വിമാനത്തേക്കാൾ വേഗത്തിൽ ഭൂമിയിൽ യാത്ര യാഥാര്‍ത്ഥ്യമാകുമോ? | കേൾക്കാം

റോഡും, റെയിലും, ആകാശവും കടന്ന് അതിവേഗത്തില്‍ ഒരു കുഴല്‍ യാത്ര. ഹൈപ്പര്‍ലൂപ്പിനേക്കുറിച്ച് ഏറ്റവും ലളിതമായി ഇങ്ങനെ പറയാം. നമ്മുടെ രാജ്യം ആദ്യഹൈപ്പര്‍ലൂപ്പ് പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ്. ആകാശവും കടന്ന് അതിരുകളില്ലാതെ സ്വപ്നം കാണുന്നവരുടെ ഹീറോയായ, ഇലോണ്‍ മസ്‌ക് പതിറ്റാണ്ടു മുമ്പ് അവതരിപ്പിച്ച ആശയമാണ് ഹൈപ്പര്‍ ലൂപ്പ്. ലോകം മുഴുവന്‍ ഹൈപ്പര്‍ലൂപ്പ് പരീക്ഷണങ്ങളുമായി മുന്നോട്ടുപോയപ്പോള്‍ ഇന്ത്യ ഒട്ടും പിന്നോട്ടായിരുന്നില്ല.  ആന്ധ്രാപ്രദേശില്‍ വിജയവാഡ-അമരാവതി റൂട്ടില്‍ ആദ്യ ഹൈപ്പര്‍ലൂപ്പ് പരീക്ഷണത്തിന് 2017 ല്‍ കരാറൊപ്പിട്ട് നമ്മള്‍ രംഗത്തിറങ്ങിയതാണ്. ഇന്നിപ്പോള്‍, ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്ക് നിര്‍മ്മാണം പൂര്‍ത്തിയായതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരിക്കുന്നു. ഐ.ഐ.ടി. മദ്രാസിന്റെ തയ്യൂരിലെ ഡിസ്‌കവറി ക്യാമ്പസിലാണ് 410 മീറ്റര്‍ ട്രാക്ക് തയ്യാറായത്. 

വായുമര്‍ദ്ദം കുറഞ്ഞ കുഴലിലൂടെ മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാവുന്ന  സാങ്കേതിക വിദ്യയാണ് ഹൈപ്പര്‍ ലൂപ്പ്. മാഗ്‌നെറ്റിക് ലെവിറ്റേഷന്‍ അഥവാ മാ?ഗ് ലെവ് എന്ന സാങ്കേതിക വിദ്യയനുസരിച്ചാണ് ഹൈപ്പര്‍ലൂപ്പ് പ്രവര്‍ത്തിക്കുക. അതായത് മാ?ഗ്‌നെറ്റിക് ലെവിറ്റേഷനിലൂടെ ചക്രങ്ങള്‍പോലുമില്ലാതെ ട്രാക്കില്‍ നിന്ന് ഉയര്‍ന്ന് സഞ്ചരിക്കുന്ന ചൈനയിലേയും ജര്‍മനിയിലേയുമൊക്കെ മാഗ് ലെവ് ട്രെയ്‌നുകളുടെ അതേ സാങ്കേതിക വിദ്യ.  വായു വലിച്ചെടുത്ത ശേഷം മര്‍ദം കുറഞ്ഞ ഈ കുഴലില്‍ സ്റ്റീല്‍ ട്യൂബുകള്‍ സ്ഥാപിക്കും. ശേഷം കുറഞ്ഞ മര്‍ദത്തിലുള്ള വായു നിറഞ്ഞ ട്യൂബിലൂടെ കാന്തിക ബലത്തിന്റെ സഹായത്തില്‍ സഞ്ചാരികളുള്ള പേടകം മുന്നോട്ട് തള്ളുന്നു. ഭൂമിയിലൂടെ വിമാനത്തേക്കാള്‍ ഇരട്ടി വേഗത്തിലുള്ള യാത്ര, അതാണ് ഹൈപ്പര്‍ ലൂപ്പ് എന്നാണ് സാങ്കേതിക ഭാഷ്യം.

ഇന്ത്യന്‍ റെയില്‍വേയും ഐ.ഐ.ടി. മദ്രാസിന്റെ ആവിഷ്‌കാര്‍ ഹൈപ്പര്‍ലൂപ്പും ഐ.ഐ.ടി. സ്റ്റാര്‍ട്ടപ്പ് TuTr ഹൈപ്പര്‍ലൂപ്പും സംയുക്തമായാണ് ട്രാക്ക് നിര്‍മ്മിച്ചത്. ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയാണ് പരീക്ഷിക്കുക. ഭാവിയില്‍ മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗതവരെ പരീക്ഷിക്കാം. 

2013-ലാണ്ണ് ഇലോണ്‍ മസ്‌ക്  ഇങ്ങനെ ഒരാശയം ആദ്യമായി മുന്നോട്ടുവെച്ചത്. കുഴലിലൂടെ ഒരു പോഡില്‍ സഞ്ചരിക്കുന്ന ഗതാഗത സംവിധാനത്തിന്റെ ആശയം പിന്നീട് ഓപ്പണ്‍ സോഴ്സ് ആക്കി മാറ്റുകയും മറ്റ് കമ്പനികള്‍ക്ക് അത് സ്വന്തം നിലയില്‍ വികസിപ്പിക്കാന്‍ അവസരം നല്‍കുകയും ചെയ്യുകയായിരുന്നു. ഹൈപ്പര്‍ ലൂപ്പിന് വേണ്ടിയുള്ള ടണലുകള്‍ ഉള്‍പ്പടെയുള്ള അനുബന്ധ സംവിധാനങ്ങളൊരുക്കുന്ന ദി ബോറിങ് കമ്പനിയ്ക്കും മസ്‌ക് നേതൃത്വം നല്‍കുന്നുണ്ട്. 

2020 നവംബറില്‍ 'വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ്' യാത്രാപരീക്ഷണം നടത്തിയിരുന്നു. വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ ജോഷ് ഗീഗല്‍, വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിലെ പാസഞ്ചര്‍ എക്‌സ്പീരിയന്‍സ് ഡയറക്ടര്‍ സാറാ ലൂച്ചിയന്‍ എന്നിവരാണ് ലോകത്തില്‍ ആദ്യമായി ഗതാഗതമാര്‍ഗത്തില്‍ സഞ്ചരിച്ചത്. ലാസ് വെഗാസിലെ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിന്റെ 500 മീറ്റര്‍ ഡേവ്ലൂപ്പ് ടെസ്റ്റ് സൈറ്റിലായിരുന്നു പരീക്ഷണം. ദിവസങ്ങള്‍ക്ക് ശേഷം വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിന്റെ പവര്‍ ഇലക്ട്രോണിക് സ്‌പെഷ്യലിസ്റ്റും പൂനൈ സ്വദേശിയുമായ തനയ് മഞ്ജരേക്കര്‍ ഹൈപ്പര്‍ലൂപ്പ് യാത്ര നടത്തുന്ന ആദ്യ ഇന്ത്യക്കാരനായി. ലാസ് വെഗാസിലെ നവാദ മരുഭൂമിയിലായിരുന്നു പരീക്ഷണ യാത്ര 

2017ല്‍ ആണ് ഐഐടി മദ്രാസ് ഹൈപ്പര്‍ലൂപ്പ് പരീക്ഷണങ്ങള്‍ക്കായി 'ആവിഷ്‌കാര്‍ ഹൈപ്പര്‍ലൂപ്പ്' എന്ന പേരില്‍ 70 വിദ്യാര്‍ത്ഥികളടങ്ങിയ സംഘം രൂപീകരിക്കുന്നത്. ഹൈപ്പര്‍ലൂപ്പ് വാണിജ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 2022ല്‍ TuTr എന്ന സ്റ്റാര്‍ട്ടപ്പും മദ്രാസ് ഐഐടി ആരംഭിച്ചു. ആ വര്‍ഷം മാര്‍ച്ചില്‍ ഐ.ഐ.ടി മദ്രാസ് ഹൈപ്പര്‍ലൂപ്പ് പ്രൊജക്ടുമായി ഇന്ത്യന്‍ റെയില്‍വേയെ സമര്‍പ്പിച്ചു. 8.34 കോടി രൂപ പദ്ധതിച്ചെലവ്. കേന്ദ്ര സര്‍ക്കാരിനൊപ്പം ആര്‍സലര്‍ മിത്തല്‍ പദ്ധതിയില്‍ പങ്കാളിയാവുകയും പദ്ധതിക്കാവശ്യമായ വസ്തുക്കള്‍ നല്‍കുകയും ചെയ്തു. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ബെംഗലുരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള 350 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ വെറും 30 മിനിട്ട് മതിയാകും.

ഇന്ത്യയെക്കൂടാതെ ഫ്രാന്‍സും, യൂറോപ്പും, സൗദി അറേബ്യയും, യുഎഇയും ഹൈപ്പര്‍ലൂപ്പ് പരീക്ഷണങ്ങളില്‍ സജീവമായി രംഗത്തുണ്ട്. 2017ലാണ് വിജയവാഡ-അമരാവതി ഹെപ്പര്‍ലൂപ്പ് പദ്ധതിക്കായി അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ എച്ച്ടിടിയും ആന്ധ്രാപ്രദേശ് ഇക്കണോമിക്സ് ഡെവലെപ്പ്മെന്റ് ബോര്‍ഡും കരാറില്‍ ഒപ്പ് വെച്ചത്. 2019ല്‍ മുംബൈ-പുനെ ഹൈപ്പര്‍ലൂപ്പ് പദ്ധതിയ്ക്ക് മഹാരാഷ്ട്ര സര്‍ക്കാരും അനുമതി നല്‍കി. കൂടുതല്‍ തൊഴിലവസരങ്ങളും വിവിധ സാമൂഹിക സാമ്പത്തിക നേട്ടങ്ങളും ലക്ഷ്യമിട്ടാണ് പദ്ധതിയ്ക്കായി വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍-ഡിപി വേള്‍ഡ് കണ്‍സോര്‍ഷ്യത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 

സമയം ആര്‍ക്കും തികയാത്ത കാലമാണിത്. കാലം പോകുന്തോറും ഓരോ സെക്കന്റും വിലപ്പെട്ടതാകും. ഹൈപ്പര്‍ലൂപ്പ് ഭാവിയിലെ അത്ഭുതമാകുന്നതും അതുകൊണ്ടാണ്. മണിക്കൂറുകള്‍കൊണ്ട് ലോകത്തിന്റെ ഏതറ്റത്തേക്കും യാത്രസാധ്യമാകുന്ന കാലം വിദൂരമല്ലെന്ന് പ്രത്യാശിക്കാം.

In Short | Hyperloop, introduced by Elon Musk, enables travel at 1,000 km/h through low-pressure tubes using MagLev technology. India’s first 410-meter testing track was completed at IIT Madras with Indian Railways and TuTr Hyperloop. This system could reduce travel time between Bengaluru and Chennai to 30 minutes. Hyperloop’s frictionless design offers unmatched speed and efficiency. India joins global leaders in advancing this revolutionary transportation technology.

Content Highlights: first hyperloop test track at IIT Madras