കേരളത്തിലാണ്. ഇതൊരു സാഹസിക ബൈക്കാണ്. കേരളത്തിലെ സാഹസിക പ്രേമിയായ ആളുകള്‍ക്ക് ഇഷ്ടമാകുന്ന, എല്ലാതരം റോഡുകള്‍ക്കും അനുയോജ്യമായ ഒന്നാണ് എക്സ് പള്‍സ്.

നിങ്ങള്‍ Vido VX2 ലോഞ്ച് ചെയ്തു. ഇപ്പോള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയും വളര്‍ന്നുകൊണ്ടേയിരിക്കുന്നു. എങ്ങനെ കാണുന്നു ഈ മാറ്റത്തെ...?

ഐസിഇ. മോട്ടോര്‍ സൈക്കിളുകളുടെ കാര്യത്തില്‍ ഹീറോ നമ്പര്‍ വണ്ണാണ്. ഈ വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ഇവി മേഖലയില്‍ പരമാവധി മാര്‍ക്കറ്റ് ഷെയര്‍ ലഭിച്ചത് ഞങ്ങള്‍ക്കാണ്. Vida VX2 ലോഞ്ച് ചെയ്തതിന് ശേഷം ബാറ്ററി റീ സര്‍വ്വീസ് മോഡല്‍ കൂടുതല്‍ ജനകീയമാകുകയും അങ്ങനെ ഇ.വി. ഇഷ്ടപ്പെടുന്നവരിലേക്ക് കൂടുതല്‍ എത്തിച്ചേരാന്‍ സാധിക്കുകയും ചെയ്തു. ഇന്ത്യയിലെ 56 പ്രമുഖ നഗരങ്ങളില്‍ ഞങ്ങളാണ് നമ്പര്‍ 1. ഇപ്പോഴത്തെ പ്രധാന പ്രതിസന്ധി ആളുകളുടെ ഡിമാന്റിനനുസരിച്ച് സപ്ലൈ ചെയ്യാന്‍ സാധിക്കുന്നില്ല എന്നതാണ്. അത് പരിഹാരിക്കാനുള്ള നടപടികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഈ വര്‍ഷാവസാനത്തോടെ ഞങ്ങളായിരിക്കും ഇക്കാര്യത്തിലും മുന്‍പന്തിയില്‍ എന്ന ആത്മവിശ്വാസവുമുണ്ട്. പുതിയ Vida VX2 വിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. റിമൂവബിള്‍ ബാറ്ററിയോടെ വിപണിയിലെത്തിയ ഏക ബൈക്കാണിത്. നമുക്ക് ബാറ്ററി ഊരികൊണ്ടുപോയി റൂമിലൊക്കെ വെച്ച് ഈസിയായി ചാര്‍ജ് ചെയ്യാന്‍ കഴിയും.

ഹീറോയുടെ Power Spot 125 സിസി സെഗ്മെന്റാണ്. ഇതേ മോഡലിലുള്ള കൂടുതല്‍ പ്രൊഡക്ടുകള്‍ പ്രതീക്ഷിക്കാമോ?

തീര്‍ച്ചയായും. ഈ മാസം തന്നെ 125 സിസിയുടെ ഒരു പുതിയ മോഡല്‍ ഇറങ്ങുന്നു. ഗ്ലാമര്‍ X ലോഞ്ച് ചെയ്യുകയാണ്. ഇന്ത്യയുടെ ഏറ്റവും ഫ്യൂച്ചറിസ്റ്റിക് ബൈക്കായിരിക്കും ഗ്ലാമര്‍ X. X treme-ന്റെ ടെക്നോളജിയാണ് ഗ്ലാമര്‍ X ലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ സാഹചര്യത്തിനനുസരിച്ച് കിക്ക് സ്റ്റാര്‍ട്ട് സൗകര്യം കൂടിയുണ്ടായിരിക്കും. ഒരുപാട് 'ഫസ്റ്റ്' ഫീച്ചറുകളും 'ബെസ്റ്റ് ഫീച്ചറുകളും' ഉള്‍പ്പെടുത്തിയിരിക്കുന്ന ഗ്ലാമര്‍ X ഈ ദീപാവലിക്ക് ലോഞ്ച് ചെയ്യും.

ഹീറോയുടെ വാഹനങ്ങള്‍ക്ക് കേരളത്തിലെ വിപണിയില്‍ ലഭിക്കുന്ന സ്വീകാര്യത?

ഹീറോയുടെ സുപ്രധാന പ്രീമിയം മാര്‍ക്കറ്റുകളില്‍ ഒന്നാണ് കേരളം. എക്‌സ്പള്‍സിന് ഉയര്‍ന്ന വില്‍പ്പനയുള്ള വിപണിയുമാണത്. ഇന്ത്യയിലെ തന്നെ ഹീറോയുടെ ആദ്യത്തെ പ്രീമിയ ഡീലര്‍ഷിപ്പ് ആരംഭിച്ചത് കോഴിക്കോടാണ്. ഇപ്പോള്‍ ഫ്‌ളാഗ്ഷിപ്പ് ഡീലര്‍ഷിപ്പായി അത് തുടരുന്നുമുണ്ട്. ഇന്ത്യയിലുടനീളം അപ്പോള്‍ 100 പ്രീമിയ ഡീലര്‍ഷിപ്പ് ഉള്ളതില്‍ 11 എണ്ണം കേരളത്തിലാണ്. കേരളത്തിലെ ഉപയോക്താക്കള്‍ പ്രീമിയം വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നതിനാല്‍ തന്നെ ഈ മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിനുള്ള നീക്കങ്ങളാണ് ഞങ്ങള്‍ നടത്തുന്നത്.

നാല് വിഭാഗങ്ങളായി തിരിച്ചാണ് ഹീറോയുടെ പ്രീമിയ ഷോറൂമുകള്‍ ഒരുങ്ങിയിട്ടുള്ളത്. ഹാര്‍ളി ഡേവിഡ്‌സണ്‍ ബൈക്കുകള്‍, എക്‌സ്പള്‍സ് പോലുള്ള ബാക്കുകള്‍, എക്‌സ്ട്രീം ഉള്‍പ്പെടെയുള്ള മോഡലുകള്‍, വിഡ പോലെയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എന്നിവയെല്ലാം പ്രീമിയ ഷോറൂമുകളിലൂടെയാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. കേരളത്തിലെ പ്രീമിയ ഷോറൂമുകളുടെ നേതൃത്വത്തില്‍ നിരവധി ആക്ടിവിറ്റികളും ഹീറോ മോട്ടോകോര്‍പ് നടപ്പാക്കുന്നുണ്ട്.

എക്‌സ്പള്‍സ് 400 മോഡല്‍ പരിഗണിക്കുന്നുണ്ടോ, എപ്പോള്‍ പ്രതീക്ഷിക്കാം?

400 സിസി എക്‌സ്പള്‍സിന്റെ നിര്‍മാണം നടക്കുന്നുണ്ട്. ഞങ്ങളുടെ റാലി റെയ്‌സുകളില്‍ ഉയര്‍ന്ന സിസി എന്‍ജിനുകളുള്ള എക്‌സ്പള്‍സുകളാണ് ഇപ്പോള്‍ ഇറങ്ങുന്നത്. വളരെ ദുഷ്‌കരമായ ടെറൈനുകളില്‍ പരീക്ഷണയോട്ടം നടത്തിയാണ് എക്‌സ്പള്‍സ് എന്ന വാഹനം പുറത്തിറങ്ങുന്നത്. അതുകൊണ്ടുതന്നെയാണ് ഈ വാഹനം വിപണിയില്‍ വലിയ വിജയം നേടിയിരിക്കുന്നത്. എക്‌സ്പള്‍സ് എന്ന ബൈക്ക് ശരിക്കും ഞങ്ങളുടെ റൈഡര്‍മാര്‍ ഡിസൈന്‍ ചെയ്ത വാഹനമാണെന്ന് പറയേണ്ടി വരും. വിപണിയില്‍ എത്തുമ്പോള്‍ ഈ ബൈക്ക് ഒരു വിജയമായിരിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

Content Highlights: Hero MotoCorp discusses the positive impact of GST changes on the two-wheeler market, highlights Kerala`s strong demand for premium models like Xpulse, and reveals future product plans.