ആസ്വാദകരുടെ മനസിലേക്ക് മഴയായി പെയ്തിറങ്ങി സുജാത മഹാപത്രയുടെ ഒഡീസി

സുജാത മഹാപത്ര.|Photo credit: MBI
സുജാത മഹാപത്ര.|Photo credit: MBI

മലയാളികള്‍ ഗൃഹാതുരതയോടെ ഓര്‍ക്കുന്ന മണ്‍സൂണ്‍ മഴയുടെ സൗന്ദര്യത്തെ ഒഡീസിയിലുടെ ആസ്വാദകരുടെ മനസ്സിലേക്ക് പകര്‍ന്ന് സുജാത മഹാപത്ര. സുജാതയുടെ ഓരോ ചുവടും മഴയുടെ കിലുക്കമായി ആസ്വാദകര്‍ക്ക് അനുഭവപ്പെട്ടു. നേര്‍ത്ത ശബ്ദത്തില്‍ പെയ്യുന്ന മഴയുടെ സൗന്ദര്യം മുഴുവനും നൃത്തത്തില്‍ സന്നിവേശിപ്പിക്കാന്‍ സുജാതയ്ക്ക് കഴിഞ്ഞു.

ഒഡീസി ആചാര്യന്‍ കേളു ചരണ്‍മഹാപത്ര ചിട്ടപ്പെടുത്തിയ യശോധരയും ഉണ്ണിക്കണ്ണനും തമ്മിലുള്ള ആത്മഭാഷണവും അദ്ദേഹത്തിന്റെ മരുമകള്‍ കൂടിയായ സുജാത മഹാപത്ര ഒഡീസിയിലൂടെ അവതരിപ്പിച്ചു. രണ്ടുദിവസം മുന്‍പാണ് ഒഡീസി നര്‍ത്തകി സുജാത മഹാപത്രയുടെ അമ്മ മരണപ്പെട്ടത്. ദുഃഖം ഉള്ളില്‍ ഒതുക്കിയാണ് അങ്കമാലിയില്‍ നടന്ന ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവ വേദിയില്‍ സുജാത ചുവടുവെച്ചത്.

അവരുടെ ഓരോ ചുവടും അര്‍പ്പണത്തിന്റെയും സ്വയംസമര്‍പ്പണത്തിന്റെയും പ്രതീകമായിരുന്നു. നൃത്തത്തില്‍ അലിഞ്ഞുചേര്‍ന്നുള്ള അവരുടെ അവതരണത്തെ അങ്കമാലി ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്.

'അമ്മയായിരുന്നു ആദ്യ ഗുരുവെന്ന് ഒഡീസി അവതരണത്തിനുശേഷം സുജാത മഹാപത്ര പറഞ്ഞു. അക്കാദമി ചെയര്‍പേഴ്സണ്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സെക്രട്ടറി കരിവെള്ളൂര്‍ മുരളിയും ഉപഹാരം നല്‍കി സുജാത മഹാപത്രയെ ആദരിച്ചു.

Content Highlights: Sujata Mohapatra`s mesmerizing Odissi performance at Thri Bhanga Dance Fest in Angamaly, Kerala