കലയും കലാപവും ജീവശ്വാസമാക്കിയ പ്രിയപ്പെട്ട നാടകഗുരു, അരങ്ങിൽ പോരാടിയ രതൻ ഥിയം

(ആധുനിക ഇന്ത്യൻ നാടകവേദിയുടെ പ്രഥമ സ്ഥാനീയനായ പ്രയോക്താവ് രതൻ ഥിയത്തെ നാടക, ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ. പ്രമോദ് പയ്യന്നൂർ അനുസ്മരിക്കുന്നു)
അരങ്ങിന്റെ സൗന്ദര്യശാസ്ത്രവും ശരീരഭാഷയുടെ ചടുലതയും വിന്യാസങ്ങളും തനിമയോടെ ചേർത്തുവെച്ച ആധുനിക ഇന്ത്യൻ തിയേറ്ററിന്റെ കരുത്തനായ വക്താവ്- രതൻ ഥിയം. കലയും കലാപവും ജീവശ്വാസമാക്കിയ പ്രിയപ്പെട്ട നാടകഗുരു വിടവാങ്ങി.
ചക്രവ്യൂഹ്, മൃത്യുസംഹാരം, അന്ധായുഗ്, ഒഥല്ലോ, ആൻഡ് സൈലൻസ് വൺ, ഊരുഭംഗം തുടങ്ങി 60ഓളം രംഗഭാഷകളിലൂടെ അരങ്ങിൽ പുത്തൻ ദൃശ്യബോധം അദ്ദേഹം ഉണ്ടാക്കിയെടുത്തു. യുദ്ധത്തിന്റെ നെറികേടുകൾക്കെതിരേയും ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ ദുരിതങ്ങൾക്കൊപ്പവുംനിന്ന് മാനവികതയിലൂന്നിയ കലാലോകം സൃഷ്ടിച്ചാണ് രതൻ ഥിയം ജീവിതത്തോട് ഭരതവാക്യം ചൊല്ലി വിടപറയുന്നത്.
ശാന്തിനികേതനിൽ ‘ടാഗോർ ഇൻ ഗ്ലോബൽ തിയേറ്റർ’ എന്ന വിഷയത്തിൽ ഗവേഷണവിദ്യാർഥിയായിരിക്കേയാണ് രതൻ ഥിയത്തിന്റെ നാടകപ്രപഞ്ചം അടുത്തറിയുന്നത്. സഹയാത്രികനായ പാർത്തോ ഗുപ്‌തോയുടെ തീസിസ് രതൻ ഥിയത്തിന്റെ നാടകലോകമായിരുന്നു. അങ്ങനെ പാർത്തോയ്‌ക്കൊപ്പം പലതവണ സർഗാത്മകതയുടെ ആ നക്ഷത്രത്തിനരികെയെത്താൻ കഴിഞ്ഞു. ആരാധനയോടെ കണ്ടുനിന്നു.
പീറ്റർ ബ്രൂക്ക്, റോബർട്ട് വിൽസൺ തുടങ്ങിയ ലോക സംവിധാന പ്രതിഭകൾക്കൊപ്പം ചേർത്തുവെക്കാവുന്ന നാടകകാരനായിരുന്നു അദ്ദേഹം.
ഡൽഹി നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽനിന്ന് സംവിധാനകല പഠിച്ചിറങ്ങിയശേഷം 1970-ൽ ഇംഫാലിൽ കോറസ് റപ്രട്ടറി തിയേറ്ററിലൂടെ സർഗയാത്ര തുടങ്ങി. സംവിധായകൻ, രചയിതാവ്, ഡിസൈനർ, പെയിന്റർ, കോറിയോഗ്രാഫർ എന്നിങ്ങനെ തിയേറ്ററിന്റെ സമസ്ത ഇടങ്ങളിലും കൈയൊപ്പ് ചാർത്തിയ സർഗനക്ഷത്രം.
മണിപ്പുരിലെ കലാപകലുഷിതമായ സാഹചര്യങ്ങളിൽ കലയുടെ കരുത്തിൽ സമാധാനസന്ദേശം പ്രകാശിപ്പിച്ച കലാകാരൻ. 1989-ൽ പദ്മശ്രീയും 1987-ൽ കേന്ദ്രസംഗീത നാടക അക്കാദമി പുരസ്‌കാരവും നേടിയ ‘രതൻ ദാ’ എന്നും കേരളത്തിന്റെ കലകളോടും സംസ്‌കാരത്തോടും ആദരവ് പുലർത്തിയിരുന്നു.
Content Highlights: Renowned theatre director Ratan Thiyam, a Padma Shri awardee, passed away