ക്യൂറിയസ് ഡിസൈന്‍ യാത്ര 2025: 'റെഡ് എലിഫന്റ്' നേടുന്ന കേരളത്തിലെ ആദ്യ പ്രതിഭയായി മുഹമ്മദ് ഫര്‍ഹാന്‍

രാജ്യത്തെ ഏറ്റവും മികച്ച അഡ്വര്‍സിങ് പുരസ്‌കാരങ്ങളിലൊന്നായ ക്യൂറിയസ് ഡിസൈന്‍ യാത്ര 2025-ല്‍ ചരിത്രമെഴുതി മൈത്രി അഡ്വര്‍ടൈസിംഗിലെ ആര്‍ട്ട് ഡയറക്ടര്‍ മുഹമ്മദ് ഫര്‍ഹാന്‍. ബിങ്കോ ഫെസ്റ്റിവ് പാക്കേജിങ് ഡിസൈനിലൂടെയാണ് ഈ ഇരുപത്തിരണ്ടുകാരന്‍ ആദ്യത്തെ റെഡ് എലിഫന്റ് പുരസ്‌കാരം കേരളത്തിലേക്ക് എത്തിച്ചത്.
കുറഞ്ഞ ചെലവില്‍ മോഡേണ്‍ ആന്‍ഡ് പ്രീമിയം ഗിഫ്റ്റ് പാക്ക് ഒരുക്കുക എന്നതായിരുന്നു ഐ.ടി.സി. യുടെ പ്രമുഖ സ്‌നാക്ക് ബ്രാന്‍ഡ് ആയ ബിങ്കോയുടെ ബ്രീഫ്. കലാപരമായ മികവ് എടുത്തുകാട്ടുന്ന രണ്ട് വ്യത്യസ്ത ഡിസൈനുകളാണ് ഫര്‍ഹാന്‍ ഒരുക്കിയത്.
പരമ്പരാഗത ഗോത്രവര്‍ഗ ചിത്രകലാരൂപമായ വാര്‍ലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗിഫ്റ്റ് പാക്ക് എ ഒരുക്കിയത്. ലളിതമായ ജ്യാമിതീയ രൂപങ്ങളും പാറ്റേണുകളും ഉപയോഗിച്ച് ബിങ്കോയുടെ പ്രധാന സ്‌നാക്ക് ഉത്പന്നങ്ങളായ ചിപ്സ്, നാച്ചോസ്, ടെഡെ മെഡെ എന്നിവയെ ഫെസ്റ്റിവ് ഡിസൈനുകളിലേക്ക് മനോഹരമായി കോര്‍ത്തിണക്കി. സ്‌നാക്കുകളുടെ അളവ് ഏതായാലും അതിനു അനുയോജ്യമാകുന്ന ലൂപ്പിങ് സംവിധാനമുള്ള ഒറ്റ സ്ട്രിപ്പായാണ് ഇത് രൂപകല്‍പ്പന ചെയ്തത്.
മണ്ഡല ആര്‍ട്ടില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഗിഫ്റ്റ് പാക്ക് ബി രൂപകല്പന ചെയ്തത്. ബദാം, അണ്ടിപ്പരിപ്പ്, മിക്‌സ്ചറുകള്‍ തുടങ്ങിയ ഈ ഡിസൈനില്‍ സമന്വയിക്കുന്നു. ഇന്ത്യന്‍ ടിഫിന്‍ ബോക്സുകളുടെ ഘടനയില്‍ രൂപപ്പെടുത്തിയ ഈ പേപ്പര്‍ പാക്കേജിങ്, ഓരോ ഭാഗവും എളുപ്പത്തില്‍ കൂട്ടിച്ചേര്‍ക്കാനും വേര്‍പെടുത്താനും സാധിക്കുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പാക്കിന് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്ന ലോക്കിങ് സംവിധാനവും ഇതിലുണ്ട്.
'യുവപ്രതിഭകളെ പിന്തുണയ്ക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. 18-ാം വയസ്സിലാണ് ഫര്‍ഹാന്‍ ഞങ്ങളോടൊപ്പം ചേരുന്നത്. അന്നുമുതല്‍ അവന്റെ വളര്‍ച്ച ഞങ്ങള്‍ നോക്കിക്കാണുന്നതാണ്. ഫര്‍ഹാനെ ഓര്‍ത്തു ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു.' - മൈത്രിയുടെ മാനേജിങ് ഡയറക്ടര്‍ രാജു മേനോന്‍ പറഞ്ഞു.
'ഇങ്ങനെയൊരു നേട്ടം ഫര്‍ഹാനിലേക്കെത്തുമെന്ന് ഞങ്ങള്‍ക്കുറപ്പായിരുന്നു. ക്യൂറിയസില്‍ ഇതിനുമുമ്പ് നാല് ബ്ലൂ എലിഫന്റ് പുരസ്‌കാരങ്ങള്‍ നേടിയ ഫര്‍ഹാന്‍, ഈ വര്‍ഷം ഗോവ ഫെസ്റ്റില്‍ യങ് മാവെറിക്ക് ചുരുക്കപ്പട്ടികയിലും ഇടം നേടിയിരുന്നു. ഔദ്യോഗികമായി ഒരു ഡിസൈനിങ് വിദ്യാഭ്യാസത്തിന്റെ പിന്‍ബലമില്ലാതെയാണ് അവന്‍ ഈ അംഗീകാരങ്ങള്‍ നേടിയതെന്നതാണ് ഏറ്റവും ശ്രദ്ധേയം.' - മൈത്രിയുടെ ഗ്രൂപ്പ് ക്രിയേറ്റീവ് ഡയറക്ടറായ ഫ്രാന്‍സിസ് തോമസ് കൂട്ടിച്ചേര്‍ത്തു.
'ആയിരക്കണക്കിന് ആളുകള്‍ക്ക് മുന്നില്‍വെച്ച് ക്യൂറിയസ് 25-ലെ ആദ്യത്തെ റെഡ് എലിഫന്റ് പുരസ്‌കാരം നേടാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണ്. മൈത്രിയെ പ്രതിനിധീകരിച്ച് ഇങ്ങനെയൊരു വേദിയിലെത്താന്‍ കഴിഞ്ഞത് പുരസ്‌കാരത്തിന്റെ മധുരം ഇരട്ടിപ്പിക്കുന്നു. എന്നില്‍ വിശ്വാസമര്‍പ്പിച്ച ഫ്രാന്‍സിസ്, വിന്‍സെന്റ്, മിറിയം എന്നിവര്‍ക്കും എന്നെ പിന്തുണച്ച എല്ലാവര്‍ക്കും എന്റെ ഹൃദയത്തില്‍നിന്നുള്ള നന്ദി.' - പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മുഹമ്മദ് ഫര്‍ഹാന്‍ പറഞ്ഞു: യുവപ്രതിഭകളെ വളര്‍ത്തുന്നതില്‍ മൈത്രിക്കുള്ള പ്രതിബദ്ധതയുടെ ഏറ്റവും മികച്ച ഉദാഹരണം കൂടിയാണ് ഈ ചരിത്രവിജയം.
Content Highlights: 22-year-old art director, Muhammed Farhan, wins prestigious Curious Design Yatra Red Elephant Award