സാരിയിൽ വൈവിധ്യങ്ങൾ പ്രിന്റ് ചെയ്യാമെങ്കിൽ മുണ്ടിലും ആകാം; മടുക്കില്ല ഈ മുണ്ട് മാനിയ

ഉന്‍മേഷ് ദസ്തകിര്‍ ഡിസൈന്‍ മുണ്ടുമായി.
ഉന്‍മേഷ് ദസ്തകിര്‍ ഡിസൈന്‍ മുണ്ടുമായി.

കൊച്ചി: പുത്തൻ ട്രെൻഡ് പരീക്ഷിക്കാത്തവർക്ക് തന്തവൈബെന്നും തള്ള വൈബെന്നും പേരു ചാർത്തുന്നതാണല്ലോ ഇപ്പോഴത്തെ 'ട്രെൻഡ്'. എന്നാൽ കാലത്തിനനുസരിച്ച് കോലം മാറുക എന്നതാണ് ഫാഷൻ എന്ന് കാട്ടിത്തരികയാണ് ഉൻമേഷ് ദസ്തകിർ എന്ന സംരംഭകൻ. ഫാഷൻ രംഗത്തെ രണ്ടര പതിറ്റാണ്ടോളമുള്ള അനുഭവങ്ങളാണ് അദ്ദേഹത്തിന് മാറി ചിന്തിക്കാൻ ഇട നൽകിയത്.

മലയാളികൾ തങ്ങളുടെ സ്വന്തം എന്ന് അവകാശപ്പെടുന്ന മുണ്ടിലാണ് കാസർകോട് കാഞ്ഞങ്ങാട് സ്വദേശി ഉൻമേഷിന്റെ നിരീക്ഷണങ്ങളും പരീക്ഷണങ്ങളും. നിഫ്റ്റിൽ പഠിച്ചിറങ്ങി ഇരുപത് വർഷത്തോളം പ്രമുഖ ബ്രാൻഡിൽ ജോലി ചെയ്ത ശേഷമാണ് മൈ കൈൻഡ് എന്ന സ്വന്തം ബ്രാൻഡുമായി എത്തുന്നത്.

സാരിയിൽ നിങ്ങൾക്ക് വൈവിധ്യങ്ങൾ പ്രിന്റ് ചെയ്യാമെങ്കിൽ മുണ്ടിലും ആകാമെന്നാണ് ഉൻമേഷിന്റെ പക്ഷം. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ പ്രിന്റുകൾ മുണ്ടിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ജാംദാനി, കസൂത്തി, ബ്ലോക്ക് പ്രിന്റ് എന്നിവ ചിലതു മാത്രം.

മുണ്ടെന്നാൽ മലയാളി മാത്രമല്ലെന്ന് ഉൻമേഷ് പറയും. തമിഴ്നാട്ടുകാർ പോയിടത്തെല്ലാം മുണ്ടിന് ആരാധകരുണ്ട്. ശ്രീലങ്കയിൽനിന്ന് അത് വിയറ്റ്നാമിലും മലേഷ്യയിലും കടന്നുകയറി. ഒന്നരവർഷം കൊണ്ട് മൈ കൈൻഡിന് ആരാധകരേറെയായി. കൈത്തറിയെ പ്രോത്സാഹിപ്പിക്കാനായി ആണ് ഈ പേര് നൽകിയത്. കണ്ണൂരിൽനിന്നും ബാലരാമപുരത്തു നിന്നുമെല്ലാം കൈത്തറി വാങ്ങി വിവിധ സംസ്ഥാനങ്ങളിലെത്തിച്ചാണ് പ്രിന്റുകൾ ചെയ്യുന്നത്.

Content Highlights: Explore vibrant printed mundus inspired by Indian textiles. Unmesh`s `My Kind` brand brings a fresh, modern twist to this traditional Kerala garment.