കലാമണ്ഡലം കൂടിയാട്ടവിഭാഗത്തിന് വജ്രജൂബിലി; 5 ദിവസത്തെ അന്താരാഷ്ട്ര കൂടിയാട്ടം ഉത്സവം ഇന്ന് തുടങ്ങും

കൂടിയാട്ടം.| Photo credit: Mathrubhumi
കൂടിയാട്ടം.| Photo credit: Mathrubhumi

ചെറുതുരുത്തി : കലാമണ്ഡലത്തിലെ കൂടിയാട്ടവിഭാഗത്തിന്റെ 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി അന്താരാഷ്ട്ര കൂടിയാട്ടം ഉത്സവം കലാമണ്ഡലത്തില്‍ ചൊവ്വാഴ്ച ആരംഭിക്കും. അഞ്ചുദിവസത്തെ അന്താരാഷ്ട്ര കൂടിയാട്ടം ഉത്സവം ഓഗസ്റ്റ് രണ്ടുവരെയാണ് ആഘോഷിക്കുന്നത്. 

'കൂത്തിന്റെയും കൂടിയാട്ടത്തിന്റെയും ഇന്നലെകള്‍, ഇന്ന്, നാളെ' എന്ന വിഷയത്തില്‍ സെമിനാറുകള്‍, പാനല്‍ച്ചര്‍ച്ചകള്‍, രംഗാവതരണങ്ങള്‍ എന്നിവയുടെ ഒരു പരമ്പര ഈ ഉത്സവത്തിന്റെ ഭാഗമായി നടക്കും. ചൊവ്വാഴ്ച 9.30-ന് ഡോ. പദ്മാ സുബ്രഹ്‌മണ്യം അന്താരാഷ്ട്ര കൂടിയാട്ടം ഉത്സവം ഉദ്ഘാടനം ചെയ്യും. കൂടിയാട്ടത്തിന്റെ വിവിധ മേഖലകളെക്കുറിച്ചുള്ള സെമിനാറുകളില്‍ വിദേശികളടക്കം പ്രഭാഷണങ്ങളും പ്രബന്ധാവതരണങ്ങളും നടത്തും. കൂടാതെ കൂടിയാട്ടത്തിന്റെ ചരിത്രത്തെ പ്രതിനിധാനം ചെയ്യുന്ന പ്രദര്‍ശനവും ചലച്ചിത്രപ്രദര്‍ശനവും നടക്കും.

ഉദ്ഘാടനസമ്മേളനത്തിനുശേഷം നാട്യശാസ്ത്ര സെമിനാര്‍, ഉച്ചയ്ക്ക് മിഴാവില്‍ പഞ്ചാരിമേളം, സംവാദം, വൈകീട്ട് മായാസീതാങ്കം കൂടിയാട്ട അവതരണം.

Content Highlights: Celebrating 60 years of Koodiyattam at Kalamandalam with a 5-day international festival.