കല ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും- ടി.എം. കൃഷ്ണ

ടി.എം. കൃഷ്ണ| Photo: Mathrubhumi
ടി.എം. കൃഷ്ണ| Photo: Mathrubhumi

തിരുവനന്തപുരം: വർത്തമാനകാലത്തെ, കലയിൽ സന്നിവേശിപ്പിക്കുന്നവനാവണം കലാകാരനെന്ന് പ്രശസ്ത സംഗീതജ്ഞൻ ടി.എം. കൃഷ്ണ. കല എപ്പോഴും ആധുനികമാണ്. അതിനാൽത്തന്നെ വർത്തമാനകാലത്തിൽനിന്ന് അതിനു മോചനമില്ല. നിലനിൽക്കുന്നിടത്തെ വായുവാകണം അത് ശ്വസിക്കേണ്ടത്. വർത്തമാനകാലത്തിൽനിന്ന് അതിനു രക്ഷപ്പെടാനാകില്ല. കാലത്തിന്റെ കണ്ണാടിയാകണം കല. ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങൾ അത് ചോദിച്ചുകൊണ്ടേയിരിക്കുമെന്നും അത് കലാകാരന്റെ ധർമമാണെന്നും അഞ്ചാമത് പി.ഗോവിന്ദപ്പിള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി അദ്ദേഹം പറഞ്ഞു.

കല അനുവാചകരെ ആസ്വദിപ്പിക്കുന്നതായിരിക്കും. എന്നാൽ, സ്വന്തം കാലത്തെയും പരിതഃസ്ഥിതിയെയും കൂട്ടിയിണക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നതല്ലെങ്കിൽ കല നിരർഥകമാണ്. മനുഷ്യത്വം, സാമൂഹികനീതി, തുല്യത തുടങ്ങി സ്വന്തം വിശ്വാസങ്ങൾക്കായി നിലകൊണ്ടിരുന്നയാളാണ് പി.ഗോവിന്ദപ്പിള്ളയെന്നും അദ്ദേഹത്തിന്റെ നിരന്തര വായനയും അറിവാർജിക്കാനായുള്ള ദാഹവുമാണ് തന്നെ ആകർഷിച്ചിട്ടുള്ളതെന്നും ടി.എം. കൃഷ്ണ പറഞ്ഞു.

സർഗാത്മകതകൊണ്ട് സംഗീതക്കച്ചേരിയുടെ പാരമ്പര്യരീതികളെ ഭേദിച്ചയാളാണ് ടി.എം. കൃഷ്ണയെന്ന് പുരസ്‌കാരം സമ്മാനിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. സർഗാത്മകമായ സാഹസികതയും ധീരതയുമാണ് അതെന്നും അദ്ദേഹം പറഞ്ഞു.

പി.ജി. സംസ്‌കൃതികേന്ദ്രം സംഘടിപ്പിച്ച ചടങ്ങിൽ മുൻ സ്‌പീക്കർ എം. വിജയകുമാർ അധ്യക്ഷനായി. നർത്തകി ഡോ. രാജശ്രീ വാരിയർ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി വി. ശിവൻകുട്ടി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ട്രസ്റ്റ് ഭാരവാഹികളായ എം.ജി. രാധാകൃഷ്ണൻ, ആർ. പാർവതിദേവി, കെ.സി. വിക്രമൻ എന്നിവർ സംസാരിച്ചു.

ടി.എം. കൃഷ്ണയുടെ സംഗീതക്കച്ചേരിയും അരങ്ങേറി.

Content Highlights: Renowned musician TM Krishna emphasizes art`s connection to the present. Awarded the P. Govindapillai national award, he discusses the artist`s role in questioning and reflecting society.